വിവാഹത്തിന് നരമറയ്ക്കാതെ മകൾ; ട്രോളുകളോട് പ്രതികരിച്ച് ദിലീപ് ജോഷി

niyathi-joshi
SHARE

വിവാഹത്തിന് നരമറയ്ക്കാതെ മകൾ എത്തിയതിനെക്കുറിച്ച് മനസ് തുറന്ന് നടൻ ദിലീപ് ജോഷി. ഏതാനും ആഴ്ചകൾക്ക് മുൻപായിരുന്നു നടൻ ദിലീപ് ജോഷിയുടെ മകൾ നിയതി ജോഷിയുടെ വിവാഹം. ചെറുപ്പത്തിൽ തന്നെ തല നരയ്ക്കുന്ന അവസ്ഥയാണ് നിയതിക്കുള്ളത്. എന്നാൽ ഈ നര മറയ്ക്കാൻ നിയതി കൂട്ടാക്കിയില്ല. നരയോടുകൂടിയാണ് വധുവായി അണിഞ്ഞൊരുങ്ങി നിയതി എത്തിയത്. ഇതിനെ അഭിനന്ദിച്ചും ട്രോളിയും ഒരുപാട് പേർ പ്രതികരണങ്ങൾ അറിയിച്ചു. വിവാഹ ഫോട്ടോയുടെ താഴെ വധുവിന്റെ അമ്മയാണോ എന്നുള്ള പരിഹാസ കമന്റുകളും വന്നു. എന്നാൽ അതിനേക്കാൾ കൂടുതൽ അഭിനന്ദനങ്ങളാണ് നിയതിയെ തേടിയെത്തിയത്.

വധു എങ്ങനെയായിരിക്കണമെന്നുള്ള സാമ്പ്രദായികരീതിയെ നിയതി മാറ്റിമറിച്ചതിന് പലരും നിയതിയെ അഭിനന്ദിക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ നിയതിയുടെ തീരുമാനത്തെക്കുറിച്ച് ദിലീപ് ജോഷി തുറന്നുപറഞ്ഞിരിക്കുകയാണ്.  തങ്ങളുടെ വീടിനുള്ളിൽ നിയതിയുടെ നര ഒരു വിഷയമേ ആയിരുന്നില്ലെന്നും അതുകൊണ്ടാണ് വിവാഹദിനത്തിലും അതു മറയ്ക്കാതിരുന്നതെന്നും ദിലീപ് ജോഷി പറയുന്നു. 

വിവാഹത്തിന്  നരമറയ്ക്കണം എന്നൊരു സംസാരമേ വീട്ടിൽ ഉണ്ടായിട്ടില്ല. വിവാഹദിനത്തിലും നിയതി നരയോടെ വരുന്നത് ഞങ്ങൾക്കൊരു പ്രശ്നമായിരുന്നില്ല. ആളുകൾ ഇങ്ങനെ പ്രതികരിക്കുമെന്നൊന്നും ഞങ്ങൾ കരുതിയില്ല. ഒരുകാലത്തും ഞങ്ങളുടെ വീട്ടിൽ ഇതേക്കുറിച്ച് ഒരു ചർച്ചയുണ്ടായിട്ടില്ല. - ദിലീപ് ജോഷി പറയുന്നു. അവനവനായി തന്നെ മുന്നോട്ട് പോകാൻ നിയതി കാണിച്ച ധൈര്യത്തെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ നിന്നും അകലം പാലിക്കുന്ന വ്യക്തിയാണ് നിയതി. എന്നാൽ വിവാഹദിനത്തിലെ തീരുമാനം ചിലരുടെയെങ്കിലും ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയതിൽ സന്തോഷമുണ്ടെന്നും ദിലീപ് ജോഷി പ്രതികരിച്ചു. 

MORE IN ENTERTAINMENT
SHOW MORE