'കുട്ടിച്ചായന്‍ റിഹേര്‍സല്‍; ഇതിലും മുന്തിയത് വരുന്നുണ്ട്': ഉടലില്‍ ഞെട്ടിച്ച് ഇന്ദ്രൻസ്

indrans-udal
SHARE

ഉടല്‍ എന്ന വാക്കു പോലെ തന്നെ ദാഹമകറ്റാന്‍ ചില മനുഷ്യര്‍ ചെയ്യുന്നത്. അതാണ് ഉടല്‍ എന്ന സിനിമ പറഞ്ഞുവയ്ക്കുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമ. അഭിനയത്തിനു പുറമെ അത് അനുഭവിച്ചു തീര്‍ത്താണ് നടന്‍ ഇന്ദ്രന്‍സ് എന്നത്തെയും പോലെ നല്ല വാക്കുകള്‍ സ്വന്തമാക്കുന്നത്. ആ അനുഭവം കണ്ണെടുപ്പിക്കാതെ കണ്ടുനിര്‍ത്താന്‍ പാകത്തിലാക്കാന്‍ നവാഗതനായ രതീഷ് രഘുനന്ദന് കഴിഞ്ഞു. ഇന്ദ്രൻസിന് ഒപ്പം നിൽക്കുന്ന പ്രകടനമാണ് ദുർഗ കൃഷ്ണയുടേതും. ഹോം എന്ന സിനിമക്കു ശേഷം മറ്റൊരു ശ്കതമായ കഥാപാത്രമായി ഇന്ദ്രന്‍സ് എത്തുമ്പോള്‍ സിനിമ പറയാന്‍ ബാക്കിവച്ചതും തന്‍റെ ജീവിതസ്വപ്നങ്ങളും അദ്ദേഹം മനോരമ ന്യൂസ് ഡോട്ട്കോമിനോട് പങ്കിടുന്നു.   

ചാച്ചന്‍റെ സ്നേഹത്തിലും വാല്‍സല്യത്തിലും നിന്ന് കുട്ടിച്ചായന്‍റെ പേടിപ്പിക്കും ലുക്കിലേക്കുള്ള വരവ്..?

കഥാപാത്രത്തിലേക്ക് മനസുവക്കുമ്പോള്‍ ഇത് അനുഭവിക്കാനാകും. രണ്ട് ദിവസം ഇതിനുവേണ്ടി മനസുവച്ചു. സംവിധായകനും ക്യാമറമാനും ഫൈറ്റ് ചെയ്യുന്നവരും ബാക്കി എല്ലാവര്‍ക്കുമാണ് ഇതിന്‍റെ ഉത്തരവാദിത്തം. അവരെല്ലാം മിടുക്കരാണ്. അവരാണ് നമ്മളെ മാറ്റിപ്പണിയുന്നത്. അങ്ങനെ ചാച്ചനും കുട്ടിച്ചായനുമായി.    

ആക്ഷന്‍ രംഗങ്ങളെ നേരിട്ടതെങ്ങനെ‌..?

അടിയൊക്കെ മാഫിയ ശശിയുടെ മാത്രം കഴിവുകൊണ്ടാണ് ചെയ്തത്. സിനിമയില്‍ കാണുന്നപോലെ അനുഭവിച്ചതാണ് എല്ലാം. ഇതിലൊന്നും ഒരു കള്ളത്തരവുമില്ല. 

ദുര്‍ഗയുടെ പോസ്റ്റില്‍ ചാച്ചന് ശരിക്കും ആ ചവിട്ടില്‍ വേദന കൊണ്ട് ചുരുണ്ടു കൂടിയെന്ന് പറഞ്ഞു. എല്ലാവരെയും അമ്പരപ്പെടുത്തിയ ആ നിമിഷം എങ്ങനെ ഓര്‍ക്കുന്നു?

ഇതില്‍ ഒരുപാട് ആത്മാര്‍പ്പണം നടത്തിയതും പാടുപെട്ടതും ദുര്‍ഗയാണ്. ഇത്തരത്തിലുള്ളൊരു കഥാപാത്രം ചെയ്യാന്‍ തയ്യാറാകുന്ന പെണ്‍കുട്ടികള്‍ കുറവാണ്. ഒരു കൊടുക്കല്‍ വാങ്ങലാണിതിന്‍റെ വിജയം. അതുകൊണ്ടാണ് ദുര്‍ഗ അങ്ങനെ പറഞ്ഞത്. വിഷമം കൊണ്ട് പറഞ്ഞതാകാം അത്.

തിയറ്ററില്‍ കുട്ടിച്ചായനെ കണ്ടപ്പോള്‍ എന്തുതോന്നി? കണ്ട് പേടിച്ചോ?

'ഉടല്‍' പൂര്‍ണ്ണമായതിനു ശേഷം തിയറ്ററില്‍ കണ്ടിട്ടില്ല. ഇനി വേണം കാണാന്‍. കുറെ നാളായില്ലേ ഇനിയെങ്കിലും മര്യാദയ്ക്ക് എന്തെങ്കിലും ചെയ്യണ്ടേ എന്ന് തോന്നുകയാണ് ഒരോ സിനിമ ചെയ്യുമ്പോഴും.

പ്രായവും അസുഖങ്ങളുമുള്ള കുട്ടിച്ചായന്‍ എങ്ങനെയാണ് ഇത്രയും ട്രാപ്പുകള്‍ ഒരുക്കിയത്?

കുട്ടിച്ചായന് ഇനിയൊന്നും നോക്കാനില്ല. ഭാര്യ ബെഡില്‍ തളര്‍ന്നു കിടക്കുന്നുവെങ്കിലും ഈ ആളാണ് കുട്ടിച്ചായന്‍റെ ശക്തി. ചലനമില്ലെങ്കിലും ആ ശരീരത്തെ എങ്ങനെയെങ്കിലും സംരക്ഷിക്കുക എന്നത് മാത്രമാണ് ഉദ്ദേശം. മകന്‍ വരുന്നതു വരെ സംരക്ഷിച്ച് എത്തിക്കേണ്ട സ്ഥലത്ത് ഭാര്യയെ എത്തിക്കാനും നോക്കി. അതിജീവിക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങളാണ് ബാക്കിയെല്ലാം. ത്രാണിയുണ്ടായിട്ടല്ല ഇതെല്ലാം ചെയ്തത്. ഏതൊരു വ്യക്തിയുടെ ജീവിതത്തിലും ഇതുണ്ടാകും. നമ്മള്‍ മലയാളികളും അങ്ങനെയാണ്. ജീവിതത്തിന്‍റെ താളം തെറ്റിയാല്‍ പലതും ചെയ്തുകൂട്ടും. 

പുകവലിയില്ലെന്ന് ആദ്യം പറയുന്നു. പിന്നീട് കീശയില്‍ അതെടുത്ത് വയ്ക്കുന്നു. ഒടുക്കം അവസരമൊത്ത് അതെടുത്തു. ഈ കുട്ടിച്ചായനാരാണ്?

ഭാര്യക്കടുത്ത് പോകാനുള്ളതാണ്. അവള്‍ക്ക് പുകവലിയുടെ ഗന്ധമിഷ്ടമല്ല. ഇതുകൊണ്ട് കയ്യിലുണ്ടെങ്കിലും കുട്ടിച്ചായന്‍ ആദ്യമത് ഉപയോഗിച്ചില്ല. അവരുടെ നല്ല കാലത്തുണ്ടായ ചിട്ടയാണിത്. അത് കാത്തുസൂക്ഷിച്ചതാണ് കുട്ടിച്ചായന്‍ ആദ്യം. അവള്‍ ഇനി ഇല്ലെന്ന് മനസിലാക്കിയപ്പോള്‍ അവസരമൊത്ത് അതെടുക്കുകയായിരുന്നു.  

കോമഡിയില്‍ നിന്ന് ടഫ് റോളുകളിലെത്തി ത്രില്ലടിപ്പിക്കുന്നു. ഈ അനുഭവം എങ്ങനെ?

കുറെ കാലത്തെ പരിശ്രമംകൊണ്ട് മാറിയതാണിത്. നിങ്ങളിത് ചോദിക്കുമ്പോഴാണ് ശരിയാണല്ലോ എന്ന് തോന്നുന്നത്. കാലം മാറുമ്പോള്‍ ശബ്ദവും പ്രായവും മാറുന്നു. ഇതിനിടെ നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളിലും മാറ്റം വരും. കൊതിയാണ് അന്നും ഇന്നും ആഗ്രഹത്തോട്. 

ഇതുപോലുള്ള സിനിമകള്‍ തേടി വരുന്നതാണോ.? ഉടലിലേക്ക് വന്നതെങ്ങനെ? 

വരുന്ന സിനിമകളെല്ലാം ചെയ്യും. നല്ല സംവിധായകരുടെ അടുത്ത് വരുന്നതുകൊണ്ടാണ് ഞാനും വളരുന്നത്. ഒരു താന്തോന്നിത്തരവും നമ്മള്‍ക്ക് ചെയ്യാന്‍കഴിയില്ല ഇതില്‍. ഇതെല്ലാം അവരുടെ മിടുക്കാണ്. നമ്മളെല്ലാം കൂടിച്ചേരുമ്പോഴുള്ള ആ ഗ്രൂപ്പാണ് ഇതില്‍ മിടുക്ക് കാണിക്കുന്നത്.

നവാഗത സംവിധായകനിലെ വിശ്വാസം?

കഥ കേട്ടപ്പോള്‍ തന്നെ ത്രില്ലായി. കഥ നല്ലതാണെങ്കിലും എന്നെകൊണ്ട് ചെയ്യാന്‍ കഴിയുമോ എന്ന് ആശയങ്കയുണ്ടായി. കുട്ടിച്ചായനെന്ന കഥാപാത്രമാണ് ഞാന്‍ ചെയ്യേണ്ടതെന്ന് പറഞ്ഞപ്പോള്‍ പിന്നെ ആവേശമായി. പിന്നെ പറ്റുമോ ഇല്ലയോ എന്നല്ല ചെയ്യുകയെന്ന് മാത്രമേ തോന്നിയുള്ളു. പണ്ട് ബ്രൂസ്‌‌ലിയൊക്കെ ചെയ്ത പോലെ അത്രയും ഇടിയുമെല്ലാം ചെയ്യാനാണ് ആഗ്രഹം. ഓസ്കര്‍ നേടിയ നടന്‍മാര്‍ക്കൊപ്പം എത്തി അതനുഭവിക്കണമെന്നത് മറ്റൊരു സ്വപ്നം. പുതിയ ആളുകള്‍ക്കും പറയാനുണ്ടാകും ചിലത്. സിനിമയുടെ പരാജയത്തിലും അയാളെയാണ് ചീത്തപറയുക. നന്നായാലും ക്രെഡിറ്റ് അയാള്‍ക്കുതന്നെ. ഇതാണ് ഏതൊരു സംവിധായകനിലും കാണുന്നത്. കുട്ടിച്ചായന്‍റേത് വെറും റിഹേര്‍സല്‍. ഇതിലും മുന്തിയ ഇനം വരുന്നുണ്ട്. 

സിനിമയുടെ പ്രമേയത്തെപ്പറ്റി..? 

മുതിര്‍ന്നവരും പ്രായംകുറഞ്ഞവര്‍ക്കും ഉണ്ടാകുന്ന അനുഭവമാണ് ഈ സിനിമ. മകനോടുള്ള കരുതലാണ് 'വേഗം വരണേ..' എന്നവനോട് പറയുന്ന രീതി. ഇത്തരത്തില്‍ മുതിര്‍ന്നവര്‍ക്ക് അവരെ നഷ്ടപ്പെടാനോ ഉപേക്ഷിക്കാനോ കഴിയില്ലെന്ന് ആ സന്ദര്‍ഭത്തില്‍ സിനിമ പറഞ്ഞു. മകളൊക്കെ ഉള്ളവര്‍ക്കാണ് ഇതിന്‍റെ വേദനയുള്ളത്. നമ്മള്‍ക്കും അന്യംനിന്നു പോകുന്നത് ഇതൊക്കെയാകാം. ചില കുസൃതികള്‍ നമുക്ക് ചുറ്റിലുമുണ്ട്. ശരീരത്തിന്‍റെ ദാഹമുണ്ടാകുമ്പോള്‍ നമ്മുടെ അഭിമാനവും ഉത്തരവാദിത്തവും ചുറ്റുപാടും മറന്നുപോകാറുണ്ട്. ഇത് പറയാന്‍ മടിക്കുന്നു പലരും. ഇവര്‍ക്കുള്ള ഭാഷയാണ് ഈ സിനിമ. ഉടലിന്‍റെ ദാഹമാണ് ചെയ്യാന്‍പാടില്ലാത്തത് ഒക്കെ ചെയ്യിപ്പിക്കുന്നത്. ഈ ചുറ്റുപാടിനെ എങ്ങനെ പരിഹരിക്കുമെന്ന് സിനിമ പറയുന്നു. ഇതിലും പൊതിഞ്ഞ് സിനിമ പറയാന്‍ പറ്റില്ല. അതുകൊണ്ടാണ് എ സര്‍ട്ടിഫിക്കേറ്റ് കിട്ടിയത്. ഇതെല്ലാം ചുറ്റിനും കാണുന്ന സംഭവമായതുകൊണ്ട് തന്നെ കഥാപാത്രത്തിലേക്ക് എളുപ്പമെത്തി.    

ഈ ചിരിയും എളിമയും എങ്ങനെ നിലനിര്‍ത്തുന്നു. മറ്റ് ആഗ്രഹങ്ങള്‍ എന്തൊക്കെ?

ഞാന്‍ ഇത്രേയുള്ളു. കൂട്ടിച്ചേര്‍ക്കാനില്ല ഇതില്‍. കൂടുതല്‍ സൗകര്യങ്ങള്‍ കിട്ടിയിട്ട് കാര്യമില്ല. പലര്‍ക്കും പലതാണ് കൊതിയാകുന്നത്. ഇത് തോന്നുമ്പോഴുള്ള സന്തോഷമാണ് പ്രകടമാകുന്നത്. ഓസ്കര്‍ വാങ്ങിയവരും പുറംരാജ്യങ്ങളില്‍ ഉള്ളവരുമായി ചെറിയൊരു വേഷം ചെയ്യണമെന്നും കാണണമെന്നും ആഗ്രഹമുണ്ട്. ശരീരം കൊണ്ട് എനിക്ക് എത്താന്‍പറ്റില്ല. അതുകൊണ്ട് എന്തെങ്കിലും പ്രത്യേകതയിലൂടെ അവരൊക്കെ അഭിനയിക്കുന്ന സിനിമയില്‍ ഒരു കുഞ്ഞുവേഷം ചെയ്യാന്‍ പാകത്തിന് നിലനില്‍ക്കണം എന്നും ആഗ്രഹമുണ്ട്.

MORE IN ENTERTAINMENT
SHOW MORE