അയാൾ മോശം കാര്യം തുടർന്നു; ആരും തടഞ്ഞില്ല; വേദനിപ്പിച്ച അനുഭവം പറഞ്ഞ് സണ്ണി

sunny-leone6-2
SHARE

സെലിബ്രിറ്റികളുടെ അഭിമുഖങ്ങൾ ചിലപ്പോൾ വിവാദങ്ങളിൽ കലാശിക്കാറുണ്ട്. നടിമാരുടേതാണെങ്കിൽ പ്രത്യേകിച്ചും. അഭിമുഖം നടത്തുന്നയാളുടെ ദ്വയാർഥപരമായ ചോദ്യങ്ങളും മുനവച്ച വാചകങ്ങളും പലപ്പോഴും മറുവശത്തിരിക്കുന്നയാെള അസ്വസ്ഥമാക്കാം. അത്തരത്തിൽ നേരിടേണ്ടി വന്ന അനുഭവം പങ്കുവയ്ക്കുകയാണ് ബോളിവുഡ് നടി സണ്ണി ലിയോണി. 

2016ല്‍ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം . കേവലം ഒരു മഞ്ഞപ്പത്രക്കാരനെ പോലെയായിരുന്നു അയാളുടെ രീതികളെന്നു താരം ഓർക്കുന്നു. അഡൽറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഭൂതകാലത്തെ കുറിച്ച് അശ്ലീലച്ചുവയോടെ അയാൾ ചോദിച്ച കാര്യങ്ങൾ തനിക്ക് അസ്വസ്ഥതയുണ്ടാക്കിയതായും സണ്ണി വെളിപ്പെടുത്തി. 

ഈ സംഭവം തന്നെ സാരമായി ബാധിച്ചതായും അതുണ്ടാക്കിയ മാനസികാഘാതത്തിൽ നിന്നും പുറത്തു കടക്കാൻ ദീർഘകാലമെടുത്തതായും താരം പറഞ്ഞു. ‘എല്ലാതരത്തിലും എന്നെ വേദനിപ്പിക്കുന്ന അനുഭവമായിരുന്നു അത്. എന്നെ കുറിച്ചുള്ള മുൻധാരണയിൽ അപമാനിക്കുന്ന രീതിയിലായിരുന്നു അയാളുടെ ചോദ്യം. അഭിമുഖം നടക്കുന്ന മുറിയിൽ അന്ന് നിരവധി പേർ കാഴ്ചക്കാരായി ഉണ്ടായിരുന്നു. എന്നാൽ ആരും തന്നെ എന്നെ അപമാനിക്കുന്ന രീതിയിലുള്ള ആയാളുടെ വാക്കുകളെ ചോദ്യം ചെയ്തില്ല. അത് നിർത്താൻ ആരും ആവശ്യപ്പെട്ടില്ല. ’– സണ്ണി ലിയോൺ പറയുന്നു. 

അപമാനിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും ആരും അയാളെ വിലക്കിയില്ലെന്നു മാത്രമല്ല, തന്നെ സഹായിച്ചില്ലെന്നും താരം വ്യക്തമാക്കി. ‘ഒടുവിൽ ഞാൻ അവരോട് ചോദിച്ചു. നിങ്ങളെ ഏതെങ്കിലും രീതിയിൽ ഞാൻ ഉപദ്രവിച്ചിട്ടുണ്ടോ? പിന്നെ എന്തു കൊണ്ടാണ് ഇത് ശരിയല്ലെന്നു നിങ്ങൾക്കു തോന്നാത്തത്? എന്തുകൊണ്ടാണ് നിങ്ങൾ ഇതു തുടരുന്നത്?’– സണ്ണി ലിയോൺ ചോദിച്ചു. എന്നാൽ അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോയില്ലെന്നും താരം പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE