മറുനാട്ടിലെ പെരുനാള് ആഘോഷം താളാത്മകമാക്കുകയാണ് മലപ്പുറം എടരിക്കോടുനിന്നുള്ള ഒരു സംഘം യുവാക്കള്‍. ആഘോഷത്തിലേക്ക് കൊട്ടിക്കയറി പ്രവാസത്തിന്റെ വിരസത അകറ്റുന്നതോടൊപ്പം തനത് മാപ്പിള കലയുടെ സംരക്ഷകരാകുകയാണ് പി.കെഎം.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍.
പണ്ട് കല്യാണ വീടുകളെ സജീവമാക്കിയിരുന്ന വട്ടപ്പാട്ടോടെയായിരുന്നു ആഘോഷങ്ങളുടെ തുടക്കം. സംഗീതത്തിന്റെ താളത്തിനനുസരിച്ച് നിന്നും ഇരുന്നും ചാഞ്ഞും ചരിഞ്ഞും ദഫില്‍ താളമിട്ട് പെരുനാളിനെ വരവേറ്റു. തനത് മാപ്പിള കലയെ മറുനാട്ടുകാര്‍ക്കും പരിചയപ്പെടുത്താനുള്ള അവസരവും ഇവര്‍ പാഴാക്കാറില്ല.
തോല്ക്കാന് മനസില്ലാത്ത പോരാളിയുടെ ഭാവമായിരുന്നു കോല്‍ക്കളി ചുവടുകളില്‍. അടവുകള്‍ വെട്ടി തടുത്ത് മുന്നേറുന്ന കോല്കളിയിലാണ് ആഘോഷത്തിന്റെ ആരവങ്ങളുയര്‍ന്നത്.