
അയ്യാ, സിനിമയില്‍ ഒരു വേഷം കിട്ടി. ചെന്നൈയിൽ പോകണം. ബസ് കൂലിക്കുള്ള പൈസയില്ല. ഞാനും കൂടി കയറിക്കോട്ടെ. ഒരുലോറിക്ക് കൈകാണിച്ച് ആ പയ്യൻ ചോദിച്ചു. ലോറിക്ക് അകത്തിരുന്ന് പോകണമെങ്കിൽ 25 രൂപ തരണം. പിന്നിൽ ഇരുന്നാ മതിയെങ്കിൽ 15 രൂപ തന്നാ മതി. ഞാൻ പിന്നിൽ ഇരുന്നോളാം അയ്യാ എന്ന് പറഞ്ഞ് അവന്‍ ലോറിയില്‍ കയറി. അങ്ങനെ മധുരയിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്ര തുടങ്ങി. ലോറിക്ക് പിന്നില്‍ ഇരുന്ന് കാറ്റടിച്ച് ഉറങ്ങിപ്പോയപ്പോൾ അവന്റെ കയ്യിലുണ്ടായിരുന്ന നോട്ടുകള്‍ പറന്നുപോയത് അവന്‍ അറിഞ്ഞിരുന്നില്ല. ഭക്ഷണം കഴിക്കാൻ ലോറിഡ്രൈവര്‍ വണ്ടി നിർത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട കാര്യം അവന്‍ അറിയുന്നത്. കയ്യില്‍ പണമില്ല, ലോറിക്കാരന്‍ പറഞ്ഞ 15 രൂ പപോലും െകാടുക്കാനില്ല. അവന് കരച്ചില്‍ വന്നു. പക്ഷേ അപ്പോൾ ആ ലോറിക്കാരൻ അവനെ ചേർത്തുപിടിച്ചു. അവന് കഴിക്കാന്‍ രണ്ട് പൊറോട്ട അയാൾ വാങ്ങി നൽകി. ഒടുവിൽ പണമൊന്നും വാങ്ങാതെ അവനെ ചെന്നൈയിൽ ഇറക്കിവിട്ടപ്പോൾ കയ്യിൽ ഇരുന്ന ചില്ലറ പണവും ആ ഡ്രൈവര്‍ അവന് നൽകി. നിന്റെ എല്ലാ മോഹവും നടക്കെട്ട, വലിയ നടനാകട്ടെ എന്ന് ആശംസിച്ച് അയാൾ പോയി. പിന്നീട് ആ ലോറിക്കാരനെ ആ പയ്യൻ കണ്ടിട്ടില്ല. വണ്ടിക്കൂലി പോലുമില്ലാതെ ലിഫ്റ്റടിച്ച് വന്ന് സിനിമാക്കാരനായ ആ പയ്യന്‍ പിന്നീട് തമിഴന്റെ ലൈഫ് സ്റ്റൈലില്‍ തന്നെ മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഒരാളി മാറി. മണിക്കൂറിന് ലക്ഷങ്ങള്‍ വിലയുള്ള നടനായി. കുമാരവടിവേല്‍ നടരാജന്‍ എന്ന വടിവേലു.
പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ എന്ന സിനിമയുടെ വിശേഷങ്ങള്‍ പുറത്തുവരുമ്പോള്‍ അടിമുടി അമ്പരപ്പിക്കുകയാണ് വടിവേലു. എ.ആർ. റഹ്‌മാന്റെ സംഗീതത്തിൽ പിന്നണി പാടി, ലുക്കിലും നോക്കിലും ഇതുവരെയില്ലാത്ത വിധം മാറ്റം വരുത്തി. ചിരിപ്പിക്കാന്‍ മാത്രമല്ല അഭിനയിപ്പിച്ച് ഞെട്ടിക്കാനും തനിക്ക് കഴിയുമെന്ന് വീണ്ടും തെളിയിക്കാനുള്ള വരവുകൂടിയാണ് വടിവേലുവിന്റേതെന്ന് ഉറപ്പാണ്. സിനിമയില്‍ നിന്നും മാറ്റിനിര്‍ത്തിയ കാലത്തുപോലും മീമുകളിലൂടെയും ട്രോളുകളിലൂടെയും യുവാക്കള്‍ക്ക് ഇടയില്‍ ശോഭയോടെ തന്നെ സജീവസാന്നിധ്യമായി വടിവേലു. തമിഴന്റെ ജീവിതത്തില്‍ വടിവേലു ടച്ചില്ലാത്ത, ജീവിതത്തിലെ ഒരു സന്ദര്‍ഭത്തില്‍ എങ്കിലും അദ്ദേഹത്തിന്റെ ഡയലോഗുകള്‍ പറയാത്ത ഒരു ദിവസം പോലും കടന്നുപോകില്ലെന്ന് പറയാം. നമ്മള്‍ മലയാളികളും പലകുറി ചിരിച്ച് പറഞ്ഞ ഡയലോഗുകളുടെ ഉടമ.
ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന കഥാപാത്രങ്ങളുടെ നീണ്ടനിര തന്നെ വടിവേലു പോയകാലത്ത് ചെയ്തുവച്ചിട്ടുണ്ട്. (പ്ലന്‍ പണ്ണിത്താ പണ്ണണം) ഈ ഡയലോഗിനുള്ളിലെ ചിന്ത ചിരിയോടെ ജനം ഉള്‍ക്കൊള്ളുമ്പോഴും സ്വന്തം ജീവിതത്തില്‍ പലയിടത്തും പ്ലാനിങ്ങ് പാളിയ ആളുകൂടിയാണ് അദ്ദേഹം. അഹങ്കാരിയെന്ന പേരും പക്വതയില്ലാത്ത രാഷ്ട്രീയ പ്രസ്താവനകളും വാ വിട്ട വാക്കുകളും വടിവേലുവിനെ സിനിമയില്‍ നിന്നും പോലും അകറ്റി നിര്‍ത്തിയ കാലം. 2011-ലെ തിരഞ്ഞെടുപ്പില്‍ വടിവേലു കാട്ടിക്കൂട്ടിയ പ്രകടനങ്ങളും വാക്കുകളും അദ്ദേഹത്തിന്റെ അടിത്തറ തന്നെ ഇളക്കിയെന്ന് പറയാം.
2011 ഏപ്രിലിൽ നടന്ന തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിനു വേണ്ടി വടിവേലു പ്രചരണത്തിന് ഇറങ്ങി. എന്നാൽ മൈക്ക് കിട്ടിയപ്പോൾ വടവേലു കൂടുതൽ വിമർശിച്ചത് വിജയകാന്തിനെയായിരുന്നു. വിജയകാന്തിനെ കള്ളുകുടിയൻ എന്ന് പരസ്യമായി വിളിച്ച് ആക്ഷേപിച്ചു. ഇതിനെല്ലാം അന്ന് ജനക്കൂട്ടം കയ്യടിച്ചെങ്കിലും ഇതെല്ലാം വോട്ടായി മാറിയത് അണ്ണാ ഡിഎംകെയ്ക്കും സഖ്യകക്ഷിയായ വിജയ്‌കാന്തിനുമായിരുന്നു. അണ്ണാഡിഎംകെ അധികാരത്തില്‍ കൂടി വന്നതോടെ വടിവേലുവിന്റെ വാ വിട്ട വാക്കുകള്‍ക്ക് അദ്ദേഹത്തിന് വലിയ വില കൊടുക്കേണ്ടി വന്നു. ജയലളിത സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ തന്നെ വിടാതെ വേട്ടയാടി. 2008 മുതല്‍ വടിവേലുവും വിജയ്‌കാന്തും തമ്മില്‍ അത്ര നല്ല സൗഹൃദത്തിലായിരുന്നില്ല. ഈ പോരാട്ടത്തിന് രാഷ്ട്രീയവേദി കൂടി ഉപയോഗിച്ചതോടെ ആ നാക്ക് തന്നെ വടിവേലുവിനെ വീട്ടില്‍ ഇരുത്തി. പ്രതിഫലം കുത്തനെ ഉയര്‍ത്തി നിര്‍മാതാക്കളെയും വെറുപ്പിച്ചു. മണിക്കൂറിന് ഒരു ലക്ഷം വരെ പ്രതിഫലം ഈടാക്കിയിരുന്ന വടിവേലു കാവലൻ എന്ന സിനിമയ്‌ക്ക് ഒരു ദിവസത്തിന് പത്തുലക്ഷമാണ് വാങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
1990 മുതൽ 2011 വരെ മുന്നൂറ്റമ്പതോളം സിനിമകളിലാണ് വടിവേലു അഭിനയിച്ചത്. 1990 മുതൽ 2000 വരെ 109 സിനിമകളിൽ ഓടിനടന്ന് അഭിനയിച്ചു. 2000 തൊട്ട് 2009 വരെ 142 സിനിമകൾ. ഒരു മിനിട്ട് പോലും കളയാതെ സിനിമകളിൽ നിന്ന് സിനിമകളിലേക്കുള്ള ഓട്ടത്തിലായിരുന്നു വടിവേലു. എന്നാല്‍ 2010-ൽ നാല് സിനിമകളിലേ വടിവേലു അഭിനയിച്ചുള്ളൂ. 2011-ൽ മൂന്നു സിനിമകളിലും. പിന്നാലെ സിനിമകളില്‍ നിന്നും വടിവേലുവിനെ അണിയറക്കാര്‍ തന്നെ ഒഴിവാക്കാന്‍ തുടങ്ങി. കയ്യിലിരുപ്പും വായിലിരിപ്പും കൊണ്ട് സര്‍ക്കാരിനെ പിണക്കിയ താരത്തെ അഭിനയിപ്പിക്കാനുള്ള ധൈര്യമില്ലായ്മ പണി കൊടുത്തെന്ന് പറയാം. കരുണാനിധിക്കായി പ്രചാരണത്തിനിറങ്ങി ജയലളിതയുടെ മണ്ഡലമായ ശ്രീരംഗത്ത് ചെരുപ്പേറ് വരെ ഏറ്റുവാങ്ങിയ വടിവേലു. ഡിഎംകെ അധികാരം തിരിച്ചുപിടിച്ചതു മുതല്‍ മങ്ങിയ പ്രതാപം വീണ്ടെടുത്ത് നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ്.
കമല്‍ഹാസന്റെ ശ്യംഗാരവേലന്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. സെറ്റില്‍ വച്ച് കണ്ട വടിവേലുവിനെ അടുത്ത് വിളിച്ച് കമല്‍ പറഞ്ഞു. നാളെ രാവിലെ രാജ്കമല്‍ ഫിലിംസിന്റെ ഓഫിസില്‍ പോകണം. നിനക്ക് അവിടെ നിന്ന് അഡ്വാന്‍സ് തരും. എന്റെ അടുത്ത സിനിമയില്‍ നിനക്ക് നല്ല ഒരുവേഷമുണ്ട്. പടത്തിന്റെ പേര് തേവര്‍ മകന്‍. പക്ഷേ പിറ്റേന്ന് രാവിലെ വരെ കാത്തിരിക്കാന്‍ വടിവേലുവിന്റെ മനസ്സ് അനുവദിച്ചില്ല. ആ വൈകുന്നേരം തന്നെ രാജ്കമലിന്റെ ഓഫിസില്‍ പോയി. നിന്നോട് രാവിലെ വരാന്‍ അല്ലേ സാറ് പറഞ്ഞതെന്ന് അവിടുത്തെ ജീവനക്കാരന്റെ ചോദ്യം. ഒടുവില്‍ 5000 രൂപ അഡ്വാന്‍സായി നല്‍കി തേവര്‍ മകനില്‍ സീറ്റുറപ്പിച്ചു. എന്തിനാണ് നീ രാത്രി തന്നെ പോയതെന്ന കമലിന്റെ ചോദ്യത്തിന്, രാവിലെ വരെ ക്ഷമിക്കാനുള്ള മനസ്സുവന്നില്ല സാര്‍ എന്നായിരുന്നു വടിവേലുവിന്റെ മറുപടി. ഒരുകാലത്ത് തറയിലിരുന്ന് തിരയില്‍ കണ്ട താരങ്ങളെ പോലും പ്രകടനം കൊണ്ട് വടിവേലു പിന്നീട് അമ്പരപ്പിച്ചു. ആ ചിരിക്കരുത്തിന് പിന്നില്‍ പറയാന്‍ കഠിനാധ്വാനത്തിന്റെ ഒരു കഥ കൂടിയുണ്ട്.
ഏഴുമക്കളില്‍ ഒരുവനായി മധുരയില്‍ ജനിച്ച വടിവേലുവിന് സ്കൂളില്‍ പോകാന്‍ വലിയ താല്‍പര്യമില്ലായിരുന്നു. തന്റെ തൊലിയുടെ നിറം ചൂണ്ടിയുള്ള പരിഹാസങ്ങളും വട്ടപ്പേരുവിളികളും അവനെ തളര്‍ത്തി. ആഘോഷം ഉറങ്ങാത്ത മധുരയിലെ തെരുവുകളില്‍ പാട്ടും ഡാന്‍സും നാടകങ്ങളുമായി നടക്കാനായിരുന്നു അവന് ഇഷ്ടം. അനുഭവങ്ങളില്‍ നിന്നും ഓരോന്ന് പഠിച്ച് മുന്നേറുമ്പോഴാണ് അച്ഛന്‍ കിടപ്പിലാകുന്നത്. ഇതോടെ കുടുംബത്തില്‍ പട്ടിണി പിടിമുറുക്കി. കലാകാരന്‍ ആവുക എന്ന സ്വപ്നം മാറ്റിവച്ച് പണത്തിനായി ജോലിക്കിറങ്ങി. വലിയ കുടുംബത്തിന്റെ ഭാരം അന്ന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെ മുന്നോട്ടുപോകുമ്പോഴാണ് ഒരു സുഹൃത്ത് വഴി സിനിമാതാരം രാജ്കിരണിനെ പരിചയപ്പെടുന്നത്. മെലിഞ്ഞ് നീണ്ട ആ പയ്യന്റെ സംസാരം രാജ്കിരണിനെ വല്ലാതെ ആകര്‍ഷിച്ചു. രണ്ടുവര്‍ഷത്തിന് ശേഷം വടിവേലുവിന് രാജ്കിരണ്‍ ഒരു അവസരം വച്ചുനീട്ടി. ചെന്നൈയ്ക്ക് വന്നാല്‍ സിനിമയില്‍ ഒരുവേഷം തരാം. ബസിനോ ട്രെയിനോ പോകാനുള്ള പണം തികയാതെ വന്നതോടെ ലോറിക്ക് കൈകാണിച്ചു. നടനാകാനുള്ള ആ യാത്രയില്‍ തന്നെ പല അനുഭവങ്ങള്‍ നേരിട്ട് ഒടുവില്‍ എവിഎം സ്റ്റുഡിയോയുടെ മുന്നിലെത്തി.
രാജ്കിരണ്‍ പറഞ്ഞിട്ടാണ് വന്നതെന്ന് പറഞ്ഞിട്ടും ആ സെക്യൂരിറ്റി ജീവനക്കാരന്‍ വടിവേലുവിനെ അകത്തേക്ക് കയറ്റിവിട്ടില്ല. നീ നടനാകാന്‍ വന്നതാണെങ്കില്‍ നടിച്ച് കാണിക്ക് എന്നായി അയാള്‍. അങ്ങനെ എവിഎമ്മിന്റെ ഗേറ്റിന് മുന്നില്‍ ആ ജീവനക്കാരന് മുന്നില്‍ തന്റെ പതിവ് ശൈലിയില്‍ ഡയലോഗ് െകാണ്ടും പാട്ടുകൊണ്ടും വടിവേലു അമ്പരപ്പിച്ചു. അവന്റെ വാക്കിലും ആക്ഷനിലും ഒരുപാട് ചിരിച്ച ആ ജീവനക്കാരന്‍, ഉറപ്പായും നീ വലിയ നടനാകുമെടാ എന്ന് ആശംസിച്ച് എവിഎമ്മിന്റെ ഗേറ്റ് അവന് മുന്നില്‍ തുറന്നുെകാടുത്തു. അന്ന് കാലെടുത്തുവച്ചത് തമിഴ് തിരയുലകില്‍ മാത്രമല്ല, ഓരോ തമിഴന്റെയും ജീവിതത്തിലേക്ക് കൂടിയായിരുന്നു എന്ന് കാലം െതളിയിച്ചു.
88ല്‍ എന്‍ തങ്കെ കല്യാണി എന്ന ചിത്രത്തിലാണ് വടിവേലു ആദ്യമായി മുഖം കാണിക്കുന്നത്. എന്നാല്‍ 1991ൽ എൻ രാസവിൻ മനസിലെ എന്ന ചിത്രമാണ് അദ്ദേഹത്തെ നടനാക്കിയത്. മധുര സ്വദേശിയായ വടിവേലുവിന്റെ സംസാരരീതിയിലെ തനി ഗ്രാമീണത തിരിച്ചറിഞ്ഞ് പിന്നീട് സംവിധായകര്‍ അവസരങ്ങള്‍ നല്‍കി. അങ്ങനെ ഗ്രാമീണപശ്‌ചാത്തലമുള്ള ചിത്രങ്ങളിൽ വടിവേലു അവിഭാജ്യഘടകമായി. കെ.ടി. കുഞ്ഞുമോന്റെ കാതലനിലൂടെ നാഗരിക വേഷവും ഇണങ്ങുമെന്ന് വടിവേലു തെളിയിച്ചു. ആദ്യകാലത്ത് കൗണ്ടമണി–സെന്തിൽ ഹാസ്യജോടിയുടെ കൂടെ ഒരു സഹായിയായാണ് സംവിധായകർ വടിവേലുവിനെ കൂട്ടിയതെങ്കില്‍, കൗണ്ടമണിയും സെന്തിലും കളം വിട്ടപ്പോൾ വടിവേലു മുൻനിരയിലെത്തി. സ്വഭാവനടനായി അഭിനയിക്കാനും പറ്റുമെന്ന് ഭാരതി കണ്ണമ്മ എന്ന ചിത്രത്തിലൂടെ തെളിയിച്ചതോടെ വടിവേലുവിന് മൂല്യം കൂടി. വെറ്റ്‌റിക്കൊടി കട്ട എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തോടെ വടിവേലു തമിഴകത്തിന്റെ മനസ്സിലേക്ക് ചിരിച്ചുകയറി ഇരുപ്പുറപ്പിച്ചു. പാടാനുള്ള കഴിവും വടിവേലുവിനെ വ്യത്യസ്‌തനാക്കി.
തമ്പി രാമയ്യ സംവിധാനം ചെയ്‌ത ഇന്ദ്രലോകത്തിൽ നാ അഴകപ്പനിൽ വടിവേലു മൂന്ന് റോളുകളിൽ പ്രത്യക്ഷപ്പെട്ടg. ചിത്രം വൻവിജയമാ/f. 23–ാം പുലിക്കേശി അടക്കം പ്രധാനവേഷത്തിലെത്തി ഇന്നും ചിരി പടര്‍ത്തുന്ന ആയിരത്തോളം കഥാപാത്രങ്ങള്‍.
ഈ അടുത്ത കാലത്ത് സമൂഹ മാധ്യമങ്ങളിൽ ആഗോള തലത്തിൽ ട്രെൻഡിങ്ങായിരുന്നു പ്രേ ഫോർ നേസമണി എന്ന ഹാഷ്ടാഗ്. ഫ്രെണ്ട്സ് എന്ന സിനിമയില്‍ തലയില്‍ ചുറ്റിക വീണ നേസമണിക്കു വേണ്ടി സൈബര്‍ ലോകം പ്രാര്‍ഥിച്ചു. പാക്കിസ്ഥാൻ ആസ്ഥാനമായ സിവിൽ എൻജിനീയറിങ് ലേണേഴ്സ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റായിരുന്നു എല്ലാത്തിനും തുടക്കം. ചുറ്റികയുടെ ചിത്രവും നിങ്ങളുടെ രാജ്യത്ത് ഇതിന്റെ പേരെന്താണ് എന്ന ചോദ്യവുമായിരുന്നു പോസ്റ്റ്. തമിഴ്നാട്ടുകാരൻ വിഘ്നേഷ് പ്രഭാകർ ഉടൻ മറുപടിയുമായെത്തി. ‘ ഞങ്ങൾ ഇതിനെ സുത്തിയൽ എന്നു വിളിക്കും. ഇത് ഏതെങ്കിലും വസ്തുവിൽ ഇടിക്കുമ്പോൾ ടക് ടക് ശബ്ദമുണ്ടാകും. പെയിന്റിങ് കോൺട്രാക്ടർ നേസമണിക്കു തലയ്ക്കു പരുക്കേറ്റത് ഇങ്ങനെയാണ്.’ ഒപ്പം വടിവേലു തലയിൽ ചുറ്റിക വീണു ബോധം കെടുന്നതിന്റെ ദൃശ്യവും. തമാശ കത്തിയ തമിഴ്നാട്ടുകാർ ഒന്നിനു പിന്നാലെ ഒന്നായി എത്തി രംഗം കൊഴുപ്പിച്ചു. ധനുഷ് അടക്കം താരങ്ങളും രംഗത്തെത്തിയതോടെ സംഗതി സൂപ്പർഹിറ്റ്. മോദിസർക്കാർ2 എന്ന ഹാഷ് ടാഗ് പോലും ഒരു ഘട്ടത്തിൽ ഇതിനു പിന്നിലായി എന്നതാണ് ചരിത്രം.
തമിഴ് സിനിമാലോകത്തിന് ആരാണ് വടിവേലു എന്ന ചോദ്യത്തിന് അവരുടെ ജീവിതത്തിന്റെ ഒരുഭാഗം എന്നതിനപ്പുറം ഒരു മറുപടിയില്ല. മലയാളിക്ക് ജഗതി എങ്ങനെയാണോ അതുപോലെയാണ് തമിഴര്‍ക്ക് വടിവേലു എന്നൊരു പറച്ചിലുണ്ട്. വാഴിച്ച നാക്കുതന്നെ വന്‍ വീഴ്ചയിലേക്ക് തള്ളിവിട്ട കാലം കടന്ന് വടിവേലു വീണ്ടും സജീവമാവുകയാണ്. രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ സ്വന്തം െതാഴില്‍ പോലും നിഷേധിക്കപ്പെട്ട കലാകാരന്‍. ഒറ്റപ്പെടലിന്റെ ആ കാലത്തും വടിവേലുവിന്റെ ശൂന്യത അനുഭവപ്പെട്ടത് വെള്ളിത്തിരയില്‍ മാത്രമായിരുന്നു. ചെയ്തുവച്ച കഥാപാത്രങ്ങളുടെ മികവും എത്ര കണ്ടാലും പുതുമ മാറാത്ത ചിരിയും വിലക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ആദ്യഘട്ടത്തില്‍ രൂപവും ശബ്ദവും ചേഷ്ഠകളും ആയുധമാക്കിയ നടന്‍, ഇന്ന് പുതിയ പാതയിലാണ്. കരുത്തുറ്റ വേഷങ്ങളിലൂടെ ഞെട്ടിക്കുന്ന മറ്റൊരു വടിവേലുവിനെ വരുംവര്‍ഷങ്ങളില്‍ കണ്ടേക്കാം. അപ്പോഴും കാലത്തിന് ചിരിച്ചുമറിയാന്‍ അദ്ദേഹം ചെയ്തുവച്ചത് വേഷവൈവിധ്യങ്ങളുടെ മഹാസമുദ്രമാണ്. തനി തമിഴന്റെ ചിരി ഉയിരായി, ഭാവങ്ങളുടെ പുതിയ നായകനായി... ഇനിയും നിറയട്ടെ ഈ ചിരിവേലു.