റിയാദ് : ജെസിബി ഡ്രൈവറായ ഈജിപ്ത് സ്വദേശി ജമാൽ മുഹമ്മദ് ബയോമിയുടെ അവസരോചിതമായ ഇടപെടലിൽ തബൂക്കിൽ വൻ ദുരന്തം ഒഴിവായി . തബൂക്കിലെ ജനവാസ കേന്ദ്രത്തിലുള്ള പെട്രോൾ സ്റ്റേഷനിൽ വച്ച് അഗ്നിക്കിരയായ കാർ താൻ ഓടിച്ചുകൊണ്ടിരുന്ന ജെസിബി ഉപയോഗിച്ച് ദൂരേക്ക് തള്ളി മാറ്റിയാണ് പ്രദേശത്തെ വൻ ദുരന്തത്തിൽ നിന്നും രക്ഷിച്ചത്.
പെട്രോൾ സ്റ്റേഷനിലെ അഗ്നിശമന സിലിണ്ടറുകൾ ഉപയോഗിച്ച് തീയണക്കാനുള്ള ശ്രമം വിഫലമാകുകയായിരുന്നു. ഈ സമയത്താണ് ജമാൽ തന്റെ ജെസിബിയുമായി അതുവഴി എത്തിയത്. പെട്രോൾ സ്റ്റേഷനകത്ത് കാറിൽ തീ ആളിപ്പടരുന്നത് കണ്ട അദ്ദേഹം മറ്റൊന്നും ആലോചിക്കാതെ സ്വജീവൻ പണയപ്പെടുത്തി കാർ പെട്രോൾ സ്റ്റേഷന് പുറത്തേക്ക് ജെസിബി ഉപയോഗിച്ച് തള്ളി മാറ്റുകയായിരുന്നു.പിന്നീട് അൽപമകലെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് തീയണക്കുന്നതിന് കാർ മണ്ണിട്ട് മൂടുകയും ചെയ്തു .
ഈജിപ്ത് സ്വദേശിയുടെ ധീരതയെ പ്രശംസിച്ച് സിവിൽ ഡിഫൻസ് ട്വിറ്ററിൽ സന്ദേശം പോസ്റ്റ് ചെയ്തു. ജമാലുമായി ഫോണിൽ ബന്ധപ്പെട്ട തബൂക്ക് സിവിൽ ഡിഫൻസ് നന്ദിയും കൃതജ്ഞതയും അറിയിച്ചു. വൈകാതെ ഈജിപ്തുകാരനെ സിവിൽ ഡിഫൻസ് ആദരിച്ചേക്കും .