അന്നത്തെ ആ അമ്മച്ചിയെ 5 വർഷത്തിനു ശേഷം കണ്ടു; വീണ്ടും പൂക്കൂട നീട്ടി വിഷ്ണു ഉണ്ണികൃഷ്ണൻ

vishnu-unnikrishnan
SHARE

യുവതാരം വിഷ്ണു ഉണ്ണികൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച രസകരമായ വിഡിയോ ഏറ്റെടുത്ത് ആരാധകർ. 2016ൽ പുറത്തിറങ്ങിയ ‘കട്ടപ്പനയിലെ ഹൃതിക് റോഷൻ’ എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ അഭിനയിച്ച ഒരു സ്ത്രീയെ വീണ്ടും കണ്ടുമുട്ടിയതിന്റെ വിഡിയോ ആണിത്. വർഷങ്ങൾക്കു ശേഷം ‘മരതകം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് വിഷ്ണു അന്നത്തെ ആ സ്ത്രീയെ വീണ്ടും കാണാനിടയായത്. 

‘കട്ടപ്പനയിലെ ഹൃതിക് റോഷനിൽ പാട്ട് സീനില്‍ കൂടെ അഭിനയിച്ച അതേ അമ്മച്ചിയെ 5 വര്‍ഷത്തിനു ശേഷം മരതകം പാട്ട് സീനില്‍ വച്ച് കണ്ടപ്പോള്‍’ എന്ന അടിക്കുറിപ്പോടെയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ വിഡിയോ പങ്കുവച്ചത്. രണ്ട് രംഗങ്ങളിലും അഭിനയിച്ചതിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

‘കട്ടപ്പനയിലെ ഹൃതിക് റോഷനി’ലെ ‘അഴകേ അഴകേ’ എന്ന ഗാനരംഗത്തിൽ നായികയുടെ പിന്നാലെ പാട്ടു പാടി നടന്നു വിഷ്ണു പൂക്കൂട നീട്ടുമ്പോൾ അത് സ്വീകരിക്കുന്നത് ഈ സ്ത്രീയാണ്. 5 വർഷത്തിനു ശേഷം അവരെ വീണ്ടും കണ്ടപ്പോഴും വിഷ്ണു പൂക്കൂട കൈമാറുന്നതിന്റെ രംഗങ്ങളാണ് പുറത്തു വന്നത്. വിഡിയോ രംഗങ്ങളിലെ ആ സ്ത്രീയുടെ നിഷ്കളങ്കമായ ചിരിയും മുഖഭാവങ്ങളും പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുകയാണിപ്പോൾ. 

ബാലതാരമായി എത്തി സിനിമാരംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ‘രണ്ട്’ ആണ് താരത്തിന്റേതായി ഏറ്റവുമൊടുവിൽ പുറത്തു വന്ന ചിത്രം. അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

MORE IN ENTERTAINMENT
SHOW MORE