ചൂണ്ടി ട്രെയിന്‍ നിര്‍ത്തും, വിമാനം വെടിവച്ചിടും; നാലുപതിറ്റാണ്ട്; ഒരേയൊരു ബാലയ്യ

nandamuri-balakrishna-life
SHARE

‘യ..യ..യ ജയ് ബാലയ്യ..’ ഈ ഗാനം  പത്തുമാസം െകാണ്ട് നേടിയത് 33 മില്യൺ കാഴ്ചക്കാരെ, ‘ജയ് ബലായ്യ.. ജയ് ജയ് ബാലയ്യ..’ ദിവസങ്ങൾക്ക് മുൻപ് എത്തിയ ഈ ബാലയ്യ മാസ് ആന്തം തുടക്കത്തില്‍ തന്നെ നേടിയത് 10 മില്യൺ കാഴ്ചക്കാരെ. ഈ നടനെ വച്ച് കേരളത്തിലെ ട്രോളൻമാർ അടക്കം തെന്നിന്ത്യയിലെ ട്രോൾ വിഡിയോകൾ നേടിയ കാഴ്ചക്കാരുടെ എണ്ണം കോടികൾ വരും. പാഞ്ഞെത്തുന്ന ട്രെയിനെ ചൂണ്ടുവരിലിൽ തിരിച്ചോടിക്കുന്ന, എങ്ങനെയൊക്കെ വില്ലൻ വെടിവച്ചാലും വെടിയേറ്റാലും മരിക്കാത്ത നായകൻ, നൃത്തം, സംഗീതം, മാസ്, ക്ലാസ് ആക്ഷൻ.. അങ്ങനെ ഒരു സൂപ്പർമാനായി തെലുങ്ക് സിനിമയിൽ കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി നിറയുന്ന വ്യക്തിയാണ് നന്ദമൂരി ബാലകൃഷ്ണ. തെലുങ്കരുടെ എൻബികെ. അവരുടെ കൺകണ്ട ദൈവം എൻടിആറിന്റെ പ്രിയപുത്രൻ.. അങ്ങനെ ട്രോളി വിടാനുള്ള നടനല്ല അദ്ദേഹം. തെലുങ്കന്റെ മനസ്സിൽ അവരുടെ ആവേശത്തിെനാപ്പം ഇന്നും കുടപിടിക്കുന്ന.. അവരുടെ അഭിരുചിക്ക് അനുസരിച്ച് സിനിമ ചെയ്യുന്ന സ്വന്തം സൂപ്പർസ്റ്റാറാണ് ഈ മനുഷ്യന്‍. തൊടുന്നതെല്ലാം വിവാദമായാലും ട്രോളായാലും അയ്യ.. ബാലയ്യ മുന്നോട്ടുതന്നെയാണ്.

‘എ.ആർ റഹ്മാനാരാണ്, എനിക്കറിയില്ല, അങ്ങനൊരാൾ അവാർഡ് നേടിയെന്ന് കേട്ടിട്ടുണ്ട്. ഇത്തരം അവാർഡുകളൊക്കെ എന്റെ അച്ഛൻ എൻടിആറിന്റെ കാലിലെ നഖത്തിന് സമാനമാണ്..’ കഴിഞ്ഞ വർഷം ബാലകൃഷ്ണ നടത്തിയ ഈ പ്രസ്താവന വൻവിവാദമായി. ആരെടാ ഈ ബാലകൃഷ്ണ എന്ന് ചോദിച്ച് റഹ്മാൻ ആരാധകരും കളത്തിലിറങ്ങി. പിന്നെ ട്വിറ്ററിൽ െകാണ്ടും െകാടുത്തും തല്ലോട് തല്ല്. താരമെന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും നന്ദമൂരി ബാലകൃഷ്ണയും അദ്ദേഹത്തിന്റെ കുടുംബവും തെലുങ്ക് നാടിന് നൽകിയ സംഭാവനകളെ ഉയർത്തിക്കാട്ടിയാണ് അന്ന് ആരാധകർ പ്രതിരോധം തീർത്തത്.  മോദിക്ക് മുന്നിൽ പോലും കാലിൻ മേൽ കാല് കയറ്റിവച്ചിരിക്കുന്ന തന്റേടിയാണ് ഞങ്ങളുടെ ബാലയ്യ എന്ന് ആരാധകർ വാഴ്ത്തും. കാരണം അവർക്ക് അദ്ദേഹത്തെ അത്ര കാര്യമാണ്. മലയാളി കാണുന്ന കണ്ണിലല്ല തെലുങ്ക് പ്രേക്ഷകൻ ബാലകൃഷ്ണയുടെ സിനിമകൾ കാണുന്നത്. ആ ഡയലോഗുകൾക്ക് ചെവി െകാടുക്കുന്നതും.

അവസാനമിറങ്ങിയ അഖണ്ഡ എന്ന ചിത്രം ആറു ദിവസം െകാണ്ട് നൂറ് കോടി രൂപയാണ് കലക്ട് ചെയ്തത്. തെലങ്കാനയിൽ നിന്നും ആന്ധ്രയിൽ നിന്നും 43 കോടിയോളം രൂപ ചിത്രം നേടി. 100 കോടി പിന്നിടുന്ന ബാലകൃഷ്ണയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. സംവിധായകന്‍ ബോയാപട്ടി ശ്രീനു തന്നെ രചന നിര്‍വഹിച്ചിരിക്കുന്ന അഖണ്ഡയിലെ പാട്ടുകൾ ഇപ്പോഴും വൻഹിറ്റാണ്. സന്യാസിയായ അഖണ്ഡ രുദ്ര സിക്കന്ദര്‍, മുരളീ കൃഷ്‍ണ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് സിനിമയിൽ അദ്ദേഹം നിറഞ്ഞത്. പതിവ് ശൈലിയിൽ പഞ്ച് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും െകാണ്ട് സമ്പന്നമായിരുന്നു ചിത്രം. അഖണ്ഡയുടെ മഹാവിജയത്തിനു ശേഷം  ഗോപിചന്ദ് മലിനേനി ഒരുക്കുന്ന വീര സിംഹ റെഡ്ഢിയിലെ ജയ് ബാലയ്യ പാട്ടാണ് ഇപ്പോൾ റെക്കോർഡ് കാഴ്ചക്കാരെ നേടി കുതിക്കുന്നത്.

നന്ദമൂരി ബാലകൃഷ്‌ണ തെലുങ്കിലെ രജനികാന്താണോ വിജയകാന്താണോ മമ്മൂട്ടിയാണോ മോഹൻലാലോ എന്നത് 40 വർഷത്തിലേറെ കഴിഞ്ഞിട്ടും ഇപ്പോഴും  തീരുമാനമാകാത്ത ചോദ്യമാണ്.  പ്രായം കൊണ്ടും പക്വതകൊണ്ടും കയ്യിലിരിപ്പുകൊണ്ടും തെലുങ്കിൽ അദ്ദേഹത്തിന്റേത് തനിവഴി സഞ്ചാരമാണ്. പൊതുവേദിയിൽ വച്ച് യുവനടൻ അങ്കിളേ എന്ന് വിളിച്ചപ്പോൾ കയ്യിലിരുന്ന ഫോൺ വലിച്ചെറിഞ്ഞാണ് അദ്ദേഹം ദേഷ്യം കാണിച്ചത്. അനുവാദം ഇല്ലാതെ ഫോട്ടോ എടുത്ത സ്വന്തം അണിയെ തല്ലിയത് മറ്റൊരു കഥ ഒരിക്കൽ തർക്കത്തിന് ഒടുവിൽ തോക്കെടുത്ത് രണ്ടുപേരെ വെടിവച്ച കേസിലും പ്രതിയായിരുന്നു ബാലകൃഷ്ണ. വിവാദങ്ങളെ തേടി അദ്ദേഹത്തിന് ഒരിക്കലും പോകേണ്ടി വന്നിട്ടില്ല. ചെയ്യുന്നതും പറയുന്നതും അങ്ങനെ തന്നെയായി മാറും. അതിപ്പോൾ സിനിമയിലായാലും ജീവിതത്തിലായാലും.

2004ൽ സിനിമ നിർമാതാവ് ബെല്ലംകോണ്ട സുരേഷിനെയും ജ്യോൽസ്യൻ സത്യനാരായണ ചൗധരിയെയും വെടിവച്ച കേസിലായിരുന്നു നന്ദമൂരി ബാലകൃഷ്‌ണ വലിയ വിവാദങ്ങളിലേക്ക് എടുത്തെറിയപ്പെട്ടത്. ആ കേസ് പലതവണ തെന്നിന്ത്യൻ മാധ്യമങ്ങളിൽ നിറഞ്ഞു. ആന്ധ്രാപ്രദേശിന്റെ ഭരണത്തിലും സിനിമയിലും വ്യവസായത്തിലും എറെ മുൻകയ്യുള്ള നന്ദമൂരി കുടുംബത്തിലെ അംഗമാണ് അദ്ദേഹം. സിനിമയിൽ സൂപ്പർസ്റ്റാറായി നിറയുമ്പോൾ‌ തന്നെ ജനപ്രതിനിധി കൂടിയാണ് അദ്ദേഹം. സീമാന്ധ്രയിലെ അനന്തപ്പൂർ ജില്ലയിലെ ഹിന്ദുപ്പൂർ മണ്ഡലത്തിൽ തെലുങ്കുദേശം പാർട്ടിയുടെ എംഎൽഎയാണ് 2014 മുതൽ. ആന്ധ്രയുടെ വ്യവസായ മേഖലയിലേക്ക് വരച്ചിട്ടു അദ്ദേഹം തന്റെ മണ്ഡലത്തെ. ജീവകാരുണ്യമേഖലയിലും സജീവമായി നിറയുന്ന അവരുടെ ബാലയ്യ ചെയ്യുന്നതും പറയുന്നതും എല്ലാം അവർ ഹൃദയം െകാണ്ടാണ് കേൾക്കാറുള്ളത്.  1983ൽ രാമറാവു മത്സരിച്ചു ജയിച്ച ഹിന്ദുപ്പൂർ അന്നുമുതൽ ടിഡിപിയുടെ ശക്‌തികേന്ദ്രമാണ്. 1985,1989, 1994 തിരഞ്ഞെടുപ്പുകളിലും എൻടിആർ ജയിച്ച ഈ മണ്ഡലത്തിൽ 1996ലെ ഉപതിരഞ്ഞെടുപ്പിൽ എൻടിആറിന്റെ മൂത്തമകനും ടിഡിപി പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ഹരികൃഷ്‌ണയും വിജയിച്ചിരുന്നു.

അച്ഛൻ എൻടിആറിന്റെ ആത്മകഥ സിനിമയാക്കിയപ്പോൾ ആ വേഷം ചെയ്ത് ഫലിപ്പിച്ചത് ബാലകൃഷ്ണ ആയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തെലുങ്കുദേശം പാർട്ടിക്കു വേണ്ടി എൻ.ടി.രാമറാവുവിന്റെ ജീവിതം പറഞ്ഞ് ബാലകൃഷ്ണ നായകനായ സിനിമയും വൈഎസ്ആർ കോൺഗ്രസിനു വേണ്ടി വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ് മമ്മൂട്ടി നായകനായ യാത്രയും തിയറ്ററിലെത്തിയിരുന്നു. സിനിമകൾ രണ്ടും പ്രകടനം െകാണ്ടും മേക്കിങ് െകാണ്ടും മികച്ച് നിന്നെങ്കിലും ആന്ധ്രയുടെ ഭരണവും തിയറ്റർ വിജയവും െകാണ്ടുപോയത് വൈഎസ്ആർ കോൺഗ്രസും യാത്രയുമായിരുന്നു. സിനിമയും രാഷ്ട്രീയവും ഇടകലർന്ന് കിടക്കുന്ന തമിഴ്നാട് പോലെ തന്നെയാണ് തെലുങ്ക് നാട്ടിലെയും കാഴ്ച. തമിഴകത്ത് എംജിആർ, കരുണാനിധി, ജയലളിത... അങ്ങനെ പോകുമെങ്കിൽ തെലുങ്കിൽ എൻടിആറും കുടുംബവുമാണ് വാഴുന്നത്. അദ്ദേഹത്തിന്റെ മക്കളും മരുമക്കളും െകാച്ചുമക്കളും എല്ലാം ചേർന്ന് ആന്ധ്രയുടെ സിനിമ–രാഷ്ട്രീയ മേഖല ഭരിക്കുന്നു. ആ കുടുംബം തെലുങ്ക് മണ്ണിന് നൽകിയ സംഭാവനകൾ മറന്ന് ആന്ധ്രയ്ക്ക് മുന്നോട്ടുപോകാനും കഴിയില്ല.

സിനിമയിലും ജീവിതത്തിലും രാഷ്ട്രീയത്തിലും  അന്നും ഇന്നും താൻ തെളിച്ച വഴിയിലേ ബാലകൃഷ്ണ പോയിട്ടുള്ളൂ. ബാലകൃഷ്ണയുടെ അഭിനയത്തെയും പൊതുവേദികളിലെ അഭിപ്രായ പ്രകടനങ്ങളെയുമൊക്കെ ഒരു വിഭാഗം പരിഹസിക്കുമ്പോഴും, ഈ പ്രായത്തിലും സ്ക്രീനിൽ പ്രണയവും അമ്പരപ്പിക്കുന്ന ആക്ഷനും െകാണ്ട് തന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്നു അദ്ദേഹം.

1960ൽ എൻടിആറിന്റെ ആറാമത്തെ മകനായി ജനിച്ച നന്ദമൂരി ബാലകൃഷ്ണ, 1974ൽ 14–ാം വയസ്സിലായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. തെലുങ്കന്റെ ആത്മാവിൽ ഇന്നും കുടികൊള്ളുന്ന അവരുടെ താരദൈവത്തിന്റെ മകനെ അതേ സ്നേഹത്തോടെ തെലുങ്ക് മക്കൾ വളർത്തി. 1984ൽ സഹസമേ ജീവിതം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം. പിന്നീട് ആ വർഷം തന്നെ ഏഴുചിത്രങ്ങളിൽ നായകനായി. 85–ൽ 6 ചിത്രങ്ങൾ, 87ൽ 7 ചിത്രങ്ങൾ , 88ൽ 8 ചിത്രങ്ങൾ അങ്ങനെ കരിയറിന്റെ തുടക്കത്തിൽ തന്നെ കൈനിറയെ ചിത്രങ്ങളും ഹിറ്റുകളും. ആ ജൈത്രയാത്ര 2022ലും കൊടികെട്ടി പറക്കുന്നു എന്നത് അദ്ദേഹത്തിന്റെ മിടുക്ക് കൂടിയാണ്. ഇന്നും പ്രായം മറക്കുന്ന വേഷങ്ങളിൽ പ്രണയങ്ങളിൽ ഫൈറ്റ് സീനുകളിൽ ഡാൻസ് സീനുകളിൽ ബാലയ്യ ഗാരു അവരെ വിസ്മയിപ്പിക്കുന്നു.

 .

തമിഴിൽ വിജയകാന്ത് ചിത്രങ്ങൾ വൻവിജയം നേടിയപ്പോൾ അതേ മാതൃക പിന്തുടർന്നായിരുന്നു തെലുങ്കിൽ ബാലയ്യുടെ വളർച്ച എന്ന് വിലയിരുത്തിയവരുണ്ട്. വിജയകാന്ത് ചിത്രങ്ങളുടെ രീതിയിൽ എത്തിയതെല്ലാം ബാലയ്യയുടെ തെലുങ്ക് ഹിറ്റുകളായി.  ലോറി ഡ്രൈവർ, നരസിംഹ നായിഡു, ആദിത്യ, റൗഡി ഇൻസ്പെക്ടർ, സമരസിംഹ റെഡ്ഡി, സിംഹ, ലെജന്റ്, ജയ് സിംഹ, അഖണ്ഡ... അങ്ങനെ ബ്ലോക്ബസ്റ്റർ ഹിറ്റടിച്ച ചിത്രങ്ങൾ ഉൾപ്പെടെ എണ്ണമറ്റ സിനിമകളിൽ ഈ പ്രായത്തിലും അദ്ദേഹം നിറയുന്നു. തെലുങ്കിലെ മാസ് മസാലാ ആരാധകർക്കും തന്നെ ട്രോളാൻ ഇരിക്കുന്നവർക്കും അദ്ദേഹം വേണ്ടെതല്ലാം വാരി കോരി െകാടുത്തു. പാഞ്ഞെത്തുന്ന ട്രെയിനെ ചൂണ്ടുവരലിൽ നിര്‍ത്തി തിരിച്ചയക്കുക, ഓടുന്ന ട്രെയിനെ ബൈക്കിൽ ചെയ്സ് ചെയ്ത് പിടിക്കുക, വിമാനത്തെ വെടിവച്ച്  നിർത്തുക.. അങ്ങനെ മൂക്കത്ത് വിരൽ വച്ചുപോകുന്ന എന്തെല്ലാം ആക്ഷനുകൾ, ഡയലോഗുകൾ, ഫൈറ്റ് സീനുകൾ..  നരസിംഹ നായിഡു എന്ന സിനിമയിലെ അദ്ദേഹത്തിന്റെ ക്ലാസിക്കൽ ഡാൻസ് സീൻ ഇപ്പോഴും തരംഗമാണ്.

എൻടിആറിനെ  പോലെ നെടുനീളൻ ഡയലോഗുകൾ കാണാതെ പഠിച്ച് പ്രാസം ഒപ്പിച്ച് പറഞ്ഞ് ഫലിപ്പിച്ച് കയ്യടി വാങ്ങാനുള്ള ബാലകൃഷ്ണയുടെ മിടുക്ക് മറ്റൊരു തെലുങ്ക് നടനും അത്ര വഴങ്ങുന്നതല്ല. അതിനെ കളിയാക്കുന്നവരുണ്ടാകാം, ജയ് വിളിക്കുന്നവരുണ്ടാകാം. അതൊക്കെ  അവരവരുടെ ഇഷ്ടം എന്നതാണ് ബാലയ്യ ലൈൻ. അദ്ദേഹത്തിന്റെ സിനിമകൾ അദ്ദേഹത്തിന്റേത് മാത്രമാണ്. ബാലയ്യയെ അങ്ങനെ കാണാനാണ് ആരാധകർക്കും ഇഷ്ടം. കാരണം അവർക്ക് ഇതുപോെല ചെയ്യാൻ ഒരു ബാലയ്യയേ ഉള്ളൂ.

കൊക്കകോള പെപ്സി.. ബാലയ്യ ബാബു സെക്സി, എസി കൂളർ ബാലയ്യ ബാബു റൂളർ, അയോധ്യയിൽ രാമയ്യ ഇൻഡസ്ട്രിയിൽ ബാലയ്യ, എ.എം പി.എം ബാലയ്യ ബാബു സി.എം, ഹൈദരാബാദ് സിക്കന്ദ്രാബാദ് ബാലയ്യബാബു സിന്ദാബാദ്, ഹീറോ ഹോണ്ട സ്പെളെണ്ടർ ബാലയ്യ ബാബു തണ്ടർ.. തെലുങ്കിൽ ഇപ്പോഴും വൻഹിറ്റായുള്ള ബാലയ്യ മുദ്രാവാക്യങ്ങളാണിത്. മസാല സിനിമകൾക്കും അമാനുഷിക ആക്ഷൻ രംഗങ്ങൾക്കും കയ്യടിച്ചിരുന്ന തെലുങ്ക് പ്രേക്ഷകരെ പതിറ്റാണ്ടുകൾ തൃപ്തിപ്പെടുത്തിയ താരത്തിന്റെ പേരുകൂടിയാണ് നന്ദാമൂരി ബാലകൃഷ്ണ. മെഗാസ്റ്റാർ ചിരഞ്ജീവിയെ പോലെ സിനിമയിലും രാഷ്ട്രീയത്തിലും ഒരേ സമയം ഒരുപോലെ വിജയിച്ച മനുഷ്യൻ. അഹങ്കാരിയായും വിവാദനായകനായും ട്രോളൻമാരുടെ ഇഷ്ടതാരമായും നിറയുമ്പോഴും തെലുങ്കന്റെ മനസ്സിൽ അവരുടെ ബാലയ്യ്ക്ക് പകരം വയ്ക്കാൻ മറ്റൊരാളില്ല. കോവിഡ് പ്രതിസന്ധിയിലും അഖണ്ഡ നേടിയ കോടിക്കണക്ക് അതിന് അടിവരയിടുന്നു. ഇനി വരാനിരിക്കുന്ന വീര സിംഹ റെഡ്ഢിയും നൽകുന്ന പ്രതീക്ഷ ചെറുതല്ല. കാത്തരിക്കാം ബാലയ്യ ഗാരുവിന്റെ പുതിയ അഭ്യാസങ്ങൾക്കായി.  

MORE IN ENTERTAINMENT
SHOW MORE