മുഖത്തല്ല എന്റെ വയറിലാണ് മണിരത്നം വ്യത്യാസം നോക്കിയത്: ജയറാം

jayaram
SHARE

മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയായ പൊന്നിയിൻ സെല്‍വനിൽ ഭാഗമാകാനായതിന്റെ സന്തോഷത്തിലാണ് നടൻ ജയറാം. ഒരു വിഷയത്തിൽ പൂർണ ഫലം ലഭിക്കുന്നതു വരെ മണിരത്നം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ജയറാം പറയുന്നു. ആദ്യമായി ആഴ്‌വാര്‍കടിയന്‍ നമ്പിയെന്ന കഥാപാത്രത്തെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം തന്നോട് വലിയ വയറ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ചിത്രീകരണ സമയത്ത് തന്റെ മുഖത്ത് നോക്കില്ലായിരുന്നു എന്നും വയറിന് വ്യത്യാസം വന്നോ എന്ന് മാത്രമാണ് ശ്രദ്ധിക്കുകയെന്നും ജയറാം ഓർക്കുന്നു. പൊന്നിയിൻ സെൽവന്റെ  പുതിയ ഗാനത്തിന്റെ ഓഡിയോ ലോഞ്ചിൽ വച്ചാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘‘മണിരത്നം ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ നൂറ് ശതമാനം ഫലം ലഭിക്കുന്നത് വരെ അതിൽ തന്നെയായിരിക്കും. നമ്പി എന്ന കഥാപാത്രം ചെയ്യുന്ന കാര്യം പറയുന്നതിനായി ഓഫിസിൽ വിളിച്ച് വരുത്തിയപ്പോൾ ആവശ്യപ്പെട്ടത് വലിയ വയറ് വേണമെന്നാണ്. ‘‘ജയറാം ഇപ്പോൾ മെലിഞ്ഞിരിക്കുകയാണ്, നാല് മാസമുണ്ട് ഷൂട്ടിങ്ങിന്. അതിന് മുൻപ് ശരിയാക്കണം’’ എന്ന് പറഞ്ഞു. ഞാൻ അതിനായി ഏറെ കഷ്ടപ്പെട്ടു. ഒന്നര വർഷത്തോളം ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ആ ഒന്നര വർഷവും അദ്ദേഹം എന്റെ മുഖത്ത് നോക്കിയിട്ടില്ല. രാവിലെ വന്നു വയറിന് വ്യത്യാസങ്ങൾ വന്നിട്ടുണ്ടോ എന്നാണ് നോക്കുക. ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം എന്റെ മുഖത്ത് നോക്കിയത്. ഒരു കാര്യത്തിന്റെ ഫലം കിട്ടാൻ എത്ര ദൂരം വേണമെങ്കിലും അദ്ദേഹം പോകും. അതാണ് മണിരത്‌നം. 

സിനിമയുടെ ചിത്രീകരണ സമയത്ത് ജയം രവിയും കാർത്തിയുമെല്ലാം പതിമൂന്ന് മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ചിത്രീകരണത്തിന് ശേഷവും വ്യായാമം ചെയ്യണമായിരുന്നു. തായ്‌ലൻഡായിരുന്നു ലൊക്കേഷൻ. പുലർച്ചെ മൂന്നരയ്ക്ക് ഷൂട്ടിങ്ങിന് പോകും. വൈകിട്ട് ആറുമണിക്ക് തിരിച്ചെത്തുമ്പോൾ ജയം രവിയും കാർത്തിയും വ്യായാമം ചെയ്യുകയായിരിക്കും. 18 മണിക്കൂർ ജോലിയും ചെയ്ത് പിറ്റേ ദിവസത്തെ ഷൂട്ടിനായി രണ്ടു പേരും രാത്രി പത്തു മണിവരെ വ്യായാമം ചെയ്യും. നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് ഇരുവരും. എന്നാൽ എനിക്ക് മാത്രം കഴിക്കാനായി ഭക്ഷണം മണി സാർ നൽകുമായിരുന്നു. എന്തെന്നാൽ എനിക്ക് വയർ വേണം, അവർക്ക് വയർ ഉണ്ടാകാൻ പാടില്ല.’’–ജയറാം പറഞ്ഞു.

വിക്രം, കാർത്തി, ജയം രവി, ജയറാം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി വമ്പൻ താരനിരയാണ് പൊന്നിയിൻ സെൽവനിൽ അണിനിരക്കുന്നത്. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ ടൈറ്റിൽ കഥാപാത്രമായി ജയം രവി എത്തുന്നു. രാജ രാജ ചോഴനായാണ് ജയം രവി അഭിനയിക്കുന്നത്. ആദിത്യ കരികാലന്റെ ഇളയസഹോദരനാണ് അരുൾമൊഴി വർമനെന്ന രാജ രാജ ചോഴൻ. ആദിത്യ കരികാലനായി എത്തുന്ന വിക്രം, വന്തിയ തേവൻ എന്ന കാർത്തി, നന്ദിനി രാജകുമാരിയായ ഐശ്വര്യ റായി, കുന്ദവൈ രാഞ്ജി തൃഷ എന്നിവരുടെ  കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്കുകൾ നേരത്തേ റിലീസ് ചെയ്തിരുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ. 

തമിഴ്സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവൽ വെള്ളിത്തിരയിലാക്കുമ്പോൾ ഗംഭീര കാസ്റ്റിങ് ആണ് സിനിമയ്ക്കായി മണിരത്നം നടത്തിയിരിക്കുന്നത്. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, പ്രഭു, അശ്വിൻ കകുമനു, ലാൽ, പാർഥിപൻ, റിയാസ് ഖാൻ, മോഹൻ രാമൻ, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാർ, ജയറാം, റഹ്മാൻ, കിഷോർ, പ്രകാശ് രാജ്, വിക്രം പ്രഭു, ജയചിത്ര എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുക.

സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോൻ ചിത്രം ‘സർവം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേൽ. നിർമാണം മണിരത്നവും ലൈക പ്രൊ‍ഡക്‌ഷൻസും ചേർന്നാണ്.

1958 ല്‍ പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി എംജിആര്‍ ഒരു ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു. 2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം നീണ്ടുപോയി. പൊന്നിയിൻ സെൽവൻ സെപ്റ്റംബർ 30ന് റിലീസ് ചെയ്യും. അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ‌അതു ചുരുക്കി, രണ്ടു ഭാഗങ്ങളുള്ള സിനിമയാക്കുകയാണ് മണിരത്നത്തിന്റെ ലക്ഷ്യം. 2015 ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അനിമേഷന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്‍ഡ മൂവി ടൂണ്‍സ് എന്ന ആനിമേഷന്‍ സ്റ്റുഡിയോ എട്ട് വര്‍ഷം കൊണ്ടാണ് ചലച്ചിത്രം നിര്‍മിച്ചത്.

MORE IN ENTERTAINMENT
SHOW MORE