ദുബായ്∙ സമൂഹമാധ്യമങ്ങളില്‍ സജീവമായ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൂക്ഷിക്കുക. യുഎഇയില്‍ ഇരുന്നുകൊണ്ടു ഖത്തറിനെ അനുകൂലിക്കുകയോ സഹതപിക്കുകയോ ചെയ്താല്‍ 15 വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നു യുഎഇ അറ്റോര്‍ണി ജനറലിന്റെ മുന്നറിയിപ്പ്.
സമൂഹമാധ്യമങ്ങള്‍ വഴിയോ മറ്റേതെങ്കിലും മാര്‍ഗങ്ങളിലൂടെയോ ഖത്തറിനെ അനുകൂലിച്ചാല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയോ 15 വര്‍ഷം വരെ തടവുശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണെന്ന് ഡോ. ഹമദ് സയിഫ് അല്‍ ഷംസി അറിയിച്ചു. യുഎഇയിലെ നേതൃത്വത്തിനെതിരേ പ്രതികരിച്ചാലും ഇതേ നടപടി തന്നെയുണ്ടാകും.
യുഎഇയുടെ ദേശീയ സുരക്ഷയും പരമാധികാരവും ജനതാല്പര്യവും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് കടുത്ത നിലപാടു സ്വീകരിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഫെഡറല്‍ ശിക്ഷാ നിയമവും ഐടി കുറ്റകൃത്യങ്ങള്‍ തടയുന്ന ഫെഡറല്‍ നിയമവും അനുസരിച്ച് ദേശതാല്പര്യത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമായി നിലപാട് സ്വീകരിക്കുന്നവര്‍ക്ക് മൂന്നു മുതല്‍ 15 വര്‍ഷം വരെ തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിക്കാമെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.