സിനിമ എന്നത് 10 വർഷമായുള്ള മോഹം; ഫ്ലക്സ് അടിച്ചത് 25000 രൂപ മുടക്കി

sarath-panachikad
SHARE

"മോഹൻ നിങ്ങൾ നടനാകാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതായിരിക്കും" പുതിയകാവ് – തൃപ്പൂണിത്തുറ റോഡിലെ വലിയ ഒരു ഹോഡിങ്ങ് കാണുമ്പോൾ അറിയാതെ സിനിമയിലെ ഈ വാചകം ഓർത്തുപോകും. കാരണം ആ ഹോഡിങ്ങ് സിനിമാമോഹിയായ ഒരു ചെറുപ്പക്കാരന്റേതാണ്.  ‘സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. പ്രതീക്ഷയോടെ ശരത്ത് പനച്ചിക്കാട്’– ഈ വാചകങ്ങളിൽ സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹമുണ്ടെന്ന്  വ്യക്തം. ഹോഡിങ്ങിൽ ചിത്രവും ഫോൺനമ്പറുമുണ്ട്. ഏതെങ്കിലും സിനിമാക്കാരൻ ഇത് കണ്ട് വിളിക്കട്ടേയെന്ന പ്രത്യാശയോടെയാണ് പനച്ചിക്കാട് സ്വദേശിയായ ശരത്ത് ഇത്തരമൊരു ഫ്ലെക്സ് അടിച്ചുവെച്ചത്. ഇത്തരമൊരു ആശയത്തിലേക്ക് എത്തിയതിനെക്കുറിച്ച് ശരത് മനോരമന്യൂസിനോട് പറഞ്ഞതിങ്ങനെ

10 വർഷമായി സിനിമാമോഹവുമായി പലരേയും സമീപിച്ചു. അവസാനവഴിയെന്നോണമാണ് ഇങ്ങനെയൊരു ഹോഡിങ്‌വെച്ചത്. പത്തിൽ പഠിക്കുന്ന കാലം മുതൽ സിനിമയിൽ ചെറിയ വേഷങ്ങളിൽ തലകാണിച്ചിട്ടുണ്ട്. പലരോടും അവസരം ചോദിച്ചിട്ടുണ്ട്. നല്ലൊരു വേഷം ഇതുവരെയും കിട്ടിയില്ല. ഒട്ടേറെ ഓഡിഷനുകളിൽ പങ്കെടുത്തു. 

സിനിമയോട് അത്രയേറെ താൽപര്യമുള്ളത് കൊണ്ടാണ് സിനിമാ പ്രവർത്തകർ ഏറെയുള്ള എറണാകുളം ജില്ലയിൽ ഹോഡിങ് സ്ഥാപിക്കാൻ തീരുമാനിച്ചത്. ആരെങ്കിലും കണ്ടിട്ട് വിളിച്ചാലോ? ഞാൻ ഇത്തരമൊരു ഹോഡിങ്ങ് വെച്ചത് നാട്ടിൽ അറിഞ്ഞാൽ ട്രോളുകളും കളിയാക്കലുകളും ഒരുപാടുണ്ടാകും. പക്ഷെ അതൊന്നും കാര്യമാക്കുന്നില്ല. 10 വർഷം ചെറിയൊരു കാലയളവ് അല്ലല്ലോ. ഇത്രയും കാലവും സിനിമയോടുള്ള മോഹം മനസിലുണ്ടെങ്കിൽ മനസിലാക്കാമല്ലോ ഞാൻ എത്രമാത്രം ഗൗരവത്തോടെയാണ് സിനിമയെ കാണുന്നതെന്ന്. പിന്നെ 40 വർഷം മുൻപ് മമ്മൂക്ക പോലും പത്രത്തിൽ പരസ്യം കൊടുത്തിട്ടില്ലേ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നറിയിച്ച്? ഞാൻ പരസ്യത്തിന് പകരം ഫ്ലെക്സ് വെച്ചു അത്രയേ വ്യത്യാസമുള്ളൂ. 

3 മാസം കൊണ്ടു കൂട്ടിവച്ച 25,000 രൂപയാണു ഈ പരസ്യം സ്ഥാപിക്കാൻ ചെലവാക്കിയത്. സ്വകാര്യബസിലെ ഡ്രൈവറായിട്ടാണ് ജോലി ചെയ്യുന്നത്. വീട്ടുകാരൊക്കെ ആദ്യം എതിർപ്പായിരുന്നു. ഇപ്പോൾ അവർക്കും മനസിലായി എനിക്ക് എത്രമാത്രം ആഗ്രഹമുണ്ടെന്ന്. എന്നെങ്കിലും ഒരിക്കൽ ഞാനൊരു നടനാകും– ശരത് പറയുന്നു. 

MORE IN ENTERTAINMENT
SHOW MORE