ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞിട്ടില്ല; വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു: ഇന്ദ്രൻസ്

idrans12
SHARE

വിമൺ ഇൻ സിനിമ കളക്ടീവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ വിശദീകരണവുമായി നടൻ ഇന്ദ്രൻസ്. ഡബ്ല്യുസിസിയെ തള്ളിപ്പറയാൻ ശ്രമിച്ചിട്ടില്ലെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധം പ്രചരിപ്പിക്കുന്നുണ്ടെന്നും ഇന്ദ്രൻസ് ഫെയ്സ്ബുക്കിൽ കുറിച്ചു. 

വിമൺ ഇൻ സിനിമ കളക്ടീവ് ഇല്ലായിരുന്നു എങ്കിൽ നടിയെ ആക്രമിച്ച കേസിൽ നടിക്ക് കൂടുതൽ പിന്തുണ ലഭിക്കുമായിരുന്നു എന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഇന്ദ്രൻസ് പറഞ്ഞത്. സംഘടന രൂപപ്പെട്ടില്ലെങ്കിലും നിയമ പോരാട്ടം നടക്കുമായിരുന്നു. എത്രമാത്രം ഒരു സംഘടനയ്ക്ക് പ്രശ്നങ്ങളെ ചെറുക്കാൻ സാധിക്കും? സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനാവില്ലെന്നും ഇന്ദ്രൻസ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

എന്നാൽ ആരെയും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവം ശ്രമിച്ചിട്ടില്ലെന്നാണ് ഇപ്പോൾ ഇന്ദ്രൻസിൽ നിന്ന് വരുന്ന വിശദീകരണം. ഇന്ദ്രൻസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ, കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല.

ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ  തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ  പ്രചരിപ്പിക്കുന്നതായി കണ്ടു.  എൻ്റെ ഒരു സഹപ്രവർത്തകൻ  തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്. 

മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്.  നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എൻ്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.എല്ലാവരോടും സ്നേഹം, ഇന്ദ്രൻസ്

MORE IN ENTERTAINMENT
SHOW MORE