‘ശംഷേര എന്റേതാണ്’; ഇതെനിക്ക് താങ്ങാനാവുന്നില്ല: സംവിധായകൻ

shamshera
SHARE

ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ രണ്‍ബീര്‍ കബൂറിന്റെ ബിഗ് ബജറ്റ് ചിത്രം ശംഷേര വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണ്. നാല് വര്‍ഷത്തിന് ശേഷമാണ് രണ്‍ബീറിന്റെ ഒരു ചിത്രം തിയറ്ററുകളിൽ എത്തുന്നത്. 2018ല്‍ പുറത്ത് വന്ന രണ്‍ബീറിന്റെ സഞ്ജു എന്ന ചിത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. എന്നാല്‍ 150 മുതൽമുടക്കിൽ റിലീസ് ചെയ്ത സിനിമ ആദ്യ ആഴ്ചയില്‍ 31 കോടി മാത്രമാണ് കലക്ട് ചെയ്തത്. രൺബീറിന്റെ കരിയറിലെ ഏഴാമത്തെ പരാജയ ചിത്രം കൂടിയായി ശംഷേര.

ചിത്രത്തിന്റെ പരാജയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ കരണ്‍ മല്‍ഹോത്ര. ഈ വെറുപ്പും പ്രതികാരവും താങ്ങാന്‍ തനിക്കാവുന്നില്ലെന്നാണ് കരണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ‘ശംഷേര എന്റേതാണ്’ എന്ന ടാഗ്‌ലൈനോടെയായിരുന്നു കരണിന്റെ കുറിപ്പ്.

‘‘എന്റെ പ്രിയപ്പെട്ട ശംഷേര, നീ മഹത്വമേറിയതാണ്. ഈ പ്ലാറ്റ്‌ഫോമില്‍ വന്ന് എനിക്കെന്താണ് തോന്നുന്നതെന്ന് പറയണം. കാരണം ഇവിടെയാണ് നിനക്കായുള്ള സ്‌നേഹവും വെറുപ്പും ആഘോഷവും അപമാനവുമെല്ലാം ഉണ്ടാവുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിന്നെ കൈ വിട്ടതിന് ക്ഷമ ചോദിക്കുന്നു, കാരണം ഈ വെറുപ്പും പ്രതികാരവുമൊന്നും എനിക്ക് താങ്ങാനാവുന്നില്ലായിരുന്നു.

എന്നാല്‍ നിന്നെ പിന്തുണക്കാന്‍ ഞാനെത്തിയിരിക്കുകയാണ്. നീ എന്റേതാണെന്ന് പറയാന്‍ അഭിമാനമേയുള്ളൂ. നമ്മള്‍ കൈകള്‍ കോര്‍ത്ത് നല്ലതും മോശമായതുമെല്ലാം നേരിടും. ശംശേര കുടുംബത്തിലുള്ള അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമായി ഒരു വലിയ ജയ് വിളിക്കുന്നു. ഞങ്ങള്‍ക്ക് ലഭിച്ച എല്ലാ സ്‌നേഹവും അനുഗ്രഹവും കരുതലും ഏറ്റവും വിലപിടിപ്പുള്ളതാണ്. അത് ഞങ്ങളില്‍ നിന്നും ആര്‍ക്കും എടുത്ത് മാറ്റാനാവില്ല.’’–കരൺ പറഞ്ഞു.

1800കളിൽ ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടിയ കൊള്ളസംഘത്തിന്റെ കഥയാണ് ശംഷേര പറഞ്ഞത്. വാണി കപൂർ, അശുതോഷ് റാണ, റോണിത് റോയ്, സൗരഭ് ശുക്ല എന്നിവരാണ് മറ്റ് താരങ്ങൾ. സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിലെത്തിയത്.

MORE IN ENTERTAINMENT
SHOW MORE