'കടലിനെ രക്ഷിക്കാനൊരു ഡൈവ്'; പരിനീതി ചോപ്രയ്ക്ക് കയ്യടി: വിഡിയോ

parineeti
SHARE

സ്കൂബാ ഡൈവിങ്ങിനൊപ്പം കടൽ വൃത്തിയാക്കലും ഏറ്റെടുത്ത് നടി പരിനീതി ചോപ്ര. സ്കൂബാ ഡൈവിങ് നടത്തുന്നതിനിടെ കടലിന്റെ അടിത്തട്ടിൽ നിന്ന് പ്ലാസ്റ്റിക്കും മാസ്കും അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്ന താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 'നല്ലൊരു ഡൈവ് കഴിഞ്ഞു, നശിച്ചുകൊണ്ടിരിക്കുന്ന കടലിനെ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ കൂടി ഡൈവ്. കടലിനെ മാറ്റിയെടുക്കാൻ എനിക്കൊപ്പം ചേരൂ. എനിക്കൊപ്പം ചേർന്നൊരു സ്കൂബാ ഡൈവർ ആകൂ'– എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 

'14 മില്ല്യൺ ടൺ പ്ലാസ്റ്റിക്കാണ് ഓരോ വർഷവും കടലിലെത്തുന്നത്. 2020 ആകുമ്പോഴേക്കും സമുദ്രത്തിലെ പ്ലാസ്റ്റിക്കിന്റെ അളവ് നാലിരട്ടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കടലാമകൾ, ഡോൾഫിനുകൾ, സീലുകൾ പോലുള്ള ആയിരക്കണക്കിന് സമുദ്രജീവികളുടെ വംശനാശത്തിന് കാരണമാകുമെന്ന് വീഡിയോയിൽ പറയുന്നു. 90,000 സമുദ്രസന്ദർശകർ വെള്ളത്തിൽ നിന്ന് 2 ദശലക്ഷം മാലിന്യങ്ങൾ ഇതുവരെ നീക്കം ചെയ്തു. സമുദ്രത്തെ രക്ഷിക്കാൻ തന്റെ പങ്ക് ചെയ്തതിൽ താൻ സന്തുഷ്ടയാണ്' എന്നും പരിനീതി പറയുന്നു.

നടി എന്നതിലുപരി സ്കൂബാ ഡൈവിങ് പരിശീലക കൂടിയാണ് പരിനീതി ചോപ്ര. സ്കൂബാ ഡൈവിങ് നടത്തുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ താരം പങ്കുവയ്ക്കാറുമുണ്ട്. സാമൂഹ്യപ്രതിബദ്ധതയോടെയുള്ള താരത്തിന്റെ ഈ പോസ്റ്റിന് പിന്തുണയുമായി നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. താരത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് കമന്റ് ബോക്സില്‍ നിറയുന്നത്.

MORE IN ENTERTAINMENT
SHOW MORE