‘300 കോടി ഓഫർ’; എന്നിട്ടും അജിത്തിന്റെ ‘വലിമൈ’ ഒടിടിക്ക് കൊടുത്തില്ല; തിയറ്ററിൽ തന്നെ

ajith-valimai-new
SHARE

300 കോടി പറഞ്ഞിട്ടും അജിത്ത് ചിത്രം ‘വലിമൈ’ ഒടിടിക്ക് നൽകാതെ അണിയറക്കാർ. എത്ര തന്നാലും സിനിമ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് നിർമാതാവിന്റെ നിലപാട്. 300 കോടിയുടെ ഓഫർ നിഷേധിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം 13ന് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു മുൻപുള്ള പ്രഖ്യാപനം. എന്നാൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ സിനിമയുടെ റിലീസ് മാറ്റിവെച്ചു.

ആരാധകരുടെ തിയറ്റര്‍ അനുഭവത്തിനായി തങ്ങളും കാത്തിരിപ്പിലായിരുന്നെന്നും എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവരുടെതന്നെ സുരക്ഷയെ കരുതി റിലീസ് നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ‘വലിമൈ’ ടീം പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നു. സാഹചര്യം സാധാരണ നിലയില്‍ എത്തിയതിനു ശേഷമാവും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവയ്ക്കുന്ന മൂന്നാമത്തെ വലിയ ചിത്രമാണിത്. തെലുങ്കില്‍ നിന്ന് രാജമൗലിയുടെ ആര്‍ആര്‍ആര്‍, പ്രഭാസിന്‍റെ ബഹുഭാഷാ ചിത്രം രാധെ ശ്യാം എന്നിവയാണ് ഇതിനു മുന്‍പ് റിലീസ് മാറ്റിവച്ച പ്രധാന ചിത്രങ്ങള്‍. 

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന അജിത്ത് കുമാര്‍ ചിത്രം എന്ന നിലയ്ക്ക് ആരാധകരില്‍ വലിയ കാത്തിരിപ്പുണ്ടാക്കിയ ചിത്രമായിരുന്നു ‘വലിമൈ’. ‘നേര്‍ക്കൊണ്ട പാര്‍വൈ’,‘തീരൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലിമൈ’. ഐപിഎസ് ഓഫീസറായാണ് ചിത്രത്തിൽ അജിത് വേഷമിടുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘വലിമൈ’.

MORE IN ENTERTAINMENT
SHOW MORE