മെലിഞ്ഞവന്‍; അന്ന് പരിഹാസം; ഇന്ന് ‘ഇംഗ്ലീഷി’ലെ പച്ചൈ തമിഴൻ; അക്കഥ

dhanush-life-story
SHARE

‘അപ്പാ, അമ്മ കഷ്ടപ്പെട്ട് സ്കൂളുക്ക് ഡൊണേഷൻ കെട്ടി. എൽ.കെ.ജി നിന്ത് പത്താമത് വരെയ്ക്കും ഫെയിലാകാതെ പഠിച്ച്, പത്താമതിലെ ഈസിയാണ ഗ്രൂപ്പ് എല്ലാം വുട്ടിട്ട്, ഇന്ത ഗ്രൂപ്പ് എടുത്താൽ താ എൻജിനിയറാക മുടിയും എന്ന്, കഷ്ടമാണ ഗ്രൂപ്പ് ആ എടുത്ത്. ഫിസിക്സ് ഒരു ട്യൂഷൻ കെമിസ്ട്രിക്കൊരു ട്യൂഷൻ മാക്സ്ക്കൊരു ട്യൂഷൻ...’  അങ്ങനെയങ്ങനെ ഒറ്റശ്വാസത്തിൽ രാജ്യത്തെ ഓരോ എൻജിനിയറിങ് വിദ്യാർഥിയുടെയും ജീവിതം പറഞ്ഞ ഒരേയൊരു വിഐപി. 2002ൽ അരങ്ങേറ്റ സിനിമയുടെ ആദ്യ ഷോട്ടിന് ക്യാമറയ്ക്ക് മുന്നിൽ എത്തിയപ്പോൾ ഷൂട്ടിങ് കാണാൻ തടിച്ച് കൂടിയ ജനക്കൂട്ടം ഹീറോയെ കണ്ട് ഒരുപോലെ ആർത്തുചിരിച്ചു. ഡേയ് ഇവനാണോ ഹീറോ.. എന്ന് മെലിഞ്ഞു കൊലുന്നനെ ഇരുന്ന ആ 20കാരനെ നോക്കി തലയിൽ കൈവച്ച് ജനം പറഞ്ഞു. കാറിൽ തിരികെ കയറി മുഖം െപാത്തി പൊട്ടിക്കരഞ്ഞു ആ പയ്യൻ. വർഷങ്ങൾക്കിപ്പുറം അയാൾ യുട്യൂബ് റെക്കോർഡുകളെല്ലാം പഴങ്കഥയാക്കുന്ന, രാജ്യം രണ്ട് തവണ ഏറ്റവും നല്ല നടനുള്ള പുരസ്കാരം നൽകി ആദരിച്ച, ദേ ഇപ്പോൾ ഹോളിവുഡ് ആക്‌ഷൻ രാജാക്കൻമാരെ പോലും വിറപ്പിച്ച്  ദ് ഗ്രേ മാനിലൂടെ ഇംഗ്ലിഷിൽ വരെ എത്തി നിൽക്കുന്നു.  മീശയും താടിയും വടിച്ചാൽ പ്ലസ്ടുകാരൻ, മീശ വച്ചാൽ യുവാവ്, അൽപം നരയിട്ടാൽ വൃദ്ധൻ. ഏതു കാലത്തിനും ചേരുന്ന ഉടലുമായി വെങ്കിടേഷ് പ്രഭു കസ്‌തൂരിരാജ എന്ന ധനുഷ് ഇന്ന് ലോകസിനിമയുടെ തന്നെ സ്വത്തായി മാറിയ മനോഹരക്കാഴ്ച.

332 മില്യൺ കാഴ്ചക്കാരുള്ള കൊലവെറി, 1.3 ബില്യൺ കാഴ്ചക്കാരുള്ള റൗഡി ബേബി.. യൂട്യൂബിൽ ധനുഷിന്റെ റെക്കോർഡ് അടുത്ത കാലത്തൊന്നും മറ്റൊരു ഇന്ത്യൻ നടനോ ഗായകനോ, ഡാൻസറോ മറികടക്കുമെന്ന് കരുതുക വയ്യ. റെക്കോർഡുകളുടെ തോഴനായി നിറയുമ്പോൾ തന്നെ പച്ചൈ തമിഴനായി വരുന്ന ധനുഷിനെ ആരാധകർക്കും വലിയ ഇഷ്ടമാണ്. കഴുത്തിൽ കറുത്ത ചരടിൽ െകാരുത്ത രുദ്രാക്ഷം, മുത്തു മാല, വെള്ള മുണ്ട്, വെള്ള ഷർട്ട്..  ഹോളിവുഡ് ചിത്രം ഗ്രേ മാന്റെ പ്രീമിയറിന് പോലും കോട്ടിട്ടവർക്ക് മുന്നിൽ ഇങ്ങനെ തനി തമിഴനായി അദ്ദേഹം നിറഞ്ഞു. ക്യാപ്റ്റന്‍ അമേരിക്ക: സിവിൽ വാർ, അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം എന്നീ ചിത്രങ്ങൾക്കു ശേഷം റൂസോ സഹോദരങ്ങൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രേ മാൻ. 2009ൽ മാർക്ക് ഗ്രീനി എഴുതിയ ദ് ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിക്കുന്നത്. ലോയ്ഡ് ഹാൻസനെന്ന വില്ലന്റെ വിശ്വസ്തനായ തമിഴ് കൂട്ടുകാരനായ ആവിക് സാൻ എന്ന കഥാപാത്രമായാണ് ധനുഷിന്റെ വരവ്. തീപ്പൊരി ആക്ഷൻ, ഈ സിനിമയുടെ സവിശേഷത. 2018ലാണ് ധനുഷ് ഫ്രഞ്ച് സിനിമയായ എക്സ്ട്രാ ഓർഡിനറി ജേണി ഓഫ് എ ഫക്കീറിലൂടെ രാജ്യാന്തര തലത്തിൽ തന്റെ അരങ്ങേറ്റം കുറിച്ചത്.

ഒരു നായകന് സങ്കൽപ്പിച്ച് പോന്ന ആകാരവടിവോ, പ്രേക്ഷകന്റെ മനസ്സിൽ കാലാകാലങ്ങളായി ഉറച്ചുപോന്ന ശരീര സൗന്ദര്യമാനദണ്ഡങ്ങളോ ഒന്നും ഇല്ലാതെ നായകനായി തന്നെ അരങ്ങേറ്റം. സിനിമാ കുടുംബത്തിന്റെ പിൻബലത്തിൽ അത് സാധ്യമാണെന്ന് കരുതാം. എന്നാൽ അവിടെ നിന്ന് ഇന്ന് നമ്മൾ അറിയുന്ന, നമ്മൾ കാണുന്ന, ധനുഷിലേക്ക് അയാൾ എത്തിയത് കഴിവിന്റെ, സമര്‍പ്പണത്തിന്‍റെ ബലത്തിലാണ്. മെറിറ്റിൽ മുന്നോട്ടുപോയവൻ തന്നെയാണെന്ന് ധൈര്യപൂർവം ഈ നടനെ ചൂണ്ടി പറയാം. നടൻ, ഗായകൻ, ഡാൻസർ, ഫൈറ്റർ, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ്.. അങ്ങനെ സകലകലാവല്ലഭനായി ധനുഷ് നിറയുന്നു. രാജ്യത്തെ ഏറ്റവും നല്ല നടനായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടു അദ്ദേഹം. ആടുകളം എന്ന ചിത്രത്തിനാണ് ധനുഷിന് ആദ്യ ദേശീയ പുരസ്കാരം ലഭിക്കുന്നത്. പതിനൊന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ദേശീയ പുരസ്‌കാരം അസുരൻ എന്ന ചിത്രത്തിലടെ. രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത് ഒരാൾ തന്നെ. വെട്രിമാരൻ.

സോഡാകുപ്പി കണ്ണടയും മുടി ചീകാത്ത തലയുമായി കാണുന്ന പയ്യൻമാരെയെല്ലാം ധനുഷ് എന്നു വിളിക്കാൻ തുടങ്ങിയ ഒരു കാലമുണ്ടായിരുന്നു. അപമാനിച്ചവർക്കും പരിഹാസച്ചിരി ചിരിച്ചവർക്കും തന്റെ പ്രകടം കൊണ്ടാണ് ധനുഷ് മറുപടി െകാടുത്തത്. അവന്റെ ഡാൻസ് െകാള്ളാം ഫൈറ്റ് െകാള്ളാം എന്ന് ആദ്യം വാഴ്ത്തിയവർ  ‘ഇന്ത്യൻ ബ്രൂസ്‌ലി’ എന്ന പേരും സമ്മാനിച്ചു. പിന്ീട് ഓരോ കഥാപാത്രങ്ങളിലേക്കുമുള്ള ഭാവമാറ്റം കണ്ടവർ അമ്പരന്നു. തെന്നിന്ത്യയും കടന്ന് ധനുഷെന്ന താരം വളർന്നുകൊണ്ടിരുന്നു. അവന്റെ തമിഴ് പേച്ച് കേൾക്കാൻ, അവന്റെ ദ്രവീഡിയൻ സൗന്ദര്യം ആസ്വദിക്കാൻ, അവന്റെ ബ്രൂസ്‌ലി ഫൈറ്റുകൾ കാണാൻ തിയറ്ററിലേക്ക് ജനം കയറി.  ഭാഷ അതിെനാന്നും തടസ്സമായില്ല. രജനികാന്തിനെ എങ്ങനെയാണോ രാജ്യം അംഗീകരിച്ചത് അതുപോലെ കൊണ്ടാടപ്പെടുന്നു ധനുഷും. തമിഴിൽ താരങ്ങളുടെ കുത്തൊഴുക്കിനു നടുവിൽ ഒരു കസേര വലിച്ചിട്ടിരുന്നു ആ പയ്യൻ. പതിറ്റാണ്ടിനിപ്പുറവും ആ കസേരയ്ക്ക് അനക്കമില്ലാതെ അങ്ങനെ തന്നെ തുടരുന്നു.

ആദ്യ ചിത്രമായ തുളളുവതോ ഇളമയിലൂടെ ധനുഷിനെ സിനിമയിലേക്ക് എത്തിച്ചത് അചഛനും സംവിധായകനുമായ കസ്‌തൂരി രാജയായിരുന്നു. വെങ്കിടേഷ് പ്രഭുവെന്ന ധനുഷിനു അഭിനയത്തിൽ തീരെ താൽപര്യമില്ലായിന്നു അക്കാലത്ത്. സഹോദരനും സംവിധായകനുമായ ശെൽവരാഘവന്റെ നിർബന്ധത്തിനു വഴങ്ങിയാണു ധനുഷ് തുളളുവതോ ഇളമെയിൽ അഭിനയിച്ചത്. മാതാപിതാക്കളുടെ സ്‌നേഹം കിട്ടാതെ വഴി തെറ്റിപ്പോകുന്ന ഒരു പറ്റം വിദ്യാർഥികളുടെ കഥ പറഞ്ഞ ചിത്രം ഹിറ്റായി. തൊട്ടു പിന്നാലെ വന്ന കാതൽ കൊണ്ടേനിൽ കൂട്ടുകാരിയുടെ സ്‌നേഹം പിടിച്ചു വാങ്ങുന്ന മാനസിക പ്രശ്‌നങ്ങളുളള വിദ്യാർഥിയായി ധനുഷ്. രണ്ടായിരത്തി മൂന്നില്‍ പുറത്തിറങ്ങിയ ചിത്രം നിരൂപകരുടേയും പ്രേക്ഷകരുടേയും ശ്രദ്ധ ഒരുപോലെ പിടിച്ചു പറ്റി. 2003ൽ ഛായാ സിങ്ങിനൊപ്പം തിരുടാ തിരുടിയിലാണ് നായക പ്രാധാന്യമുളള ഒരു വേഷം ധനുഷ് ആദ്യമായി ചെയ്‌തത്. മൻമദ രാസ എന്നു തുടങ്ങുന്ന പാട്ടും നൃത്ത രംഗവും വിമർശനങ്ങളെ നേരിട്ടെങ്കിലും തുടർച്ചയായി മൂന്നു ചിത്രങ്ങൾ ഹിറ്റുകളായി എന്ന ക്രെഡിറ്റ് ധനുഷ് സ്വന്തമാക്കി. പിന്നീട് വന്ന പുതുക്കോട്ടയിലിരുന്ത് ശരവണൻ’ എന്ന ചിത്രവും ഹിറ്റായി.

ആദ്യ മൂന്നു ചിത്രങ്ങൾ വിജയിച്ചെങ്കിൽ പിന്നീടു പലതും ബോക്‌സോഫീസിൽ തകർന്നുവീണു. കഥ തിരഞ്ഞെടുക്കുന്നതിലെ പാളിച്ച തകർച്ചയുടെ ആക്കവും കൂട്ടി. 2005ൽ പുറത്തിറങ്ങിയ ദേവതയേ കണ്ടേൻ, ബാലു മഹേന്ദ്രയുടെ അത് ഒരു കനാക്കാലവും ശരാശരി വിജയം നേടിയപ്പോൾ പ്രകാശ് രാജിനൊപ്പം മൽസരിച്ചഭിനയിച്ച തിരുവിളയാടൽ ആരംഭം ധനുഷിനു കോമഡിയും വഴങ്ങുമെന്നു തെളിയിച്ചു. 2007ന്റെ ആദ്യ പാതിയിൽ പടങ്ങൾ ഒന്നും ഹിറ്റാകാതിരുന്ന ധനുഷിന് അതേ വർഷം ദീപാവലിക്കു പുറത്തിറങ്ങിയ പൊല്ലാതവനാണ് കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് സമ്മാനിച്ചത്.

ബൈസിക്കിൾ തീവ്‌സ് എന്ന വിശ്വോത്തര ചിത്രത്തേ ആസ്‌പദമാക്കി വെട്രിമാരൻ ഒരുക്കിയ ചിത്രം സംവിധായകന്റെ പേരു പോലെ വെട്രികൊടി പാറിച്ചു. തുടർന്നു വന്ന യാരടി നീ മോഹിനി, പഠിക്കാതവൻ, ഉത്തമപുത്തിരൻ എന്നീ ചിത്രങ്ങളും വിജയം കൈവരിച്ചതോടെ ധനുഷ് തന്റെ സ്‌ഥാനം തമിഴ് സിനിമാ ലോകത്ത് അരക്കിട്ടുറപ്പിച്ചു. പഠിക്കാതവനിലെ *ക്ലൈമാക്‌സ് രംഗം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. വെട്ട്രിമാരൻ തന്നെ ഒരുക്കിയ ആടുകളം എക്കാലത്തേയും മികച്ച വിജയമാണ് ധനുഷിനു സമ്മാനിച്ചത്. സ്‌ഥിരം ശൈലിയിൽ നിന്നു വ്യത്യസ്‌തമായി വലിയ ബഹളങ്ങളില്ലാത്ത നായക വേഷത്തിലേക്ക് ധനുഷ് മാറി. തമിഴ്‌നാട്ടിലെ നാട്ടുമ്പുറങ്ങളിൽ കണ്ടുമുട്ടുന്ന സാധാരണക്കാരനായ യുവാവിന്റെ വേഷത്തിൽ പിന്നെ ധനുഷോളം മികച്ചതായി മറ്റാരും ഉണ്ടായില്ല. വേലയില്ലാ പട്ടധാരി, എന്ന ചിത്രത്തിന്റെ സൂപ്പർഹിറ്റ് വിജയത്തിലൂടെ ധനുഷ് തമിഴ് സിനിമാ ലോകത്തെ മറ്റെല്ലാ യുവതാരങ്ങളെയും കടത്തിവെട്ടി മുന്നേറി. മാപ്പിളൈ, ത്രീ, മാരി, മരിയാൻ, വട ചെന്നെ.. അങ്ങനെ െതാട്ടതെല്ലാം ഹിറ്റാക്കി മുന്നോട്ടുപോയ ജൈത്രയാത്ര.

ബോളിവുഡിൽ വെന്നിക്കൊടി പാറിച്ച രജനികാന്തിനും കമൽഹാസനും പിന്നാലെ, അവിടെയും ജയപതാക നാട്ടാന്‍ ധനുഷിന് കഴിഞ്ഞു.ധനുഷ് ആദ്യമായി ബോളിവുഡിന്റെ ശ്രദ്ധയിൽപെടുന്നത് അദ്ദേഹത്തിന്റെ ‘വൈ ദിസ് കൊലവെറി ഡി?’ എന്ന ഗാനം വൈറൽ ആയപ്പോഴാണ്. വഞ്ചിക്കപ്പെട്ട കാമുകന്മാരുടെ ഗാനം ലോകമെങ്ങും ഉയർത്തിയ തരംഗം ധനുഷിന്റെ തലവര തന്നെ മാറ്റി. കോളിവുഡും ബോളിവുഡും കടന്ന് ഹോള‌ിവുഡിൽ വരെ എത്തിനിൽക്കുന്നു ആ ഐതിഹാസയാത്ര.

ആദ്യം വില്ലൻ, പിന്നെ സഹനടൻ, ഹീറോ, സ്റ്റാർ, സ്റ്റൈൽ മന്നൻ, സൂപ്പർ സ്റ്റാർ, ഇന്ന് തലൈവർ., നാളെ.. കാലാ സിനിമയുടെ ഓഡിയോ ലോഞ്ചിൽ ധനുഷ് രജനികാന്തിനെ കുറിച്ച് പറഞ്ഞ ഈ വാക്കുകൾ രജനിയുടെ രാഷ്ട്രീയപ്രവേശനത്തിന്റെ സൂചനകളാണെന്ന് ആ സമയത്ത് ഉറപ്പിച്ചിരുന്നു. പത്തുപേരെ ഒരുത്തൻ എതിർത്താൽ അവൻ വീരൻ. പത്തുപേർ ചേർന്ന് ഒരുത്തനെ എതിർത്താൽ അവൻ തലൈവൻ എന്നാണ് ധനുഷിന്റെ പക്ഷം. സിനിമാ ജീവിതത്തിൽ രജനീകാന്തിന്റെ മരുമകൻ എന്ന മേൽവിലാസവും ധനുഷിന്റെ സിനിമാ വളർച്ചയ്ക്ക് ആദ്യകാലത്ത് ഗുണം ചെയ്ത ഘടകമായിരുന്നു. ചെറുപ്രായത്തിൽ തിക്കിത്തിരക്കി ടിക്കറ്റെടുത്ത് തലൈവരുടെ ബാഷ പടത്തിന് കയറിയ ഫാൻ ബോയ്. പിന്നീട് അദ്ദേഹത്തിന്റെ മകളുടെ ഭർത്താവായി. രജനികാന്തിനെ വച്ച് തന്നെ സിനിമ നിർമിച്ചു. എന്നാൽ ഇന്ന് ധനുഷ്-ഐശ്വര്യ ദമ്പതികൾ വേർപിരിയുന്നു എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

18 വര്‍ഷം നീണ്ട ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ഇരുവരും മാസങ്ങൾക്ക് മുൻപാണ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ആറു മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം. വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 23 വയസ്സുമായിരുന്നു പ്രായം. യാത്രയും ലിംഗയുമാണ് ഇവരുടെ മക്കള്‍. അവരുടെ കാര്യങ്ങൾക്ക് ഇനിയും ഒരുമിച്ച് ഉണ്ടാകുമെന്നും ഇരുവരും വ്യക്തമാക്കി. നല്ല സുഹൃത്തുക്കളായി മുന്നോട്ടുപോകുമെന്നും ഇവർ പറയുന്നു.

സ്വന്തം കഴിവും മികവും െകാണ്ട് സിനിമാജീവിതത്തിൽ അടിക്കടി ഉയരുമ്പോൾ പല വിവാദങ്ങളിലും ആരോപണങ്ങളിലും ധനുഷ് നിറഞ്ഞുനിന്നു. അക്കൂട്ടത്തിൽ ധനുഷ് തങ്ങളുടെ മകനാണെന്ന് വാദിച്ച് രംഗത്തെത്തിയ മധുരൈ ദമ്പതികളുടെ വിഷയം ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയായി. സിനിമാഭ്രാന്ത് മൂത്ത് പതിനാറാം വയസ്സിൽ വീടുവിട്ടോടിയ കതിരേശനും മീനാക്ഷിയുടേയും മകൻ കലൈചെൽവനാണ് ഇന്നത്തെ ധനുഷ് എന്നാണ് ദമ്പതികളുടെ വാദം. ആരോപണം കോടതി കയറിയതോടെ മാധ്യമങ്ങളിലും വാർത്തയായി. പ്രതിമാസം 65,000 രൂപ പരിപാലന ചെലവായി നൽകാൻ ധനുഷിനോടു നിർദേശിക്കണം എന്ന ആവശ്യവുമായി ദമ്പതികൾ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. ദമ്പതികൾക്കെതിരെ ധനുഷും വക്കീൽ നോട്ടീസ് അയച്ചു. അങ്ങനെ ഏറെ കാലം വാർത്തകളിൽ നിറഞ്ഞു ഈ കേസ്. ഇപ്പോഴും നിയമനടപടികളുമായി ഇരുകൂട്ടരും മുന്നോട്ടുപോകുന്നു.

നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ തീര്‍ത്തും ലളിതമായി തമിഴ് സിനിമയില്‍ ഉദയം ചെയ്ത പയ്യന്‍ ഇന്ന് ലോകസിനിമയില്‍ തെന്നിന്ത്യന്‍ സിനിമയുടെ അംബാസഡറായി തിളങ്ങിനില്‍ക്കുന്ന കാഴ്ച. ടിക്കറ്റെടുത്ത് തിയറ്ററിലെത്തുന്നവനെ വെള്ളിത്തിരയിൽ ഓരോ നിമിഷവും അമ്പരപ്പിക്കുന്ന നായകന്‍. അന്ന് ലുക്കില്ലെന്ന് പറഞ്ഞവരോട് ധനുഷ് നൽകിയ മറുപടി സിനിമ സ്വപ്നം കാണുന്നവർക്ക് കരുത്ത് പകരുന്ന വേദവാക്യമാണ്. കഴിവിനും ആത്മവിശ്വാസത്തിനും മുകളിൽ സുന്ദരമായതൊന്നും ഈ ഭൂമിയിൽ ഇല്ല. അങ്ങനെയൊരു ജീവിതവിജയത്തിന്‍റെ വലിയ ഉദാഹരണമാണ് ധനുഷ്. താരങ്ങളേറെ വാഴുന്ന തമിഴകത്ത് ധനുഷിന്റേത് തനിവഴിയാണ്. തിരശ്ശീലയിലും ജീവിതത്തിലും പച്ചൈ തമിഴന്‍. കൃത്യമായ ഇടവേളകളില്‍ ഞെട്ടുന്നൊരു വേഷപ്പകര്‍ച്ച ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിക്കുന്ന താരം. എത്ര വലിയ താരമാകുമ്പോഴും പക്ഷേ, സാധാരണക്കാരന്‍റെ ഭാവങ്ങളില്‍ പുതിയ നായകവേഷങ്ങളിലേക്ക് കുതിപ്പ് തുടരുന്നു, ഈ ഇന്ത്യന്‍ ബ്രൂസ്‌‌ലി.

MORE IN ENTERTAINMENT
SHOW MORE