‘വിമർശകരേ, സിനിമ കാണൂ; എന്നിട്ടാകാം’; പോസ്റ്റർ ഡിസൈനർക്കു പറയാനുള്ളത്

SSSSSSSSSSSSSSSSSSS
SHARE

‘ആരോഗ്യപരമായ വിമർശനങ്ങളാവാം, പക്ഷേ അതിനു മുൻപ് വിമർശനത്തിന് അടിസ്ഥാനമുണ്ടോ എന്നതു കൂടി കണക്കിലെടുക്കണം..’; പറയുന്നത് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ പോസ്റ്റർ ഡിസൈനർ ആന്റണി സ്റ്റീഫൻ. ഇന്നലെ വൈകിട്ടാണ് പോസ്റ്റർ തയ്യാറാക്കിയത്. അപ്പോൾ തന്നെ ആനുകാലിക വിഷയമായതു കൊണ്ടു ശ്രദ്ധിക്കപ്പെടുമെന്ന് തോന്നിയിരുന്നു, എങ്കിലും ഇത്രമാത്രം ചർച്ച ചെയ്യപ്പെടുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും ആന്റണി മനോരമ ന്യൂസ്.കോമിനോട് പറഞ്ഞു. 

പ്രൊഡക്ഷൻ ഹൗസും സംവിധായകനും ആണ് പോസ്റ്റർ കണ്ടന്റ് തയ്യാറാക്കുന്നത്, ഈ പോസ്റ്റർ എല്ലാവരും കൂടി ആലോചിച്ച് ചെയ്തതാണ്. ചിത്രത്തിന്റെ കഥയെപ്പറ്റി ധാരണയുള്ളതുകൊണ്ട് പോസ്റ്ററിനെക്കുറിച്ച് വേവലാതി ഒന്നും ഇല്ലായിരുന്നു. കഥയ്ക്കനുയോജ്യമായൊരു പോസ്റ്റർ ആണ്. വിവാദമായ കാപ്ഷനും പോസ്റ്ററും എല്ലാം അപ്രതീക്ഷിതമായി സംഭവിച്ചതാണ്. നെഗറ്റിവ് പബ്ലിസിറ്റി ഉണ്ടാക്കാനോ വിവാദം സൃഷ്ടിക്കാനോ ശ്രമിച്ചിട്ടില്ല. സാധാരണ സിനിമകൾക്ക് ചെയ്യുന്നതുപോലെ ഡിസൈൻ ചെയ്തു എന്നു മാത്രമേയുള്ളൂ– അദ്ദേഹം പറഞ്ഞു.

ഇന്നു രാവിലെ തിയേറ്ററില്‍ ഇരിക്കുമ്പോഴാണ് പോസ്റ്ററുമായി ബന്ധപ്പെട്ട് ആദ്യവാർത്ത കാണുന്നത്. ചിത്രം ഏതെങ്കിലും രീതിയിൽ ശ്രദ്ധിക്കപ്പെടുന്നു എന്ന് അപ്പോൾ തോന്നി. കാരണം മലയാളത്തിൽ പല നല്ല ചിത്രങ്ങളും ഇന്ന് ആരും കാണാതെ, അറിയാതെ പോകുന്നുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി റിലീസിങ് ദിനം തന്നെ ചിത്രം പൊതുജനങ്ങളിലേക്ക് എത്തിയെന്നത് സന്തോഷം നൽകുന്ന കാര്യമാണ്. അതേസമയം തന്നെ ഡിസൈനർ എന്ന രീതിയിൽ തല്ലും തലോടലും കിട്ടി. ഒരുപാടു പേർ വിളിച്ച് അഭിനന്ദനമറിയിച്ചു. ചെറിയൊരു വിഭാഗം രാഷ്ട്രീയമായും മറ്റും വിമര്‍ശനം വിളിച്ചറിയിച്ചു. കുഴി ഒരു പൊതുവിഷയമാണല്ലോ അപ്പോൾ വിമർശനങ്ങളും രണ്ടു കയ്യും നീട്ടിത്തന്നെ സ്വീകരിക്കുന്നു. പക്ഷേ ആരെയും ലക്ഷ്യം വെച്ച് ചെയ്തതല്ല എന്നതാണ് സത്യം.

നമ്മുടെ നാടിന്റെ അവസ്ഥ അറിയാമല്ലോ, ഒരു എല്ലിൻകഷ്ണം കിട്ടാൻ കാത്തിരിക്കുകയാണ്, കാര്യമോ കാരണമോ തേടാതെ ചിത്രം ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളൂ, സിനിമ കാണുക, എന്നിട്ട് അഭിപ്രായം പറയുക, വിമർശനം അറിയിക്കുക. സിനിമ കാണുന്നതോടെ വിമർശകരേ നിങ്ങളുടെ സംശയങ്ങളും മാറിക്കിട്ടും. ചിത്രത്തെക്കുറിച്ച് നല്ല റിവ്യൂ ആണ് കിട്ടുന്നത്. തൊടുപുഴ സ്വദേശിയായ ആന്റണി സ്റ്റീഫൻ ആദ്യമായി സ്വതന്ത്രമായി ഡിസൈൻ ചെയ്ത ചിത്രം ഹസ്ബന്റ്സ് ഇൻ ഗോവയാണ്, ഒപ്പം ട്രിവാൻഡ്രം ലോഡ്ജും. ഏകദേശം അമ്പതോളം ചിത്രങ്ങളുടെ പോസ്റ്റർ ഇതിനിടെ ഡിസൈൻ ചെയ്തിട്ടുണ്ട് ആന്റണി സ്റ്റീഫൻ ഡിസൈൻസ്.

MORE IN ENTERTAINMENT
SHOW MORE