സ്വന്തം ജീവിതം വെള്ളിത്തിരയില്‍; ‘കുറ്റവും ശിക്ഷയും’ കാത്ത് റിയല്‍ ഹീറോസും..!

kuttavum-shikshayum-story
SHARE

ഈ വെള്ളിയാഴ്ച രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷ എന്ന സിനിമ പുറത്തിറങ്ങുമ്പോള്‍ സിനിമയ്ക്കാസ്പദമായ സംഭവങ്ങളിലെ യഥാര്‍ത്ഥ നായകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2016 ഒക്‌ടോബര്‍ നാലിന് കാസര്‍ഗോഡ് കുണ്ടംകുഴിയിലെ സുമംഗല ജ്വല്ലറിയില്‍ നടന്ന കവര്‍ച്ച അന്വേഷിച്ച പോലീസ് സംഘത്തിന്റെ കഥയാണ് സിനിമ. ഈ അന്വേഷണ സംഘത്തിനെ നയിച്ച പോലീസ് ഇന്‍സ്‌പെക്ടറും നടനുമായ സിബി.കെ.തോമസ് ആണ് തങ്ങളുടെ അനുഭവങ്ങള്‍ സിനിമാക്കഥയാക്കി മാറ്റിയിരിക്കുന്നത്.  

ആ സംഘത്തിലെ അഞ്ചുപേര്‍ക്കും ഇത് സിനിമാക്കഥയല്ല, അനുഭവിച്ച ജീവിതമാണ്. വെള്ളിത്തിരയില്‍ ഇവര്‍ക്ക് പകരം കേരളമറിയുന്ന പ്രശസ്ത താരങ്ങളാകും പ്രത്യക്ഷപ്പെടുക എന്നുമാത്രം. പക്ഷേ യഥാര്‍ത്ഥ കഥയിലെ ഹീറോസ് ഇവര്‍ തന്നെയാണ്. ഒരു ജ്വല്ലറി കവര്‍ച്ചയെ സൂക്ഷ്മയായി പിന്തുടര്‍ന്ന് ഉത്തരേന്ത്യയിലെ തിരുട്ട് ഗ്രാമത്തിലെത്തിച്ചേര്‍ന്ന ഉദ്യോഗസ്ഥരുടെ അനുഭവങ്ങള്‍. കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക പോലീസ് അന്വേഷണ സംഘത്തിലെ അംഗങ്ങളായിരുന്ന ഫിലിപ് തോമസ്, നാരായണന്‍ നായര്‍, ലക്ഷ്മി നാരായണന്‍, ശ്രീജിത്ത് കെ. എന്നിവരാണ് ഇന്‍സ്‌പെക്ടര്‍ സിബി. തോമസിന്റെ നേതൃത്വത്തില്‍ കവര്‍ച്ചക്കാരരെ പിന്തുടര്‍ന്ന് ഉത്തരേന്ത്യയിലെത്തിയത്. 

ആസിഫ് അലിയും ഷറഫുദ്ദീനും സണ്ണിവെയ്‌നും അലന്‍സിയറും സെന്തില്‍കൃഷ്ണയും സഞ്ചരിച്ച വഴികളും പറയുന്ന ഡയലോഗുകളും ഏറെക്കുറെ ഇവരുടെ അനുഭവങ്ങള്‍ തന്നെയാണ്. കേരള പോലീസിന്റെ പരിമിതമായ സൗകര്യങ്ങളും ബജറ്റും ഉപയോഗിച്ച് അപരിചിതമായ ദേശങ്ങളിലൂടെ ജീവന്‍ പോലും പണയം വച്ചുള്ള ഇവരുടെ സഞ്ചാരത്തിന്റെ സാഹസികത മനസിലാകണമെങ്കില്‍ സമാനമായ പോലീസ് ഓപറേഷനുകളില്‍ കൊല്ലപ്പെട്ട ഓഫീസര്‍മാരുടെ കഥ കൂടി മനസിലാക്കണം.  

യഥാര്‍ത്ഥ്യം കഥകളേക്കാള്‍ വിചിത്രമാണ് എന്നാണ് ഷേക്‌സ്പിയര്‍ പറഞ്ഞിട്ടുള്ളത്. ഇനിയറിയാനുള്ളത് ഇവരുടെ അനുഭവങ്ങളേക്കാള്‍ അതഭുതങ്ങളും സാഹസികതകളും അപ്രതീക്ഷിതകളും നിറഞ്ഞതാണോ സിനിമ എന്നതാണ്. പ്രേക്ഷകര്‍ക്കൊപ്പം ഇതറിയാന്‍ അവരും കാത്തിരിക്കുകയാണ്.  

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം ആദ്യഷോ തന്നെ കാണാന്‍ എറണാകുളത്തേയ്ക്ക് യാത്ര തിരിക്കാന്‍ തയ്യാവാറുകയാണ് കുറ്റവും ശിക്ഷയിലെ യഥാര്‍ത്ഥ നായകര്‍.

MORE IN ENTERTAINMENT
SHOW MORE