സൗദി കിരീടാവകാശിയായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് യുഎഇ ഭരണാധികാരികളുടെ അഭിനന്ദനം. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിനെയാണ് ഇതുസംബന്ധമായി അഭിനന്ദനമറിയിച്ചത്. സൗദിയുടെ പുതിയ കിരീടാവകാശി ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ്.
മുഹമ്മദ് ബിൻ സൽമാൻ രാജകുമാന് ഷെയ്ഖ് ഖലീഫ എല്ലാ വിജയാശംസകളും നേർന്നു. സൗദി ഭരണാധികാരിക്ക് എല്ലാ വിധ പിന്തുണയും നൽകാനും രാജ്യത്തിൻറെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനും സാധിക്കട്ടെ എന്നാശംസിച്ചു.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബൂദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും മുഹമ്മദ് ബിൻ സൽമാൻ രാജകുമാനെ അഭിനന്ദിച്ചു.