'ഷാരൂഖിന്റെ നാട്ടുകാരിയല്ലേ? എനിക്ക് വിശ്വാസമാണ്'; വിമാനടിക്കറ്റ് ബുക്ക് ചെയ്ത് നൽകി ആരാധകൻ

srkfan-03
SHARE

ബോളിവുഡിന് കിങ് ഖാൻ എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഷാരൂഖിനോടുള്ള സ്നേഹത്തിന്റെ ഒരംശം തന്നിലേക്ക് ഈജിപ്തിൽ നിന്ന് വന്ന സംഭവം പങ്കുവയ്ക്കുകയാണ് പ്രൊഫസർ അശ്വിനി. അശോക സർവകലാശാലയിൽ സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫസറാണ് അശ്വിനി ദേശ്പാണ്ഡെ.

ഈജിപ്തിലേക്ക് പോകുന്ന ആവശ്യത്തിനായി ട്രാവൽ ഏജന്റിനെ ബന്ധപ്പെട്ടതായിരുന്നു അശ്വിനി. ടിക്കറ്റ് എടുക്കുന്നതിനായി ഈജിപ്തുകാരനായ ഏജന്റിന് പണം നൽകേണ്ടതുണ്ടായിരുന്നു. ട്രാൻസ്ഫർ ചെയ്യുന്നതിൽ സാങ്കേതിക തടസം നേരിട്ടതോടെ 'നിങ്ങൾ  ഷാരൂഖിന്റെ രാജ്യത്ത് നിന്നല്ലേ, എനിക്ക് വിശ്വാസമാണ്. ഇപ്പോൾ ടിക്കറ്റ് ഞാൻ ബുക്ക് ചെയ്യാം, പണം പിന്നീട് തന്നാൽ മതി. ഷാരൂഖ് ഖാനുവേണ്ടി ഞാൻ എന്തും ചെയ്യും' എന്ന് ട്രാവർ ഏജന്റ് മറുപടി അയച്ചു. തൊട്ടുപിന്നാലെ ടിക്കറ്റ് ബുക്ക് ചെയ്ത് നൽകിയെന്നും അശ്വിനി ട്വീറ്റ് ചെയ്തു. 

അശ്വിനിയുടെ ട്വീറ്റിന് പിന്നാലെ വിദേശത്തുള്ള പലരും ചെറുതും വലുതുമായ സമാന സംഭവങ്ങൾ കുറിച്ചു. ഷാരൂഖിന് വലിയ ആരാധകരാണ് ഉള്ളതെന്നും ആ പേരിന്റെ വിശ്വാസ്യത വലിയതാണെന്നും പലരും ട്വീറ്റ് ചെയ്തു. 2018 ൽ പുറത്തിറങ്ങിയ സീറോയാണ് ഷാരൂഖിന്റേതായി ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രം. പത്താന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. 

MORE IN ENTERTAINMENT
SHOW MORE