എനിക്കറിയില്ല, ഈ പിറന്നാൾ ആഘോഷിക്കണോ, അതോ കരയണോ: കുറിപ്പുമായി സുപ്രിയ മേനോൻ

supriya
SHARE

ജന്മദിനത്തിൽ അച്ഛനെ കുറിച്ചുള്ള വികാരനിർഭരമായ കുറിപ്പുമായി നിർമാതാവ് സുപ്രിയ മേനോൻ. ഓരോ പിറന്നാളും സ്പെഷലാക്കാൻ ശ്രമിച്ചിരുന്ന അച്ഛനെക്കുറിച്ചാണ് സുപ്രിയയുടെ വാക്കുകൾ. അച്ഛൻ കൂടെയില്ലാത്ത പിറന്നാൾ ആഷോഷിക്കണോ കരയണോ എന്നു തീരുമാനിക്കാൻ കഴിയുന്നില്ലെന്ന് താരം പറയുന്നു. വിവാഹത്തിന്റെ തലേദിവസം അച്ഛനൊപ്പമെടുത്ത അപൂർവ ചിത്രങ്ങൾ പങ്കുവച്ചാണ് സുപ്രിയയുടെ കുറിപ്പ്. 

സുപ്രിയയുടെ വാക്കുകൾ: ‘‘ജന്മദിനങ്ങൾ എന്റെ വീട്ടിൽ എന്നും വിശേഷപ്പെട്ടതാണ്. ഞാൻ ഈ ലോകത്തിലെ ഏറ്റവും അമൂല്യ സ്വത്താണെന്ന് അച്ഛനും അമ്മയും എന്നെ ഓർമ്മിപ്പിക്കുന്ന ദിവസം. ഓരോ വർഷവും പുതിയ വസ്ത്രങ്ങളും, സമ്മാനപ്പൊതികളും, കേക്കും, ഏറ്റവും മികച്ച ജന്മദിന പാർട്ടികളും അവർ എനിക്കായി ഒരുക്കി. ഞാൻ അവർക്ക് സ്പെഷ്യൽ ആണെന്ന് ഓരോ വർഷവും ഈ ദിവസത്തിൽ അവർ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. ഞാനേറ്റവും സ്പെഷലാണെന്നു തോന്നിപ്പിച്ച ആ മനുഷ്യൻ ഇപ്പോൾ എന്നോടൊപ്പമില്ല. എനിക്കറിയില്ല, ഈ പിറന്നാൾ ആഘോഷിക്കണോ, കരയണോ എന്ന്! എനിക്കിതു വരെയും ഡാഡിയുടെ മരണമുണ്ടാക്കിയ നഷ്ടത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല."

ഈ ചിത്രങ്ങൾ എന്റെ വിവാഹത്തിന്റെ തലേ ദിവസംഎടുത്തതാണ്. എന്റെ മെഹന്ദിയിൽ ഞാനും ഡാഡിയും എല്ലാം മറന്ന് നൃത്തം ചെയ്യുന്ന നിമിഷങ്ങൾ... എന്റെ ഒരു സുഹൃത്തായിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ട ട്രാക്കുകൾ സമാഹരിച്ചു സർപ്രൈസായി പ്ലേ ചെയ്തത്. മറ്റൊരു സുഹൃത്ത് ചിത്രങ്ങളും പകർത്തി. പിറ്റേന്ന് നടക്കാനിരിക്കുന്ന വിവാഹത്തിന്റെ എല്ലാ സമ്മർദ്ദങ്ങൾക്കും തിരക്കുകൾക്കും ഇടയിൽ പോലും കുറച്ചു സമയം കണ്ടെത്തി ഡാഡി എന്നോടൊപ്പം സ്വയം മറന്ന് നൃത്തം ചെയ്തു. അങ്ങനെയായിരുന്നു അദ്ദേഹം. 

എല്ലായ്പ്പോഴും സ്പെഷൽ! ഞാനും സ്പെഷലാണെന്ന് എല്ലായ്പ്പോഴും എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്ന വ്യക്തി. എന്റെ പിറന്നാളിന് എന്നെ ഓർത്തവർക്കും ആശംസകൾ അറിയിച്ചവർക്കും നന്ദി. നിങ്ങളുടെ എല്ലാ സ്നേഹവും ഊഷ്മളതയും ഞാൻ അനുഭവിച്ചറിയുന്നു. ഡാഡി എന്റെ പിറന്നാൾ ആഘോഷമാക്കിയിരുന്നതുപോലെ ആഘോഷിക്കാൻ ശ്രമിക്കുകയാണ്.’’

MORE IN ENTERTAINMENT
SHOW MORE