‘എടാ, നിങ്ങളോട് ഞാന്‍ കാശ് മേടിക്കാനോ’; കെട്ടിപ്പിടിച്ച് ഭാര്യ; കണ്ണുനിറഞ്ഞ് ഞങ്ങള്‍

mammootty-sulphath
SHARE

2007 ൽ റിലീസ് ചെയ്ത ‘കഥ പറയുമ്പോൾ’ എന്ന സൂപ്പർ ഹിറ്റ് സിനിമ തന്റെ ജീവിതത്തിൽ വഴിത്തിരിവായതിനെപ്പറ്റി തുറന്നു പറഞ്ഞ് മുകേഷ്. മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയ സിനിമയിൽ ശ്രീനിവാസനും മീനയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാർബർ ബാലനും സൂപ്പർ സ്റ്റാർ അശോക് രാജും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകന്റെ ഉള്ളുലച്ചു. മുകേഷും ശ്രീനിവാസനും ആയിരുന്നു നിർമാതാക്കൾ. സിനിമയിൽ പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചതെന്ന് മുകേഷ് പറയുന്നു. സിനിമയുടെ കഥ പറയാൻ മമ്മൂട്ടിയുടെ വീട്ടിൽ പോയപ്പോഴുണ്ടായ വൈകാരിക അനുഭവങ്ങളെപ്പറ്റി തന്റെ സ്വന്തം യൂട്യൂബ് ചാനലിൽ മനസ്സ് തുറക്കുകയാണ് ആ സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ മുകേഷ്.

‘‘എറണാകുളത്ത് ഒരു വിവാഹ ആഘോഷം നടക്കുന്നതിനിടെയാണ് ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിന്റെ കഥ ശ്രീനിവാസൻ എന്നോടു പറയുന്നത്. അദ്ദേഹം എന്നെ മാറ്റി നിർത്തി പറഞ്ഞു, ‘‘നീ മുൻപ് ഒരിക്കൽ സിനിമ നിർമിക്കുന്ന കാര്യം പറഞ്ഞില്ലേ. അത് നമുക്ക് ഒരുമിച്ച് ഇപ്പോൾ നിർമിച്ചാലോ. സിനിമ വിജയിച്ചേക്കും എന്നു തോന്നുന്നു. എല്ലാം നീ നോക്കണം, നമ്മുടെ കാശ് അധികം പോകരുത്’’. ഇപ്പൊത്തന്നെ ഇറങ്ങുകയാണെന്ന് ഞാനും പറഞ്ഞു. നിനക്ക് കഥ കേൾക്കേണ്ടേ എന്ന് ശ്രീനിവാസൻ ചോദിച്ചു. ഞാൻ പറഞ്ഞു ‘‘നിന്റെ കഥയല്ലേ, എനിക്ക് കേൾക്കണമെന്നില്ല’’.

‘കഥ കേട്ടിട്ട് നിന്റെ പ്രതികരണം കണ്ടിട്ടു മതി ഈ കഥയുമായി മുന്നോട്ടു പോകുന്നത്. നിന്റെ വിലയിരുത്തൽ എനിക്കു വേണം.’’– ശ്രീനിവാസൻ പറഞ്ഞു. അങ്ങനെ ആ ഹോട്ടലിലിന്റെ ഓരത്തു നിന്ന് അദ്ദേഹം ‘കഥപറയുമ്പോൾ’ എന്ന ചിത്രത്തിന്റെ കഥ പറഞ്ഞു. കഥ കേട്ടിട്ട് ഞാൻ കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞു. പുള്ളി എന്നെ ചേർത്തു പിടിച്ചു. എന്നിട്ട് ക്ലൈമാക്‌സിലെ ഡയലോഗ് തന്നെ അവിടെ നിന്നു പറഞ്ഞു. കണ്ണ് തുടച്ചിട്ട് ഞാൻ പറഞ്ഞു, ‘‘നഷ്ടം വന്നാലും ലാഭം വന്നാലും കൂട്ടുകാരായ നമ്മൾ എടുക്കേണ്ടത് സൗഹൃദത്തിന്റെ ഈ കഥ തന്നെയാണ്’’. ശ്രീനിവാസൻ എന്റെ കയ്യിൽ മുറുകെ പിടിച്ചു. ചെറിയൊരു പ്രശ്നമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘‘ഇതിന്റെ സംവിധാനം ആദ്യം തന്നെ തീരുമാനിച്ചിട്ടുണ്ട്. എന്റെ അളിയൻ എം. മോഹനൻ ആണ് ഇത് ചെയ്യുന്നത്, ഇനി അയാളെ മാറ്റിയാൽ കുടുംബ പ്രശ്നം ഉണ്ടാകും’’. ഞാൻ പറഞ്ഞു, ‘‘അയാളെ മാറ്റിയാൽ ഞാൻ പ്രശ്നം ഉണ്ടാക്കും. ഇത് മോഹനൻ സംവിധാനം ചെയ്യുന്നു. ശ്രീനി അഭിനയിക്കുന്നു’’. അങ്ങനെ അവിടെ വച്ച് സിനിമ തീരുമാനിച്ചുറപ്പിച്ചുപോകുന്നു.

ചിത്രത്തിൽ ഒരു അതിഥിവേഷമുണ്ട്. അതിഥി വേഷം മമ്മൂക്ക തന്നെ ചെയ്യണം. ഞങ്ങൾ മമ്മൂക്കയുടെ വീട്ടിൽ കഥ പറയാൻ പോയി. മമ്മൂക്കയും ഭാര്യയും അവിടെയുണ്ട്. ഞങ്ങളായതു കൊണ്ട് മമ്മൂക്കയുടെ ഭാര്യ അവിടെത്തന്നെ നിന്നു. ഞങ്ങളാണ് ഈ സിനിമ നിർമിക്കുന്നതെന്ന് മമ്മൂക്ക സുൽഫത്തിനോട് പറഞ്ഞിരുന്നു.

ഞാൻ പറഞ്ഞു, ‘‘ശ്രീനി, കീഴ്‌വഴക്കം അനുസരിച്ച് ആ കഥ അങ്ങോട്ട് പറ’’. മമ്മൂക്ക പറഞ്ഞു ‘‘കീഴ്‌വഴക്കം അനുസരിച്ച് ആ കഥ പറയണ്ട’’. ഞാൻ ചോദിച്ചു ‘‘അതെന്താണ്?’’. അദ്ദേഹം പറഞ്ഞു ‘‘ശ്രീനിയുടെ കഥയിൽ എനിക്ക് വിശ്വാസമാണ്, മാത്രമല്ല പല സന്ദർഭങ്ങളിലും കഥ പറഞ്ഞിട്ടുമുണ്ട്, കഥ പറഞ്ഞ് നിങ്ങൾ സമയം കളയേണ്ട. എനിക്കതിനുള്ള സമയവും ഇല്ല, ഞാൻ എന്നു വരണം എന്നുമാത്രം പറഞ്ഞാൽ മതി’’. ഞാൻ പറഞ്ഞു, ‘‘മമ്മൂക്കയുടെ പ്രതിഫലം പറഞ്ഞ് ഞങ്ങളെക്കൊണ്ടു താങ്ങുമെങ്കിൽ മാത്രമേ ചെയ്യുന്നുള്ളൂ. എത്രയാണെങ്കിലും പറഞ്ഞോളൂ. ബാർബർ ബാലനാണ് ഇതിലെ ഹീറോ, അങ്ങയുടേത് ഫുൾ ലെങ്ത് വേഷം അല്ല. സൂപ്പർ സ്റ്റാറിന്റെ റോളിന് അഞ്ചു ദിവസം മാത്രം മതി. അതിനു ഞങ്ങൾ എന്തു തരണം. ഏതൊക്കെ റൈറ്റ്സ് തരണം, ഞങ്ങൾ എത്ര അഡ്വാൻസ് തരണം.’’

ഞാൻ നോക്കിയപ്പോൾ, അത് കേട്ടുകൊണ്ട് ഞങ്ങളേക്കാൾ ടെൻഷനായിട്ട് അദ്ദേഹത്തിന്റെ ഭാര്യ നിൽക്കുകയാണ്. അപ്പോൾ മമ്മൂക്ക എഴുന്നേറ്റ് ഞങ്ങൾ രണ്ട് പേരെയും തോളിൽ കയ്യിട്ട് പറഞ്ഞു, ‘‘ഈ പടം ഞാൻ ഫ്രീ ആയി അഭിനയിക്കുന്നു’’. ഞാൻ പറഞ്ഞു, ‘‘തമാശ പറയേണ്ട സമയം അല്ല മമ്മൂക്ക. ജീവന്മരണ പോരാട്ടമാണ്, ഞങ്ങൾ നിർമാതാക്കൾ ആകുമോ എന്ന് ഇപ്പൊ തീരുമാനിക്കണം’’.

അദ്ദേഹം പറഞ്ഞു, ‘‘എടാ, നിങ്ങളുടെ അടുത്ത് നിന്ന് ഞാൻ കാശ് മേടിക്കാനോ, എത്ര കൊല്ലമായി നമ്മൾ ഒന്നിച്ച് നിൽക്കുന്നതാണ്. ഞാനെന്റെ അഞ്ച് ദിവസം ഫ്രീ ആയി നിങ്ങൾക്ക് തരുന്നു, ഡേറ്റ് പറഞ്ഞാൽ മാത്രം മതി’’. ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് മമ്മൂക്കയുടെ ഭാര്യ പുറകിലൂടെ വന്ന് മമ്മൂക്കയെ കെട്ടിപ്പിടിച്ചു. അവർ ടെൻഷനിൽ ആയിരുന്നു. വലിയ റേറ്റ് ഒക്കെ പറഞ്ഞിട്ട് ഞങ്ങൾക്ക് താങ്ങില്ല എന്ന് പറഞ്ഞാലുണ്ടാകുന്ന വിഷമ സാഹചര്യം അഭിമുഖീകരിക്കാൻ പറ്റാത്തതിലുള്ള ടെൻഷനിൽ നിൽക്കുകയായിരുന്ന അവർ പറഞ്ഞു ‘‘ഇച്ചാക്കാ നന്നായി.’’

‘കഥ പറയുമ്പോൾ’ സിനിമയേക്കാൾ വലിയ കുടുംബ നിമിഷം ആയിരുന്നു അത്. ഞങ്ങളുടെ എല്ലാവരുടെയും കണ്ണ് നിറഞ്ഞു. കൈ കൊടുത്ത് ഭക്ഷണവും കഴിച്ച് അവിടം വിട്ടു. തുടർന്ന് ഞങ്ങൾ സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങളിലേക്കു കടന്നു.

MORE IN ENTERTAINMENT
SHOW MORE