അസഹനീയമായ പനി, തളർച്ച, ശരീരവേദന; 12 ദിവസം ഒറ്റയ്ക്ക്! കോവിഡ് ദിനങ്ങൾ ഓർത്ത് റിമി ടോമി

rimi-tomy-
SHARE

കോവിഡ് ബാധിച്ചു നീരീക്ഷണത്തിൽ കഴിഞ്ഞ ദിനങ്ങളുടെ അനുഭവം പങ്കിട്ട് വിഡിയോയുമായി ഗായിക റിമി ടോമി. പെട്ടെന്നൊരു ദിവസം പനിയും തളർച്ചയും തോന്നിയതിനെത്തുടർന്നു ടെസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അപ്പോൾ പോസിറ്റീവ് ആയി എന്നും റിമി പറയുന്നു. ഉടൻ തന്നെ വീട്ടുകാരിൽ നിന്നും പൂർണമായി അകന്ന് തുടർന്നുള്ള 12 ദിവസങ്ങൾ ഒറ്റയ്ക്കു താമസിച്ചുവെന്നും ഗായിക കൂട്ടിച്ചേർത്തു. 

‘കോവിഡ് ബാധിക്കുന്നതിന്റെ തലേ ദിവസം വരെ എനിക്ക് യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു. പിറ്റേന്ന് എഴുന്നേറ്റപ്പോൾ പനിയുടേതായ ചില അസ്വസ്ഥതകൾ തോന്നി. ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്നു ടെസ്റ്റ് ചെയ്തു. റിസൽട്ട് കിട്ടുന്നതിനു മുൻപേ എനിക്കു മനസ്സിലായി കോവിഡ് ആണെന്ന്. ഉയർന്ന പനിയും ശരീരവേദനയും അസഹനീയമായിരുന്നു. വീട്ടിൽ നിന്നു മറ്റുള്ളരെയെല്ലാം മാറ്റി ഞാൻ സ്വയം നീരീക്ഷണത്തിലായി. അന്ന് രാത്രി റിസൽട്ട് വന്നു, പോസിറ്റീവ് ആയി. 

12 ദിവസത്തിനു ശേഷമാണ് വീണ്ടും ടെസ്റ്റ് ചെയ്തത്. അത്രയും ദിവസം ഒറ്റയ്ക്കു കഴിഞ്ഞപ്പോൾ പല കാര്യങ്ങളും പഠിക്കാൻ സാധിച്ചു. ഓൺലൈനായാണ് എല്ലാ ദിവസവും ഭക്ഷണം വാങ്ങിയത്. കോവിഡ് ബാധിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴും ക്ഷീണം പൂർണമായും മാറി. പിന്നീട് വീട്ടിലെ ചില പണികളൊക്കെ ചെയ്തു തുടങ്ങി. ഒരുപാട് സിനിമകൾ കണ്ടു. അങ്ങനെയൊക്കെയാണു സമയം ചിലവഴിച്ചത്’, റിമി ടോമി പറഞ്ഞു.  

കോവിഡ് ബാധിച്ചാൽ ആരും ഭയപ്പെടേണ്ടതില്ല എന്ന അവബോധം കൂടി പകർന്നുകൊണ്ടാണ് റിമി വിഡിയോ അവസാനിപ്പിക്കുന്നത്. സന്തോഷത്തോടെയിരുന്ന് ധൈര്യപൂർവം ഓരോ ദിനവും ചിലവഴിക്കണമെന്നും ഗായിക ഓർമിപ്പിച്ചു. റിമി പങ്കുവച്ച കോവിഡ് കാല സ്പെഷൽ വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെ വിഡിയോ ഇപ്പോൾ ട്രെന്‍ഡിങ്ങിലാണ്. 

MORE IN ENTERTAINMENT
SHOW MORE