‘ആരാധകരെ മാസത്തിൽ ഒരിക്കൽ നേരിട്ടുകാണും’; തുടക്കമിട്ട് വിജയ്; ഇരച്ചെത്തി ഇഷ്ടക്കാർ

vijay-fans-meet
SHARE

മാസത്തിൽ ഒരിക്കൽ ആരാധകരോടൊത്ത് ചെലവഴിക്കാനുള്ള തീരുമാനവുമായി തമിഴ് സൂപ്പർ താരം വിജയ്. വിജയ്‌യുടെ ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ ഇയക്കമാണ് വെബ്സൈറ്റിലൂടെ നടന്റെ തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് തുടക്കമിട്ട് ഇന്നലെ ആരാധകരും ഫാൻസ് അസോസിയേഷൻ ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തി.5 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് താരം ആരാധകരുടെ മുന്നിലെത്തുന്നത്. 

പൊങ്കലിനോട് അനുബന്ധിച്ച് പുതിയ ചിത്രമായ ‘വാരിസ്’ റിലീസ് ചെയ്യുന്നതിനു മുന്നോടിയായി ആരാധകരെ സജീവമാക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ മത്സരിക്കുകയും നിരവധി സീറ്റുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത വിജയ് മക്കൾ ഇയക്കത്തെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുക്കാനും ആരാധകരുമായുള്ള കൂടിക്കാഴ്ചകൾ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ചെന്നൈയ്ക്കടുത്ത് പനയൂരിലുള്ള വീട്ടിൽ ‍താരം നേരിൽ ‍കാണുമെന്ന് അറിയിച്ചതിനെ തുടർന്ന് നൂറുകണക്കിന് ആരാധകരാണ് ‍ഞായറാഴ്ച രാവിലെ മുതൽ വീടിനു മുന്നിൽ എത്തിച്ചേർന്നത്. തമിഴ്നാട്ടിൽ ‍നിന്നുള്ള ആരാധകർക്കു പുറമേ വിജയ് മക്കൾ ‍ഇയക്കത്തിന്റെ കേരളം, ആന്ധ്രപ്രദേശ്, പുതുച്ചേരി സംസ്ഥാന ഭാരവാഹികളും നടനെ കാണാനെത്തി.

ഇയക്കത്തിന്റെ ജില്ലാ സെക്രട്ടറിമാരുമായും വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികളുമായും വിജയ് കൂടിക്കാഴ്ച നടത്തുകയും ഇവരോടൊത്ത് ഫോട്ടോയെടുക്കുകയും ചെയ്തു.

MORE IN SPORTS
SHOW MORE