‘ഞാനും വിനായകനും ഒരു പത്രസമ്മേളനം വിളിക്കാം, നമുക്ക് കാണാം’; ചിരിച്ച് ധ്യാൻ

dhyan-vinayakan
SHARE

നടൻ വിനായകന്റെ വാർത്താസമ്മേളനങ്ങൾ സൈബർ ലോകത്ത് എപ്പോഴും വൈറലാണ്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനവും താരവും മാധ്യമപ്രവർത്തകരും തമ്മിൽ നടന്ന വാക്കേറ്റവും രണ്ടഭിപ്രായമാണ് സൈബർ ഇടത്ത് ഉയർത്തുന്നത്. ഇതേക്കുറിച്ച് ധ്യാൻ ശ്രീനിവാസനോട് അഭിപ്രായം ചോദിച്ചപ്പോൾ നൽകിയ മറുപടിയും ശ്രദ്ധേയമാണ്. ‘ഞാനും വിനായകനും കൂടി ഒരുമിച്ചൊരു പത്രസമ്മേളനം വിളിക്കാം. സിനിമയുടെ പരിധിയൊന്നും വേണ്ട നമുക്ക് രാഷ്ട്രീയം അടക്കമുള്ള കാര്യങ്ങൾ പറഞ്ഞ് അതിന് വേണ്ടി ഒരു പത്രസമ്മേളനം തന്നെ നടത്തി കളയാം.’ ചിരിയോടെ ധ്യാൻ പറയുന്നു. രണ്ടുപേരും മാധ്യമപ്രവർത്തകരുടെ ചോദ്യം നേരിടുന്ന ശൈലിയെ ഇഷ്ടപ്പെടുന്നവരും വിമർശിക്കുന്നവരും ഏറെയാണ്. വിമർശനം കൂടിയപ്പോൾ ഇനി അടുത്ത കാലത്തൊന്നും ഒരു പത്രസമ്മേളനത്തിന് ഇല്ലെന്ന് ഇന്നലെ ധ്യാൻ പറഞ്ഞിരുന്നു.

‘ഇനി അഭിമുഖം കൊടുക്കേണ്ടെന്നാണ് വീട്ടിൽനിന്നുള്ള മുന്നറിയിപ്പ്. അച്ഛൻ ഇപ്പോൾ ആശുപത്രിയിൽനിന്നു വീട്ടിൽ എത്തിയിട്ടുണ്ട്. അതുെകാണ്ട് നല്ല കുട്ടിയായി വീട്ടിൽ ഇരിക്കണം. ഇനി കുറച്ചു നാളത്തേക്ക് ലളിത ജീവിതമായിരിക്കും. അഭിമുഖങ്ങളും അടുത്തൊന്നും ഉണ്ടാകില്ല. കാരണം പുതിയ സിനിമകളൊന്നും ഇനി അടുത്തൊന്നും റിലീസാകാനില്ല. ഞാൻ ഇന്റര്‍വ്യു കൊടുക്കുന്നത് അവസാനിപ്പിക്കണം എന്നാണ് കുടുംബക്കാരുടെ അഭിപ്രായം. ഇങ്ങനെപോയാൽ കുടുംബക്കാരെ മുഴുവൻ നാറ്റിക്കും എന്നൊരു പേടി അവര്‍ക്കുണ്ട്. ഇതുവരെ െകാടുത്ത അഭിമുഖത്തിൽ അച്ഛനെയും ചേട്ടനെയും കുറിച്ചാണ് പറഞ്ഞത്. ഇനിയും ബന്ധുക്കളെ കുറിച്ച് ഞാൻ പറയുമോ എന്ന് അവർക്ക് പേടി. വാട്ട്സാപ്പ് ഫാമിലി ഗ്രൂപ്പിൽ നിന്നും ഞാൻ പുറത്താണ്. കുറച്ച് ദിവസങ്ങൾക്കു ശേഷം അവർ എന്നെ ചേർക്കും. അപ്പോൾ നല്ല കുട്ടിയായി ഇരിക്കാം എന്നു വിചാരിക്കുന്നു. അതുെകാണ്ട് അഭിമുഖം ഇനി വേണ്ടെന്നാണ് തീരുമാനം. എന്റെ കഥകൾ ഒക്കെ ഇനി സിനിമയിലൂടെ പറയാം.’ പതിവ് ശൈലിയിൽ ചിരിയോടെ ധ്യാൻ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE