‘ബാഹുബലിയെയും മറികടന്നു; തമിഴിലെ കൂറ്റൻ ഹിറ്റായി വിക്രം’; പണം വാരൽ തുടർന്ന് കമൽ

kamal-vikram-record
SHARE

കമൽഹാസൻ ചിത്രം വിക്രം കലക്ഷനിൽ പുത്തൻ റെക്കോഡുകൾ തീർത്ത് മുന്നേറുകയാണ്. തമിഴ്നാട്ടിൽ ബാഹുബലി കുറിച്ച അഞ്ചുവർഷത്തെ റെക്കോർഡ് വിക്രം മറികടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രജനികാന്തിനും വിജയ്​യ്ക്കും അജിത്തിനും കഴിഞ്ഞ അഞ്ചുവർഷം സാധിക്കാതിരുന്നത്, അ‍ഞ്ചുവർഷമായി സജീവമായി ഫീൽഡിൽ ഇല്ലാത്ത കമൽ തിരുത്തിക്കുറിച്ചുവെന്നാണ് ആരാധകരുടെ വാഴ്ത്ത്. 

155 കോടിയാണ് തമിഴ്നാട്ടിൽ നിന്നും ബാഹുബലി നേടിയ കലക്ഷൻ. ഈ റെക്കോർഡ് വിക്രം മറികടന്നുവെന്നാണ് നിരൂപകരുടെ വിലയിരുത്തൽ. തമിഴ്നാട്ടിൽ നിന്നും ഏറ്റവും കൂടുതൽ പണം വാരുന്ന ചിത്രമെന്ന റെക്കോർഡ് ഉടൻ തന്നെ വിക്രത്തിന്റെ പേരിലാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒപ്പം ആറ് പതിറ്റാണ്ടിലേറെ നീളുന്ന കമൽഹാസന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി വിക്രം മാറി.

ആഗോളതലത്തിൽ ഏകദേശം 315 കോടി രൂപയിലേറെ വിക്രം നേടി. ചെന്നൈയിൽ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കമൽഹാസൻ ഇക്കാര്യം സൂചിപ്പിച്ചത്. 'എല്ലാവരും പുരോഗമിക്കണമെങ്കിൽ, പണത്തെക്കുറിച്ച് വിഷമമില്ലാത്ത ഒരു നേതാവിനെ നമുക്ക് വേണം. എനിക്ക് 300 കോടി രൂപ ഒറ്റയടിക്ക് സമ്പാദിക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ ആരും അത് മനസ്സിലാക്കിയില്ല. അവർ കരുതി ഞാൻ എന്റെ നെഞ്ചിൽ ഇടിക്കുകയാണെന്ന്. ഇപ്പോൾ അത് സംഭവിച്ചു. ഈ പണം കൊണ്ട് ഞാൻ എന്റെ കടമെല്ലാം തിരിച്ചടക്കും. തൃപ്തിയാകുന്നത് വരെ ഭക്ഷണം കഴിക്കും. 

എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും കഴിയുന്നവിധം സഹായം നൽകും. അതിനു ശേഷം ഒന്നും ബാക്കി ഇല്ലെങ്കിൽ ഇനി കൊടുക്കാൻ ഇല്ല എന്ന് പറയും. മറ്റൊരാളുടെ പണം വാങ്ങി മറ്റുള്ളവരെ സഹായിക്കേണ്ടതില്ല. എനിക്ക് വമ്പൻ പദവികളൊന്നും വേണ്ട. ഞാൻ ഒരു നല്ല മനുഷ്യനാകാൻ ആഗ്രഹിക്കുന്നു'. കമൽഹാസൻ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE