തലൈവര്‍ @47; മങ്ങാത്ത കോടിമൂല്യം; അപമാനം, ചിരി, ജയഭേരി; രാജാ രജനി..!

rajini-life-story
SHARE

അന്ന് എവിഎം സ്റ്റുഡിയോയിൽ നിന്ന് ആ നിർമാതാവ് അപമാനിച്ച് ഇറക്കിവിട്ടപ്പോൾ, റോഡിൽ വച്ച് മനസ്സിലെടുത്ത ശപഥം. കൃത്യം രണ്ടരവർഷം കഴിഞ്ഞപ്പോൾ എവിഎം ഉടമ ചെട്ടിയാരുടെ കയ്യിലുണ്ടായിരുന്ന ഇറ്റാലിയൻ ഫിയറ്റ് കാർ, നാലേകാൽ ലക്ഷത്തിന് രജനി വാങ്ങി. ഫോറിൻ കാർ ഓടിക്കാൻ ഇന്ത്യൻ ഡ്രൈവർ വേണ്ട,  യൂണിഫോമും െതാപ്പിയും അടക്കം നൽകി ഒരു ആംഗ്ലോ ഇന്ത്യനെ ഡ്രൈവറായും നിയമിച്ചു. ആ കാറിൽ കയറി കാലിന്‍മേല്‍ കാല് കയറ്റിവച്ച് രജനി പറഞ്ഞു. എട്ര വണ്ടി എവിഎംക്ക്. അന്ന് അപമാനിച്ച് ഇറക്കി വിട്ട അതേ ഫ്ലോറിൽ, ആ നിർമാതാവിന്റെ അംബാഡിസർ വന്നുനിന്ന അതേ സ്ഥലത്ത്, രജനി ഫോറിൻ കാറിൽ വന്നിറങ്ങി. പിന്നെ 555 സിഗററ്റും വലിച്ച്, അതേ കാറിൽ ചാരിെയാരു നിൽപ്പ്. ഇത് താൻ രജനി സ്റ്റൈൽ. കഴിവിനും കഠിനാധ്വാനത്തിനും അപ്പുറം സമയം എന്നൊന്ന് ഉണ്ടെന്ന് ഈ കഥ പറഞ്ഞശേഷം രജനി കൂട്ടിച്ചേർത്തിരുന്നു. വീണവൻ വാഴും. വാണവൻ വീഴും. സിനിമാ ജീവിതത്തിന്റെ 47–ാം വർഷത്തിലും  ആ സ്റ്റാർഡത്തിന്, ആ പ്രഭാവലയത്തിന്, ആ സ്റ്റൈലിന്, തിരയിലെ ആ എടുപ്പിന് അണുവിട തേയ്മാനമില്ല. എന്നെ വാഴ്ക വച്ച ദൈവങ്കളാണ അൻപ് തമിഴക മക്കളെ എന്ന് അദ്ദേഹം പറയുമ്പോൾ ഉയരുന്ന ആരവമാണ് ശിവാജി റാവു ഗെയ്ഗ്വാദിനെ സൂപ്പർസ്റ്റാർ രജനികാന്താക്കിയത്.

ആദ്യം വില്ലൻ, പിന്നെ സഹനടൻ, ഹീറോ, സ്റ്റാർ, സ്റ്റൈൽ മന്നൻ, സൂപ്പർ സ്റ്റാർ, ഇന്ന് തലൈവർ.. നടന്ന വഴിയെല്ലാം തനീ വഴിയായിരുന്നു. നീ നടന്താൽ നടയഴക്, നീ സിരിച്ചാൽ സിരിപ്പഴക്,നീ പേച്ചും തമിഴ് അഴക്, നീ ഒരുവൻ താൻ അഴക്.. ഇന്ത്യൻ സിനിമാലോകത്ത് നാലര പതിറ്റാണ്ടിലേറെയായി നിറയുന്ന ഒരേയൊരു സൂപ്പർ സ്റ്റാർ. ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടൻമാരിൽ ഒരാൾ. ഇതുവരെ ഒരു പരസ്യചിത്രത്തിൽ പോലും അഭിനയിക്കാത്ത സൂപ്പർ സ്റ്റാർ, ജപ്പാനിൽ ആദ്യമായി ആരാധകവൃന്ദത്തെ ഉണ്ടാക്കിയ ഇന്ത്യൻ നടൻ. മുത്തു എന്ന രജനി ചിത്രം 200ലധികം ദിവസമാണു ജപ്പാനിൽ ഓടിയത്. അദ്ഭുത നടൻ എന്നാണു ജപ്പാൻകാർ രജനിയെ വിശേഷിപ്പിക്കുന്നത്. ഇന്ന് തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ നികുതി നൽകുന്ന താരം.

പറഞ്ഞു പറഞ്ഞു പഴകിയ ഈ വാഴ്ത്തലുകൾക്ക് അപ്പുറം ആരാണ് രജനികാന്ത് എന്ന ചോദ്യത്തിനും എങ്ങനെയാണ് ഇങ്ങനെയായത് എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം ഇന്നുമില്ല. ഇനി ഉണ്ടാവുകയുമില്ല. പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരുവികാരത്തിന്റെ പേരാണ് തമിഴര്‍ക്ക് രജനികാന്ത്. ഒരു സാധാരണക്കാരന് സിനിമാലോകത്ത് എത്തിപ്പിടിക്കാൻ കഴിയുന്ന പദവികൾ, പുരസ്കാരങ്ങൾ, സമ്പത്ത്, ജനങ്ങളിൽ ഉള്ള സ്വാധീനം... അങ്ങനെ എല്ലാമെല്ലാം രജനിയോളം മറ്റാർക്കും നേടാൻ ഈ നൂറ്റാണ്ടിൽ കഴിഞ്ഞിട്ടില്ല. ബ്ലാക്ക് ആന്റ് വൈറ്റ്, കളർ, ത്രീഡി, ആനിമേഷൻ.. അങ്ങനെ സിനിമയുടെ വിവിധ ഘട്ടങ്ങളിൽ മാറ്റമില്ലാതെ തുടരുന്ന ഒറ്റപ്പേര്. വെള്ളയോ കറുപ്പോ വസ്ത്രം ധരിച്ച്, കഷണ്ടി തല കാട്ടി, ലാളിത്യം മുഖമുദ്രയാക്കി അതിവേഗം െപാതുവേദിയിൽ നടന്നെത്തുന്ന നടൻ. അനാരോഗ്യം അലട്ടുമ്പോഴും, സ്ക്രീനിൽ രജനിയോളം എനർജിയും മുഖത്തെ പ്രസരിപ്പും മറ്റൊരു നടനും ഇക്കാലത്തും അവകാശപ്പെടാൻ കഴിയില്ല.

1975ൽ കണ്ണുകൾ കണ്ടാണ് സിനിമയിലേക്ക് തിരഞ്ഞെടുത്തതെന്നും കണ്ണിൽ ആകർഷിക്കുന്ന എന്തോ ഒന്ന് ഉണ്ടെന്നും കെ.ബാലചന്ദര്‍ പറഞ്ഞത് രജനി ഓര്‍ത്തെടുക്കാറുണ്ട്. ആ കണ്ണ് വച്ച് രജനി സമ്പാദിച്ചതാണ് ഇന്ന് ഈ കാണുന്നതെല്ലാം. സംഭാഷണത്തിന്റെ വേഗം, നേർവരയിൽ ചടുലമായ നടപ്പ്, പാതാളത്തിലേക്കെറിഞ്ഞാലും ചുണ്ടിലേക്കു തിരികെ വരുന്ന സിഗരറ്റ്... ഇതെല്ലാം കണ്ടപ്പോൾ രജനി തമിഴ്‌ജനതയുടെ ഹരമായി മാറി. ‘അപൂർവരാഗങ്ങളി’ലൂടെ ഗേറ്റ് തുറന്ന് കാലെടുത്ത് വച്ചത്, ഇന്ത്യൻ സിനിമ അന്നോളം കൊണ്ടാടപ്പെടാത്ത, താരത്തിന്റെ തലയിലെഴുത്തുമായിട്ടാണെന്ന് അന്ന് ശിവാജി റാവു അറിഞ്ഞിരുന്നില്ല.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ നാലരപതിറ്റാണ്ടിലേറെയായി തുടരുന്ന സിനിമാ ജീവിതം. മാതൃഭാഷയായ മറാത്തിയിൽ മാത്രം അഭിനയിച്ചിട്ടില്ല എന്നതും കൗതുകം. ശിവാജിറാവു എന്ന മഹാരാഷ്‌ട്രക്കാരൻ തമിഴന്റെ ആത്മാവിൽ അവനോളം തന്നെ ലയിച്ചുവളർന്ന വർഷങ്ങൾ. രജനിയുടെ സ്റ്റൈലും മാനറിസങ്ങളും അനുകരിക്കാത്ത ഒരു തമിഴ് പയ്യനെയോ തമിഴ് നടനെയോ ഇന്നും കാണാൻ കഴിയില്ല. ബെംഗളൂരുവിൽ കണ്ടക്ടറായി ജോലി ചെയ്ത് ജിവിച്ചുപോന്ന യുവാവിന്റെ മനസ്സിൽ സിനിമാമോഹം കുത്തിനിറച്ചത് അന്ന് പ്രണയിച്ചൊരു പെൺകുട്ടിയും സുഹൃത്തുക്കളുമായിരുന്നു.

1950 ഡിസംബർ 12നു മഹാരാഷ്‌ട്ര സ്വദേശിയായ പൊലീസ് കോൺസ്റ്റബിൾ രാമോജിറാവു ഗെയ്‌ക്‌വാദിന്റെയും രമാബായിയുടെയും മകനായി ബെംഗളൂരുവിൽ ജനിച്ച ശിവാജി റാവു ഗെയ്‌ക്‌വാദ്, ബെംഗളൂരു ശിവാജി നഗറിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന കാലം. ഒരു ദിവസം ഒരു പെൺകുട്ടി ബസിന്റെ മുന്നിലത്തെ ഡോറിലൂടെ കയറാൻ നോക്കി. സാധാരണ മുന്നിലത്തെ ഡോർ ആളുകൾക്ക് ഇറങ്ങാൻ ഉള്ളതാണ്. ഇതുകണ്ട ശിവാജി പിന്നിലത്തെ ഡോറിലൂടെ കയറാൻ അവളോട് ആവശ്യപ്പെട്ടു. പോ അയ്യ, എന്ന് പറഞ്ഞ് ആ കണ്ടക്ടറുടെ കൈ തട്ടിമാറ്റി അവൾ മുന്നിലത്തെ ഡോറിലൂടെ തന്നെ അകത്തുകയറി. ആരെടാ ഇവൾ എന്ന ചിന്തയിലായി ശിവാജി. ആ ഉടക്കിൽ നിന്നും പിന്നീട് സൗഹൃദം തുടങ്ങി. അന്ന് അവൾ എംബിബിഎസ്സിന് പഠിക്കുകയാണ്. നിർമല എന്നായിരുന്നു പേര്. നിമ്മി എന്നാണ് ശിവാജി വിളിച്ചിരുന്നത്.

കണ്ടക്ടർ ജോലിക്കിടെയിലും അഭിനയമോഹം െകാണ്ട്  നാടകം കളിക്കുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഒരിക്കൽ നാടകം കാണാൻ നിമ്മിയെയും വിളിച്ചു. അവളെത്തി നാടകം കണ്ടു. കുറച്ച് നാളുകൾക്ക് ശേഷം ചെന്നൈ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു ഇന്റർവ്യൂ കാർഡ് ശിവാജിയെ തേടിയെത്തി. അതിനുള്ള ആപ്ലിക്കേഷൻ അയച്ചത് നിമ്മി ആയിരുന്നു. നിങ്ങൾ സിനിമയിൽ എത്തണം. എനിക്ക് നിങ്ങളുടെ വലിയ പോസ്റ്ററുകളും കട്ടൗട്ടുകളും കാണണം. നിങ്ങൾ ലോകം അറിയുന്ന ഒരു നടനാകും എന്നെനിക്ക് ഉറപ്പുണ്ട്. എന്റെ വലിയ മോഹമാണത്. അന്ന് നാടകം കണ്ടപ്പോൾ എനിക്ക് ഉറപ്പായി നിങ്ങളിൽ ഒരു നല്ല നടനുണ്ടെന്ന്– അവൾ പറഞ്ഞു.

പക്ഷേ നിമ്മി, എന്റെ കയ്യിൽ അതിനുള്ള പണമില്ല. ഞാൻ എങ്ങനെ പോകും എന്നായി ശിവാജി. ഇതുകേട്ട നിമ്മി 500 രൂപ എടുത്ത് അവന്റെ കയ്യിൽ െകാടുത്തു. നിങ്ങൾ പോയി വരൂവെന്ന് പറഞ്ഞു. അവളും സുഹൃത്തുക്കളും നിർബന്ധിച്ചതോടെ ചെന്നൈയ്ക്ക് വണ്ടി കയറി. പക്ഷേ പിന്നീട് നിമ്മിയെ കുറിച്ച് ഒരു വിവരവും ഇല്ലാതായി. അവളെ തേടി അവൻ തിരിച്ച് ബെംഗളൂരുവിലെത്തി. അവർ താമസിച്ചിരുന്ന സ്ഥലത്ത് പോയി. അപ്പോഴേക്കും അവർ ആ നാട് വിട്ടുവെന്നാണ് അദ്ദേഹത്തിന് അറിയാൻ കഴിഞ്ഞത്. എങ്ങോട്ട് പോയെന്ന് ആർക്കും അറിയില്ല. ഒരുപാട് അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോയ ഒരു പെൺകുട്ടി.അവളുടെ വാക്കുകൾ സത്യമായി. ശിവാജി റാവു വലിയ താരമായി, രജനികാന്തായി. പക്ഷേ എന്നിട്ടും നിമ്മി അദ്ദേഹത്തെ കാണാൻ വന്നില്ല. ഒന്നുകിൽ അവൾ ഇന്ന് ജിവിച്ചിരിപ്പില്ല. അല്ലെങ്കിൽ അവളുടെ ആ വലിയ മനസ്സ്. ഞാൻ ഈ നിലയിൽ എത്തിയിട്ടും എല്ലാം അറിയുകയും കാണുകയും ചെയ്തിട്ടും അവൾ എന്നെ കാണാൻ വരുന്നില്ല. ഇന്നും ഹിമാലയത്തിൽ പോയാലും അമേരിക്കയിൽ പോയാലും കോടമ്പക്കത്ത് പോയാലും ഞാൻ തേടുന്നത് നിമ്മിയെയാണ്. ബാഷ സിനിമയുടെ ഷൂട്ടിങ്ങിനിടെ ഒരു സൗഹൃദസംഭാഷണത്തിൽ രജനി നടൻ ദേവനോട് പറഞ്ഞ് െപാട്ടിക്കരഞ്ഞ കഥ.

‘ആള് എന്നെക്കാളും കറുത്തിട്ടാണ്. വലിയ ആരോഗ്യമോ സൗന്ദര്യമോ ഇല്ല. എന്നിട്ടും സൂപ്പർസ്റ്റാർ..’ ഉദയനാണ് താരമെന്ന സിനിമയിൽ രജനിയുടെ സഹപാഠി കൂടിയായിരുന്ന നമ്മുടെ ശ്രീനിവാസൻ രജനിയുടെ കട്ടൗട്ട് നോക്കി പറയുന്ന ഡയലോഗാണിത്. അടിയുറച്ച് പോയ മാനദണ്ഡങ്ങളെ പൊളിച്ചടുക്കി മുന്നോട്ടുപോയ കരിയറാണ് രജനികാന്തിന്റേത്. വൻപരാജയങ്ങൾ ഉണ്ടാകുമ്പോൾ രജനി യുഗം കഴിഞ്ഞെന്ന് വിധിയെഴുതുന്നവർക്ക് മുന്നിൽ മെഗാഹിറ്റ് സമ്മാനിച്ച് ഉയർത്തെഴുന്നേൽക്കുന്നതും അദ്ദേഹത്തിന്റെ രീതിയാണ്. ഓലഷെഡ് തിയറ്ററുകൾ ബെഞ്ച് ടാക്കീസായി മാറിയപ്പോൾ ‘മൈ നെയിം ഈസ് ബില്ല’ എന്ന്  പാടിയെത്തി. സിറ്റിയിൽ ബില്ലയെങ്കിൽ ഗ്രാമത്തിൽ മുരട്ടുകാളൈയുടെ പടയോട്ടം. അണ്ണാമലൈ സിനിമയിൽ 70 എംഎം സ്ക്രീനിൽ ആദ്യമായി തെളിഞ്ഞ ആ ടൈറ്റിൽ കാർഡ് ഇപ്പോഴും ഏങ്ങും പോയിട്ടില്ല. അന്നും ഇന്നും എന്നും രാജാ നീ രജനീ.

രജനി ഒരു പടത്തിന് ഒപ്പുവച്ചാൽ ആ നിമിഷം തന്നെ കോടികളുടെ കച്ചവടം നടന്നുകഴിഞ്ഞുവെന്ന് ഉറപ്പിക്കാം. തന്നെ വിശ്വസിച്ച് പണം മുടക്കുന്നവർക്ക് നഷ്ടമുണ്ടാകരുത്. ഇന്ന് ഇന്ത്യൻ സിനിമയിൽ ഇത്രമാത്രം ഗ്യാരന്റി നൽകാൻ കെൽപ്പുള്ള മറ്റൊരു നടനില്ല എന്നതാണ് സത്യം. ‘ബാബ’ എന്ന രജനികാന്തിന്റെ അപൂർവമായി പരാജയപ്പെട്ട ചിത്രത്തിന്റെ വിതരണക്കാരുടെ നഷ്‌ടം അദ്ദേഹം തന്നെ നികത്തിയതും ചരിത്രം.1992ൽ റിലീസായ ‘അണ്ണാമലൈ’ വൻഹിറ്റായി.  അണ്ണാമലൈ പോലെ ഒരു പടം വേണമെന്ന് ജനം പറഞ്ഞപ്പോൾ കരിയർ ബെസ്റ്റായ ബാഷയെത്തി. 22 വർഷത്തിന് ശേഷം ആ ചിത്രം റി റിലീസ് ചെയ്തപ്പോഴും അന്ന് ഉണ്ടായ അതേ ആർപ്പുവിളി. ഡോൺ എന്ന വാക്കിന് ഇന്നും ബാഷ എന്നാണ് പര്യായം. പിന്നാലെ വീഴ്ചയുടെ നാളുകൾ. രജനി യുഗം കഴിഞ്ഞെന്ന് വിധിയെഴുതിയപ്പോൾ അതാ എത്തി പടയപ്പ. വീണ്ടും പതിവ് പല്ലവി. അപ്പോൾ അതാ ലക്കലക്കലക്ക പറഞ്ഞ് ചന്ദ്രമുഖി. 806 ദിവസം ഓടി ചരിത്രം തന്നെ കുറിച്ചു. പിന്നാലെ ശിവാജി. മൊട്ടബോസായി തലൈവരുടെ വരവ് ഉണ്ടാക്കിയ ഓളം തിയറ്ററിൽ പോയി തന്നെ അനുഭവിക്കേണ്ട ഒന്നാണ്. ഇന്ത്യൻ സിനിമയുടെ മുഖം തന്നെ മാറ്റിയ യന്തിരൻ. പിന്നെ ത്രീഡി മോഷൻ ക്യാപ്ച്ചർ ചിത്രമായ കോച്ചടിയാനും  ലിംഗയും പരാജയപ്പെട്ടതോടെ പഴയ പാട്ട് വീണ്ടുമെത്തി.  രജനി മുടിഞ്ച്പോച്ച്. പറഞ്ഞുതീരും മുൻപ് അതാ എത്തി കബാലി.. പിന്നാലെ കാലാ, യന്തിരൻ 2.0, പേട്ടാ. ദർബാർ, അണ്ണാത്തൈ. ഇനി വരാനിരിക്കുന്നത് ജയിലർ.

രജനികാന്ത് ഒരു പ്രതിഭാസമാണ്. തെലുങ്കിൽ എൻ.ടി. രാമറാവു, തമിഴിൽ എം.ജി. രാമചന്ദ്രൻ, കന്നടയിൽ രാജ്‌കുമാർ. ജനങ്ങളുടെ ഭാവനയുടെ മേൽ ആധിപത്യം ഉറപ്പിച്ച് അമാനുഷിക പരിവേഷം കൈവരിച്ച മഹാനടൻമാർ.  ആ പരമ്പരയിലെ തിളങ്ങുന്ന ഒരംഗമാണ് രജനികാന്ത്. അവിടെയും അദ്ദേഹം പിന്തുടരുന്നത് തനി വഴി എന്നതാണ് നേർചിത്രം. എന്റെ കഥാപാത്രങ്ങൾ ചെറുപ്പക്കാരായിരിക്കും. പക്ഷേ, അവർ ഞാൻ അല്ലെന്ന് പറയും രജനി. അവിടെ ലംഘിക്കപ്പെടുന്നതു വയസ്സ് കാണിക്കരുതെന്ന സിനിമാ വ്യവസായത്തിലെ നിയമം കൂടിയാണ്.

കമലിനൊപ്പം ‘അപൂർവരാഗങ്ങളി’ലൂടെ വില്ലനായി അരങ്ങേറ്റം. ജീവിതത്തെ വിരക്‌തിയോടെ കാണുന്ന, വാക്കുകൾക്ക് അർഥമില്ലെന്ന് കരുതുന്ന ഒരു കഥാപാത്രം. തീക്ഷ്‌ണമായ നോട്ടത്തിലൂടെ വികാരങ്ങൾ പ്രതിഫലിക്കുന്ന കഥാപാത്രം തന്നെ രജനിയുടെ ആദ്യ വിജയമായി. പിന്നീട് ‘കഥാസംഗമം’ എന്ന കന്നഡ ചിത്രത്തിലും, ‘അന്തലേനി കഥ’ എന്ന തെലുങ്ക് പടത്തിലും അഭിനയിച്ചശേഷം വീണ്ടും കെ. ബാലചന്ദറിന്റെ ‘മൂന്ന് മുടിച്ച്’ എന്ന ചിത്രത്തിലൂടെ രജനീകാന്ത് താരമായി. മോഹിച്ച പെണ്ണിനെ അച്‌ഛന്റെ രണ്ടാം ഭാര്യയായി സ്വീകരിക്കേണ്ടിവന്ന ഇതിലെ കഥാപാത്രമാണ് രജനീകാന്തിന് ഒരു മേൽവിലാസം നേടിക്കൊടുത്തത്. ഇതോടെ തലവര തന്നെ മാറി. 1977ൽ രജനി പതിനഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു. ഇവയിൽ അഞ്ച് ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളായിരുന്നുവെങ്കിലും പഞ്ചു അരുണാചലത്തിന്റെ ‘ഭൂവനാ ഒരു കേൾവിക്കുറി’യിലൂടെ നായകവേഷത്തിലേക്കെത്തി.

77- ൽ ഭാരതിരാജയുടെ ‘16 വയതിനിലേ’. എല്ലായ്‌പ്പോഴും നായക കഥാപാത്രമായ കമൽഹാസൻ അവതരിപ്പിക്കുന്ന ‘ചപ്പാണി’യെ പരിഹസിച്ച് ‘ഇത് എപ്പടി ഇറുക്ക്’ എന്നു ചോദിക്കുന്ന ഡയലോഗ് വൻഹിറ്റായി. തുടർന്ന് വരാനിരുന്ന പഞ്ച് ഡയലോഗുകളുടെ ട്രെയിലറായി മാറി അത്. പിന്നീട് സിഗററ്റ് വച്ചുള്ള സ്റ്റൈലുകൾ. നടപ്പിലും ഇരുപ്പിലും നോക്കിലും ഡയലോഗിലും കൈകളുടെ ചലനങ്ങളിലും തന്റേതായ ഒരു ശൈലി രജനി ഉണ്ടാക്കിയെടുത്തു. മുടി വിരലുകൾ െകാണ്ട് ഒതുക്കുന്ന രീതി ഇപ്പോഴും ഹിറ്റാണ്. അങ്ങനെ വില്ലൻ നായകനും സൂപ്പർ സ്റ്റാറും ആകാൻ തുടങ്ങി. ‘ഭൈരവി’ എന്ന ചിത്രത്തിന്റെ പരസ്യങ്ങളിലാണ് ‘സൂപ്പർസ്‌റ്റാർ’ എന്ന വിശേഷണം രജനീകാന്തിന് ആദ്യമായി ചാർത്തികിട്ടുന്നത്. തുടർന്ന് മഹേന്ദ്രന്റെ ‘മുളളും മലരും’, കെ. ബാലചന്ദറിന്റെ ‘തപ്പുതാലങ്ങൾ’, എസ്. പി. മുത്തുരാമന്റെ ‘പ്രിയാ’ തുടങ്ങിയ സിനിമയിലൂടെ വലിയ വിജയങ്ങള്‍ രജനിയെ കാത്തിരുന്നു.

79- ൽ പ്രദർശനത്തിനെത്തിയ പഞ്ചു അരുണാചലത്തിന്റെ ‘ആറിലിരുന്ത് അറുപത് വരൈ’യിൽ എല്ലാവരേയും വിസ്‌മയിപ്പിക്കുന്ന അഭിനയപ്രകടനമാണ് രജനീകാന്ത് കാഴ്‌ചവെച്ചത്. ആറു വയസ്സുമുതൽ അറുപത് വയസ്സുവരെയുള്ളവർ രജനി ഫാനായി.‘അലാവുദ്ദീനും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ രജനീകാന്ത് മലയാളത്തിലേക്കും എത്തി. ’81- ൽ വീണ്ടുമൊരു മലയാള ചിത്രത്തിലഭിനയിച്ചു. ‘ഗർജനം’ രജനിയുടെ ആക്ഷൻ ഇമേജിന് ചേർന്ന കഥാപാത്രമായിരുന്നു ഇവ രണ്ടും. പിന്നെ രജനിയുടെ പ്രതിഫലം മലയാള സിനിമയ്ക്ക് ാങ്ങാൻ കഴിയാതെ വന്നതോടെ മലയാളത്തിലേക്കുള്ള വരവ് നിലച്ചു. ’83- ലാണ് രജനീകാന്തിന്റെ ഹിന്ദിപ്രവേശനം. ‘അന്ധാ കാനൂൺ’’ലൂടെ. നൂറ്റി എഴുപത്തിയഞ്ച് ദിവസങ്ങൾ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രം രജനീകാന്തിനെ ദേശീയതലത്തിൽ ശ്രദ്ധേയനാക്കി. തുടർന്ന് ‘ജീത് ഹമാരി’, മേരീ അദാലത്ത്’ തുടങ്ങിയ ഹിന്ദിചിത്രങ്ങളും വിജയിച്ചു. ഹിന്ദിസിനിമാരംഗത്ത് വിജയം ആവർത്തിക്കാനായ ചുരുക്കം ദക്ഷിണേന്ത്യൻ നായകരിൽ ഒരാളാണ് രജനീകാന്ത്.

’85- ലാണ് രജനീകാന്ത് തന്റെ നൂറാമത്തെ ചിത്രം പൂർത്തിയാക്കിയത്. രാഘവേന്ദ്ര സ്വാമികളുടെ ഭക്‌തായ ഈ നടൻ ‘രാഘവേന്ദ്ര’ എന്ന ചിത്രം ചെയ്‌തുകൊണ്ട് നൂറാമത്തെ ചിത്രം തന്റെ സ്വപ്‌നസാക്ഷാത്‌കാരമാക്കി. ’88- ൽ ഇംഗ്ലീഷ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു. ‘ബ്ലഡ് സ്‌റ്റോൺ’. അങ്ങനെ രജനീകാന്തിന്റെ അഭിനയ ജീവിതത്തിൽ അവിസ്‌മരണീയ വർഷമായി  അത്. ’89- ന്റെ അവസാനം മുതൽ ’91 അവസാനം വരെ രജനിക്ക് വലിയ ഹിറ്റുകളൊന്നും ഉണ്ടായില്ല. മണിരത്നത്തിന്റെ ‘ദളപതി’യിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു. ഈ ചിത്രം രജനീകാന്തിന് പുതിയ ഉന്മേഷമായി. തുടർന്ന് ’92-ൽ മന്നൻ, ’93- ൽ യജമാൻ, ഉഴൈപ്പാളി, ’94- ൽ വീരാ.. അങ്ങനെ ഹിറ്റുകളുടെ വഴി തുടർന്നുെകാണ്ടേയിരുന്നു. ആര് എന്ത് പറഞ്ഞാലും എൻ വഴി ഞാൻ പോയിട്ടേയിറുക്കും എന്നാണ് രജനി സൂത്രവാക്യം.

ഷൂട്ടിങ്ങിനിടെയിലെ ഇടവേളയിൽ ഒരു സോഫയിലോ വെറും നിലത്തോ, മരത്തിന് ചുവട്ടിലോ കണ്ണിനു മുകളിൽ ഒരു നനഞ്ഞ തൂവാലയും വച്ച് കിടന്നുറങ്ങുന്ന രജനീകാന്ത് ചലച്ചിത്രലോകത്തിന് അത്ഭുതമാണ്. രജനി വൈകിയത് െകാണ്ട് ഷൂട്ടിങ് മുടങ്ങിയ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. ജോലിയോടുള്ള കൂറ് അത്രത്തോളമുണ്ട്. ഷൂട്ടിങ് സെറ്റിൽ വന്നാൽ വേണ്ട സൗകര്യങ്ങളെ കുറിച്ചുള്ള ആവശ്യങ്ങൾ ഇത്രമാതമാണ്. എനിക്കൊന്നുറങ്ങണം. ഉണരുമ്പോൾ യോഗ ചെയ്യണം, ധ്യാനിക്കണം. പിന്നെ ഭക്ഷണം കഴിക്കണം. അതിനു സൗകര്യങ്ങൾ മാത്രം മതി. ആർഭാടം വേണ്ട.

ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പാത്രങ്ങൾ സ്വയം കഴുകി വൃത്തിയാക്കി തിരികെ ഹോട്ടൽമുറിക്കു പുറത്തു വയ്ക്കുന്ന ഒരു സൂപ്പർസ്റ്റാറിനെ പറ്റി പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാകും. എന്നാൽ അതാണ് രജനി. അറുപതാം വയസ്സിൽ ഐശ്വര്യറായിക്കൊപ്പം അഭിനയിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഐശ്വര്യയെയും ബച്ചനെയും വരെ ഞെട്ടിച്ചു. മാലാഖയെപ്പോലിരിക്കുന്ന ആ ലോകസുന്ദരിയോട് എനിക്കേറെ നന്ദിയുണ്ട്. ഈ വയസ്സനായ, കറുത്ത, കഷണ്ടിക്കാരന്റെ നായികയായി അഭിനയിക്കാൻ സമ്മതിച്ചതിന്.

രണ്ട് തവണ പ്രത്യേക പരാമർശമുൾപ്പെടെ ആറു തവണ മികച്ച നടനുള്ള തമിഴ് നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡ്, ഫിലിം ഫെയർ അവാർഡുകൾ, 2014 ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ ഫിലിം പഴ്സനാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം, പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ,  ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം. അംഗീകാരങ്ങളുടെ പട്ടിക അങ്ങനെ നീളും. നേട്ടങ്ങൾക്കെല്ലാം നന്ദി പറയുമ്പോൾ പോയ കാലത്തെയും അദ്ദേഹം ചേർത്തുപിടിക്കും. കർണാടകയിൽ രജനി കണ്ടക്ടറായിരുന്ന ബസിലെ ഡ്രൈവറായിരുന്ന ആത്മസുഹൃത്ത് രാജ് ബഹദൂറിന് അദ്ദേഹം നന്ദി പറയുന്നത് അതുകൊണ്ടാണ്.

തന്റെ പ്രിയപ്പെട്ട ഇന്ത്യൻ സിനിമാനടൻ കമൽഹാസനാണെന്നു രജനി പല തവണ തുറന്നുപറഞ്ഞിട്ടുണ്ട്.  ഒരു സിനിമയ്ക്കിടയിൽ സംവിധായകൻ ബാലചന്ദർ കമൽഹാസനെ ചൂണ്ടിക്കാണിച്ച് അവന്റെ അഭിനയം കണ്ടു പഠിക്കാൻ സ്റ്റൈൽമന്നനോടു പറഞ്ഞു. അന്നു മുതൽ താൻ കമലിനെ നോക്കി പഠിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ കമലിന്റെയടുത്തെങ്ങും എത്തുന്ന അഭിനയം കാഴ്ചവയ്ക്കാൻ തനിക്ക് ഒരിക്കലും സാധിക്കില്ലെന്നും രജനി തുറന്നുപറഞ്ഞിട്ടുണ്ട്. 

രജനീകാന്തിനു മാത്രം അവകാശപ്പെട്ട മങ്ങാത്ത താരപദവിയുടെ രഹസ്യം  കൃത്യമായി അപഗ്രഥിക്കാൻ കഴിയില്ല. എത്ര ലേറ്റായി വന്നാലും ലേറ്റസ്‌റ്റായി വരും എന്നു രജനി പറയുന്നതു കേൾക്കുകയേ നിവൃത്തിയുള്ളൂ. 2011ൽ സിംഗപ്പൂർ മൗണ്ട് എലിസബത്ത് മെഡിക്കൽ സെന്ററിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി അഡ്മിറ്റായ രജനിയുടെ മടങ്ങിവരവിനായി സ്വന്തം ജീവൻ തന്നെ ബലി െകാടുത്ത ആരാധകരുണ്ട്.  2016 ൽ വൃക്ക മാറ്റിവച്ച രജനികാന്ത് ഈ 2022ലും കാണിക്കുന്ന മെയ്​വഴക്കത്തിനും പ്രസന്നതയ്ക്കും അദ്ദേഹത്തിന്റെ ആത്മീയജീവിതത്തിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. ഓരോ ചിതത്തിനു ശേഷവും രജനി ഹിമാലയൻ യാത്രയ്ക്ക് പോകും. ഋഷികേശിലെ ബാബ ഗുഹയിൽ പോയി ധ്യാനിക്കും. ക്രിയായോഗം പരിശീലിക്കും. ഹിമാലയത്തെ കുറിച്ചു ചോദിച്ചാൽ തനിക്ക് ഒരിക്കലും മടുക്കാത്ത സ്ഥലമെന്നാണു രജനിയുടെ പക്ഷം. എന്റെ ബാബാജിയുടെ പവർ എനിക്ക് അറിയാം. എന്റെ വിശ്വസമാണ് എന്റെ രക്ഷയും വിജയവും. നല്ലവൻ ഉറപ്പായും വിജയിക്കും. കുറച്ച് സമയമെടുക്കും, അത്രയുള്ളൂ.. രജനിയുടെ വാക്കുകൾ.

സിനിമയ്ക്കും ആത്മീയത്ക്കുമൊപ്പം രാഷ്ട്രീയത്തിലും രജനികാന്ത് എന്ന പേര് കേട്ടുതുടങ്ങിയിട്ട് കാലം കുറേയായി. എംജിആറിനെ പോലെ രജനിയും തമിഴകത്തിന്റെ നാഥനാകുമെന്ന വാർത്തകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കലൈഞ്ജറും പുരട്ച്ഛ തലൈവിയും വിടവാങ്ങിയപ്പോൾ കമൽഹാസൻ പാർട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിൽ എടുത്തുചാടി. പക്ഷേ ആഗ്രഹം ഉണ്ടായിട്ടും തലൈവർക്ക് വിനയായത് അദ്ദേഹത്തിന്റെ ആരോഗ്യമായിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തിൽ രജനി കോൺഗ്രസിൽ ചേരുന്നുവെന്നുള്ള വാർത്തകൾ വന്നിരുന്നു. പക്ഷേ ഒന്നും നടന്നില്ല. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ തമിഴ് മാനില കോൺഗ്രസ് സഖ്യത്തിനായിരുന്നു രജനിയുടെ പിന്തുണ. അന്നായിരുന്നു രജനിയുടെ ഏറെ പ്രശസ്‌തമായ രാഷ്‌ട്രീയ കമന്റുണ്ടായത് അണ്ണാ ഡിഎംകെ അധികാരത്തിലെത്തിയാൽ പിന്നീടു ദൈവത്തിനു പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ല, രജനി പറഞ്ഞു. രജനി ഫാൻസ് വോട്ടു ചെയ്‌തിട്ടോ എന്നറിയില്ല സഖ്യം തൂത്തുവാരി.  ഏതെങ്കിലും കക്ഷിയെ മനസു തുറന്നു പിന്തുണയ്‌ക്കുന്ന പതിവു രീതി പിന്നീട് രജനി ഉപേക്ഷിച്ചു. എങ്കിലും രാഷ്‌ട്രീയ നിലപാടുകളുടെ കാര്യത്തിൽ രജനി വിട്ടുവീഴ്‌ച ചെയ്‌തില്ല. കർണാടക കാവേരി നദീജലം വിട്ടു തരാത്തതിൽ പ്രതിഷേധിച്ചു രജനി ഉപവാസമിരുന്നത് മറ്റൊരു ചരിത്രം.

ശിവാജി റാവു ജനിച്ചത് മറാത്താ വശംജനായി. വളര്‍ന്നത് കന്നടിഗനായി. ലോകസിനിമയോളം ഉയര്‍ന്നതാകട്ടെ, തമിഴ് തിരൈ മകനായും. ആരും തോറ്റുപോകുന്ന നിശ്ചയദാര്‍ഢ്യം. ഏത് ഉയരത്തിലും കൈവിടാത്ത എളിമ. ഈ രണ്ടുമാണ് രജനീവിജയത്തിന്‍റെ അടിസ്ഥാന ചേരുവ. ഈ മനുഷ്യന്റെ വാക്കുകള്‍ക്ക്, അത് സ്ക്രീനിലായാലും ജീവിതത്തിലായാലും തമിഴ് ജനത അത്രമേല്‍ വില കല്‍പ്പിച്ചു. ധര്‍മത്തിന്‍ നായകനായി കാലത്തിന്റെ നീതികേടുകള്‍ക്കെതിരെ ആ കഥാപാത്രങ്ങള്‍ പൊട്ടിത്തെറിച്ചു. സിനിമയെ ജീവിതം തന്നെയാക്കിയ ജനത ആ രജനീ നായകര്‍ക്കൊപ്പം കരഞ്ഞും ചിരിച്ചും പതിറ്റാണ്ടുകളെ പിന്നിലാക്കി. എല്ലാത്തിനുമപ്പുറം മനുഷ്യപ്പറ്റിന്റെ ഭാവങ്ങളണിഞ്ഞ് രജനി ആ ജനതയെ തന്നിലേക്ക് അടുപ്പിച്ചുനിര്‍ത്തി. സ്ക്രീനിൽ നിന്നിറങ്ങിയാൽ പച്ചമനുഷ്യനാകുന്ന താരദൈവം ഇന്നുമുണ്ട് അവരുടെ ഹൃദയത്തില്‍. എണ്‍പതുകളില്‍ കണ്ണില്‍പതിഞ്ഞ അതേ ആവേശത്തോടെ.  

MORE IN ENTERTAINMENT
SHOW MORE