ഡയലോഗുകൾ മറന്നുപോകുന്നു, രണ്ട് വർഷമായി ഓർമകൾ നഷ്ടമാകുന്നു; ഭാനുപ്രിയ

bhanupriya
SHARE

നടി ഭാനുപ്രിയയുടെ പേര് കേൾക്കുമ്പോൾ ആദ്യം ഓർമവരുന്നത് നിഷ്കളങ്കമായ സുന്ദരമായ കണ്ണുകളാണ്. എൺപതുകളിൽ നിരവധി ഭാഷകളിൽ തിളങ്ങിയ താരമാണ് ഭാനുപ്രിയ. പിന്നീട് അമ്മ വേഷങ്ങളിലാണ് ഭാനുപ്രിയയെ കണ്ടിട്ടുള്ളത്. ഇപ്പോഴിതാ താൻ വർഷത്തിൽ രണ്ടോ മൂന്നോ സിനിമകൾ മാത്രമാണ് അഭിനയിക്കുന്നതെന്നും ഓർമക്കുറവാണ് കാരണമെന്നും ഭാനുപ്രിയ പറയുന്നു. തെലുങ്കിലുള്ള ഒരു യുട്യൂബ് ചാനലിലാണ് തുറന്നുപറച്ചിൽ. 

സ്വന്തമായൊരു നൃത്തവിദ്യാലയം തുടങ്ങണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ അഞ്ച് വർഷം മുൻപ് ഭർത്താവ് ആദർശ് കൗശലിന്റെ മരണം മാനസികമായി വലിയ ആഘാതമാണ് നൽകിയത്. ഇതേ തുടർന്ന് തന്റെ ആരോഗ്യനില മോശമായെന്നും ഓർമക്കുറവുണ്ടെന്നും ഭാനുപ്രിയ പറയുന്നു. 

“എനിക്ക് ഈയിടെയായി സുഖമില്ല. ഓർമ്മ ശക്തി കുറയുന്നു. പഠിച്ച ചില ഇനങ്ങൾ ഞാൻ മറന്നു. പിന്നീട് നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല,' ഭാനുപ്രിയ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് ഭാനുപ്രിയ പറഞ്ഞു. അടുത്തിടെ ഒരു സിനിമാ ലൊക്കേഷനിൽ വെച്ച്  ഡയലോഗുകൾ മറന്നു. ഓർത്തിരിക്കേണ്ട പലതും താൻ മറക്കുകയാണെന്നും വ്യക്തമാക്കി. 

സില നേരങ്ങളിൽ സില മണിധർഗൾ എന്ന തമിഴ് സിനിമയിൽ ഞാൻ അഭിനയിച്ചു. ആക്ഷൻ എന്ന് പറഞ്ഞപ്പോൾ ലൊക്കേഷനിൽ കയറി ഡയലോഗുകളെല്ലാം മറന്നു ഭാനുപ്രിയ പറഞ്ഞു. തനിക്ക് സമ്മർദ്ദമോ വിഷാദമോ ഇല്ലെന്ന് ഭാനുപ്രിയ വ്യക്തമാക്കി. ഭർത്താവുമായി വേർപിരിഞ്ഞെന്ന വാർത്തകൾ ശരിയല്ലെന്നും അദ്ദേഹം ഹൈദരബാദിലും താൻ ചെന്നൈയിലുമായിരുന്നു കഴിഞ്ഞിരുന്നു. ഹൈദരബാദിൽ നിന്നും ചെന്നൈയിലേക്കുള്ള സ്ഥിരം യാത്രക്കൾ പ്രയാസമായതിനാലാണ് ചെന്നൈയിൽ താമസമാക്കിയത്. മകൾ അഭിനയ ലണ്ടനിൽ പഠിക്കുകയാണ്. മകൾക്ക് അഭിനയിക്കാൻ താൽപര്യമില്ലെന്നും ഭാനുപ്രിയ വ്യകതമാക്കി. 

MORE IN ENTERTAINMENT
SHOW MORE