പാര്‍ട്ടിക്കാരന്‍; പഞ്ചായത്തംഗം; മജിസ്ട്രേറ്റായി ചിരിപടര്‍ത്തി; ആ താരം ഇതാ

magistrate-interview
SHARE

നാടെങ്ങും ഇപ്പോള്‍ ചര്‍ച്ച ഒരു സിനിമയും അതുയര്‍ത്തിയ ‘രാഷ്ട്രീയ, സാമൂഹ്യ’ ചോദ്യങ്ങളുമാണ്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ന്നാ താന്‍ കേസ് കൊട് സിനിമ വലിയ ഇഷ്ടമാണ് നേടുന്നത്. സമകാലിക പ്രസക്തിയുള്ള വിഷയം നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചപ്പോള്‍ വേറിട്ട അനുഭവമാകുന്നു സിനിമ. ചിരിച്ചും ചിന്തിപ്പിച്ചും സ്ക്രീനിലെത്തുന്ന നിരവധി കഥാപാത്രങ്ങള്‍. അതില്‍ നായകനോളം തന്നെ പ്രാധാന്യമുള്ള മജിസ്ട്രേറ്റിന്റെ കഥാപാത്രം അവതരിപ്പിച്ച് കാസർകോട്ടുകാരന്‍ പി.പി കുഞ്ഞിക്കൃഷ്ണന്‍ കയ്യടി നേടുകയാണ്. സിനിമയ്ക്കും കഥാപാത്രത്തിനും ലഭിക്കുന്ന സ്വീകാര്യതയുടെ സന്തോഷം അദ്ദേഹം മനോരമ ന്യൂസ് ഡോട് കോമിനോട് പങ്കുവയ്ക്കുന്നു. 

ആദ്യ സിനിമ നല്‍കുന്ന സന്തോഷം

എന്റെ ആദ്യത്തെ സിനിമയാണ് 'ന്നാ താന്‍ കേസ് കൊട്'. നാട്ടുകാരെല്ലാം സിനിമ കാണുന്നതിലും നല്ല അഭിപ്രായം പറയുന്നതിലും സന്തോഷം. മറിമായം ഉണ്ണിരാജ് ആണ് ഓഡിഷന് ഫോട്ടോ അയച്ചുകൊടുക്കാന്‍ പറഞ്ഞത്. തെരുവുനാടകം കലാകാരനാണ് ഞാന്‍. ഉണ്ണിരാജ് അത് കണ്ടിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതും തെരുവുനാടകം കളിക്കുന്നതും വേറെയല്ലേ എന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു മാറി. പക്ഷേ നിര്‍ബന്ധിപ്പിച്ച് അയച്ചു. അങ്ങനെ എന്നെ രാജേഷ് മാധവന്‍ വിളിച്ചു. അഭിമുഖങ്ങളും പ്രീഷൂട്ടും നടത്തി തിരഞ്ഞെടുത്തു. അങ്ങനെ ഈ സിനിമയിലേക്ക്. 

കുഞ്ചാക്കോ ബോബനെ നമിക്കണം

നന്ദി പറയാനുള്ളത് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍, സുധീഷ് ഗോപിനാഥ്, രാജേഷ് മാധവനുള്‍പ്പെടെയുള്ള കാസ്റ്റിങ് ടീമിനാണ്. എന്നെപ്പോലെ ഒരാളെ വിളിച്ച് ഇത്ര നല്ല ഒരു റോള്‍ തന്നത് എനിക്ക് ആത്മവിശ്വാസമായി. ഷൂട്ടിന് മുമ്പ് ചെയ്യേണ്ട സീനുകളെക്കുറിച്ച് ചര്‍ച്ച ചെയ്യും. ഷൂട്ട് തുടങ്ങിയാല്‍ നമ്മുടെ സ്വാതന്ത്ര്യത്തിന് അങ്ങ് വീടുകയാണ്. സ്ക്രിപ്റ്റിലുള്ളതിന് അപ്പുറത്തേക്ക് നമ്മുടേതായ ഡയലോഗുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു നിയന്ത്രണവും ഇല്ല. കുഞ്ചാക്കോ ബോബനെപ്പോലൊരു നടന്‍ ഇത്രമാത്രം സഹകരിച്ചതാണ് മറ്റൊരു അതിശയം. നമുക്ക് എന്തെങ്കിലും പ്രായസമുണ്ടെങ്കില്‍  പറഞ്ഞ് തരും. അദ്ദേഹത്തെ നമിക്കണം.

മജിസ്ട്രേറ്റും പ്രാവുകളും

ഈ സിനിമയില്‍ കാസര്‍കോട് ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ ഭാഷ മനസ്സിലാകാത്ത പ്രശ്നമൊന്നുമില്ല. തിങ്കളാഴ്ച നിശ്ചയം, തൊണ്ടി മുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകള്‍ ഇവിടെ നിന്ന് ഉണ്ടായി. ജനങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ ഭാഷ സ്വീകരിക്കുന്നു. സിനിമയില്‍ എനിക്കൊപ്പം തന്നെ പ്രതീകാത്മകമായി പ്രാവുകളെ കാണിക്കുന്നുണ്ട്. പ്രാവുകളെ ചിലപ്പോള്‍  താലോലിക്കുന്നുണ്ട്, ചിലപ്പോള്‍ ദേഷ്യപ്പെടുന്നുമുണ്ട്. മജിസ്ട്രേറ്റിന്റെ സ്വഭാവമാണ് അതിലൂടെ കാണിക്കുന്നത്. കോടതിയില്‍പ്പോയി നടപടികള്‍ കാണണമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ പോയിരുന്നില്ല. 

പാര്‍ട്ടി പ്രവര്‍ത്തകന്‍, പഞ്ചായത്തംഗം

സിനിമയുടെ പോസ്റ്ററിനെച്ചൊല്ലിയുള്ള വിവാദത്തിന് മന്ത്രി മുഹമ്മദ് റിയാസ് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. നല്ല മറുപടിയാണ്. അത് മതി. ഞാനൊരു പാര്‍ട്ടി പ്രവര്‍ത്തകനാണ്. പടന്ന ഗ്രാമപഞ്ചായത്തിലെ സിപിഎമ്മിന്റെ പഞ്ചായത്ത് അംഗമാണ്‍. സിനിമയില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെ അല്ലല്ലോ വിമര്‍ശിക്കുന്നത്. ഇവിടെ ദേശീയ പാതയുമുണ്ടല്ലോ?. സ്കൂള്‍ അധ്യാപകനായിരുന്നു. 2020–ല്‍ വിരമിച്ചു. വിശ്രമജീവിതം ഉദ്ദേശിച്ചിട്ടില്ല. അപ്പോഴാണ് ഇങ്ങനെയൊരു സന്തോഷം വന്നു ചേര്‍ന്നിരിക്കുന്നത്. ഭാര്യ സരസ്വതിയും ടീച്ചറാണ്. മൂത്ത മകന്‍ സാരംഗ് മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍. രണ്ടാമത്തെ മകന്‍ ആസാദ് വിദ്യാര്‍ഥിയാണ്.

ഏതായാലും സിനിമ കണ്ടിറങ്ങിയവരുടെ കയ്യടിയില്‍ നിന്ന് കാസര്‍കോട്ടുകാരനായ മറ്റൊരു നടന്‍ പിറക്കുകയാണ്.

MORE IN ENTERTAINMENT
SHOW MORE