‘ടൊവീനോയെ വിളിച്ച പോലെ ഇനി എന്നെ വിളിച്ചൂടെ’; ബേസിലിനെ കുഴപ്പിച്ച് പ്രിയങ്ക ചോപ്ര

priyanka-basil-joseph
SHARE

മലയാളികൾക്കു സ്വന്തമായി ഒരു സൂപ്പർഹീറോ അണിയറയിൽ തയ്യാറായി നിൽക്കുകയാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ കമ്പനിയുടെ ബാനറിൽ സോഫിയ പോൾ നിർമിച്ച് ടൊവിനോ തോമസ് നായകനാകുന്ന പാൻ ഇന്ത്യൻ സിനിമയായ ‘മിന്നൽ മുരളി’ 5 ഭാഷകളിലാണ് എത്തുന്നത്. 111 ദിവസം നീണ്ട ഷൂട്ടിങ്, ഇടയ്ക്ക് രണ്ടുതവണ കോവിഡ് ലോക്ഡൗൺ, സിനിമാ സെറ്റ് തകർത്തതുൾപ്പെടെയുള്ള വിവാദങ്ങൾ. ഇതെല്ലാം കടന്ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് ‘പാഞ്ഞ്’ എത്താൻ തയാറാകുന്ന ‘മിന്നൽ മുരളി’യിൽ ഏറെ പ്രതീക്ഷയുണ്ട് സംവിധായകൻ ബേസിൽ ജോസഫിന്. 

ഡിസംബർ 19ന് ജിയോ മാമി മുംബൈ ചലച്ചിത്രോത്സവത്തിൽ വേൾഡ് പ്രീമിയറായി മിന്നൽ മുരളി പ്രദർശിപ്പിക്കുന്നതിന് മുമ്പായി സംഘടിപ്പിക്കപ്പെട്ട ഓൺലൈൻ ചർച്ചയിൽ രസകരമായ സംഭാഷണങ്ങളാണ് ഉണ്ടായത്.  സംവിധായകൻ ബേസിൽ ജോസഫ്, ടൊവിനോ തോമസ്, ജിയോ മാമി ആർടിസ്റ്റിക് ഡയറക്ടർ സ്മൃതി കിരൺ, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര എന്നിവർ പങ്കെടുത്ത ചർച്ചയിൽ സിനിമയും ഒടിടി പ്ലാറ്റ്ഫോം തുറന്നിട്ട സാധ്യതകളും ചർച്ചയായി.

ചർച്ചയ്ക്കിടെ ബേസിലിനെ കുഴപ്പിച്ച് പ്രിയങ്കയുടെ ചോദ്യമെത്തി. മിന്നൽ മുരളിയുടെ വൺ ലൈൻ പറയാൻ ടൊവീനോയെ വിളിച്ച പോലെ ഇനി ബേസിലിന് തന്നെ വിളിച്ചൂടെ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. 'മിന്നൽ മുരളിയുടെ ഒപ്പം കൂടാൻ മറ്റൊരു കഥാപാത്രം കൂടെ വരികയാണെങ്കിൽ...! ആർക്കറിയാം... അങ്ങനെ സംഭവിച്ചു കൂടായ്കയില്ലല്ലോ! സാധ്യതകൾ അനന്തമാണല്ലോ,' പ്രിയങ്ക പറഞ്ഞു.   

ഒരു നല്ല സിനിമ നിർമിക്കാനാണ് സംവിധായകൻ എന്ന നിലയിൽ ശ്രമിച്ചതെന്നും സൂപ്പർ ഹീറോ ഘടകം അതിനെ ആകർഷണീയമാക്കുന്ന ഘടകം മാത്രമാണെന്നും ബേസിൽ ജോസഫ് പറഞ്ഞു. നിരവധി സൂപ്പർ ഹീറോ സിനിമകൾ കണ്ടാണ് നമ്മൾ വളർന്നത്. അവയിൽ ഭൂരിഭാഗവും പാശ്ചാത്യ രാജ്യങ്ങളുടെ പശ്ചാത്തലത്തിൽ ഉള്ളതാണ്. എന്നാൽ ഇന്ത്യൻ സംസ്കാരത്തിലൂന്നിയ ഒരു സൂപ്പർ ഹീറോയെ നമ്മൾ കണ്ടില്ല. ഇന്ത്യയുടെ സംസ്കാരവും പുരാണേതിഹാസങ്ങളും പരിശോധിച്ചാൽ അവയിൽ ധാരാളം സൂപ്പർ ഹീറോകളെ നമുക്ക് കാണാം. എന്നാൽ ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കുക എന്നത് അൽപം സങ്കീർണമാണ്. കാരണം, അമേരിക്കൻ സൂപ്പർ ഹീറോകളുടെ വലിയ സ്വാധീനം പ്രേക്ഷകരിലുണ്ട്. അതിനാൽ പ്രേക്ഷകർക്ക് ഏതെങ്കിലും തരത്തിൽ കണക്ട് ചെയ്യാൻ കഴിയുന്ന സൂപ്പർ ഹീറോയെ സൃഷ്ടിക്കേണ്ടി വരും. അതായത് നമ്മുടെ കാഴ്ചാപരിസരങ്ങളിൽ കണ്ടേക്കാവുന്ന തരത്തിലുള്ള ഒരു സൂപ്പർ ഹീറോ കഥാപാത്രം! ഇത്തരമൊരു ചിന്തയുടെ തുടർച്ചയാണ് മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ. ഒരു നല്ല സിനിമ നിർമിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. സൂപ്പർ ഹീറോ എന്നത് ആ സിനിമയയെ ആകർഷണീയമാക്കുന്ന ഒരു ഘടകം മാത്രമാണ്. സൂപ്പർ ഹീറോ എന്നതു മാറ്റി വച്ചാലും മിന്നൽ മുരളി നല്ല ചിത്രമാകണമെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം, ബേസിൽ ജോസഫ് വ്യക്തമാക്കി. 

MORE IN ENTERTAINMENT
SHOW MORE