ലിജോക്കൊപ്പം സിനിമ മഹാഭാഗ്യം; ചുരുളിയിലേക്ക് വിളിച്ചത് ചെമ്പൻ; വിനയ് പറയുന്നു

vinay-fort-churuli
SHARE

കേരളമാകെ 'ചുരുളി'യെക്കുറിച്ച് സംസാരിക്കുന്നു. ആദ്യം വെറും തെറി മാത്രമേയുള്ളൂ എന്ന് ആക്ഷേപിച്ചവരെ പോലും രണ്ടാമതൊന്ന് ചിന്തിപ്പിക്കുന്നു സിനിമയുടെ രാഷ്ട്രീയവും നിര്‍മാണമികവും. ഇപ്പോഴും വല്ലാതെ ചുരുളഴിയാതെ കിടക്കുകയാണ് ആ ലോകം. കഥയിലെ ഷാജീവനായി മികച്ച പ്രകടനം കാഴ്ച വച്ച വിനയ് ഫോര്‍ട്ട് സംസാരിക്കുകയാണ്. ഒരുപാട് പോസിറ്റീവ് വശങ്ങളുള്ള സിനിമയെ വെറും തെറി എന്ന പേരിൽ ഒതുക്കരുതെന്നാണ് വിനയ് പറയുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്‍റെ ഭാഗ്യവും അനുഭവങ്ങളും ന‍ടന്‍ മനോരമ ന്യൂസ് ഡോട് കോമിനോട് പങ്കുവെയ്ക്കുന്നു. 

ചേട്ടന്‍റെ സിനിമയൊരു ഭാഗ്യംതന്നെ..!

lijo-jose-pellisery

ഒരോ സിനിമ കാണുമ്പോഴും ഒരോ മൈന്‍ഡ് ഫ്രെയിമില്‍ കാണുക. അങ്ങനെ, ഓരോ സംവിധായകന്‍റെ സിനിമ കാണുന്നതിനും ഒരു രീതിയുണ്ട്. ലിജോ ചേട്ടന്‍റെ സിനിമ കാണുമ്പോള്‍ സാധാരണ കമേര്‍ഷ്യല്‍ സിനിമയിലെ ചട്ടക്കൂടില്‍ ഒതുങ്ങുന്നതല്ലത്. മറിച്ച്, ഒരുപാട് ചിന്തിപ്പിക്കുന്നതാണ് അത്. എല്ലാ ആളുകള്‍ക്കും ചിന്തിക്കാനുള്ള ഇടംകൊടുത്താണ് അത് അവസാനിപ്പിക്കുക. അത്തരത്തില്‍ എങ്ങനെ വേണമെങ്കിലും നിങ്ങള്‍ക്ക് ആ സിനിമയെ വ്യാഖ്യാനിക്കാം എന്നാണ് എന്‍റെ വിശ്വാസം. തെറിയാണ് സിനിമയിലെ വിഷയമെന്ന് കരുതുന്നവര്‍ ആദ്യം ആലോചിക്കേണ്ടത് ഇതാരു ചെയ്ത സിനിമയെന്നാണ്. ഈ സംവിധായകന്‍റെ മുമ്പത്തെ സിനിമകള്‍ ഏതൊക്കെയാണ്? എത്ര മാത്രം അംഗീകാരം ഇദ്ദേഹത്തിനു കിട്ടിയിട്ടുണ്ടെന്നതും നോക്കണം. ലോകത്തെ പ്രധാനപ്പെട്ട ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ്. കണ്ടംപററി മാസ്റ്റര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ആളാണ്. ഓസ്കര്‍ നാമനിർദേശം വരെയെത്തിയ സിനിമയുടെ സംവിധായകനാണ് ലിജോ‍. മലയാളിയെന്ന നിലയ്ക്ക് ഭാവിയില്‍ നമ്മളെല്ലാവര്‍ക്കും ഈ പുള്ളിയുടെ സിനിമകൾ കാരണം അഭിമാനിക്കാന്‍ പറ്റും. അത്തരമൊരു സംവിധായകന്‍റെ സിനിമയുടെ ക്വാളിറ്റിയോ, സിനിമാറ്റിക്ക് എക്സ്പീരിയന്‍സോ, സിനിമ സംസാരിക്കുന്ന രാഷ്ട്രീയമോ പറഞ്ഞാണ് ചര്‍ച്ച ചെയ്യേണ്ട‍ത്.

ചെമ്പന്‍ ചേട്ടനാണ് കാരണക്കാരന്‍‌

chemban-and-vinay

കഥ കേട്ടപ്പോള്‍ തന്നെ നല്ലതെന്ന് തോന്നി. പ്രശസ്തനായ ഒരു സാഹിത്യക്കാരന്‍ തിരക്കഥ എഴുതിയതുകൊണ്ട് നല്ല ആഴത്തിലുള്ളൊരു സ്ക്രീന്‍പ്ലേ ആയിരുന്നു. ഒരുപക്ഷേ, പുള്ളീടൊരു പടത്തില്‍ അഭിനയിക്കുക എന്നത് എല്ലാ നടന്‍മാരുടെയും ആഗ്രഹമായിരിക്കും. അതിനായുള്ള പ്രധാന കാരണക്കാരന്‍ ചെമ്പന്‍ ചേട്ടനാണ്. ഷാജീവനെങ്ങനെയെന്ന് നിങ്ങള്‍ മനസിലാക്കൂ. കഥാപാത്രത്തിലെ മാറ്റങ്ങള്‍ കൃത്യമായ രീതിയില്‍ അഭിനയിക്കാന്‍ സാധിച്ചു. അതിന്‍റെ ഭാഗമാണ് ഇടയ്ക്കുള്ള 'ചിരി'. ഏല്‍പ്പിച്ച പണി വൃത്തിയായി ചെയ്തു എന്നാണ് വിശ്വാസം. അഭിനേതാവെന്ന നിലയില്‍ മുഴുവന്‍ സ്വാതന്ത്ര്യവും തന്നിട്ടാണ് പുള്ളി നമ്മളെകൊണ്ട് സീന്‍ ചെയ്യിപ്പിക്കുന്നത്. കുളമാവ് എന്ന സ്ഥലത്തുവച്ചാണ് ഷൂട്ടിങ്ങ് നടന്നത്. ജീപ്പിലായിരുന്നു യാത്ര. അതിരാവിലെ അവിടെ എത്തി. ഷാപ്പിന്‍റെ സെറ്റൊക്കെ കാടിനുള്ളിലാണ്. ലിജോ ചേട്ടനെ സംബന്ധിച്ച് പ്രോസസ് എളുപ്പമായിരുന്നു. ഞാന്‍ ആ തിരക്കഥ വായിക്കുകയും എന്നാല്‍ കഴിയുന്ന രീതിയില്‍ പൂര്‍ണ്ണമായും മനസിലാക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്ത ഒരാളാണ്. അതുകൊണ്ട് ജോലി ചെയ്യാന്‍ എളുപ്പമായിരുന്നു. 

തെറിയും മറ്റ് ചര്‍ച്ചകളും 

ഒരുപാട് പോസിറ്റീവുകള്‍ കാണാവുന്ന സിനിമയെ വെറും 'തെറി' എന്ന പേരില്‍ ഒതുക്കുന്നത് ഒരു തരത്തില്‍ അവഗണനയെന്ന് തോന്നുന്നു. ഞാന്‍ പ്രധാന വേഷത്തിലഭിനയിച്ച സിനിമ ദിവസങ്ങളായി ചാനല്‍ ചര്‍ച്ചയിലും മറ്റ് ആളുകള്‍ക്കിടയിലും ചര്‍ച്ചാവിഷയമായി നില്‍ക്കുന്നു. ഈ അടുത്ത് ഇറങ്ങിയതില്‍ ആളുകള്‍ ഏറ്റവും കണ്ട സിനിമകളില്‍ ഒന്ന് ചുരുളിയായിരിക്കും. ആളുകള്‍ എന്നോട് അഭിപ്രായങ്ങള്‍ പറയുമ്പോഴറിയാം, സിനിമ എല്ലാവരുടെയും മനസിലിടം പിടിച്ചുവെന്ന്. കൂടുതല്‍ ആളുകള്‍ സിനിമ കാണാനുള്ള സാധ്യതയുണ്ട്.

തെറിയെക്കുറിച്ച് ആളുകള്‍ പറയുമ്പോള്‍ മനസിലാക്കേണ്ടത് സിനിമയുടെ ആശയമാണ്. ജോജുവിന്‍റെ കഥാപാത്രം ഒരുപാട് തെറിപറയുന്നുവെന്ന് പറഞ്ഞ് ആദ്യ ദിവസം തന്നെ അതിന്‍റെ ക്ലിപ് ഇറങ്ങി. ജോജു വരുന്ന സീനിലെ സാഹചര്യത്തിനൊത്തുള്ള കഥാപാത്രത്തിന്‍റെ ഡയലോഗ് അങ്ങനെയാണ്. ആ പ്രദേശത്തുള്ളവരെ സംബന്ധിച്ച് തെറി സര്‍വ്വ സാധാരണം. അത്തരത്തിലൊരു ഡയലോഗ് ഡെലിവെറിയാണത്. തെറിയില്ലെങ്കില്‍ സിനിമയുടെ ആത്മാവ് നഷ്ടപ്പെടും. 

നിയമം പാലിക്കുന്നവര്‍ കുറ്റവാളികളാകുമ്പോള്‍ 

നിയമം പാലിക്കുന്നവര്‍ കുറ്റവാളികളാകുമ്പോഴുള്ള അവസ്ഥയാണ് സിനിമയിലും കാണുന്നത്. കഥ പറയാനുദ്ദേശിക്കുന്ന രാഷ്ട്രീയമാണ് സിനിമയിലും. ആദ്യഭാഗത്തിലെ പാലം കടക്കുന്ന സീന്‍ ചിന്തിപ്പിക്കുന്നതാണ്. കരകടന്ന് സിനിമ നടക്കാന്‍ പോകുന്ന സ്ഥലത്തെ അഭിമുഖീകരിക്കാന്‍ വേണ്ടിയാണ് ആ സീന്‍ മുതല്‍ തെറി ഉപയോഗിച്ചിരിക്കുന്നത്. കര കടന്നാല്‍ അടുത്ത സ്ഥലമാണ്. അവിടെ ആളുകള്‍ക്ക് സാധാരണമാണ് തെറി. നമ്മളെ സംബന്ധിച്ച് അത് അസാധാരണമാകാം. ജീവിതം തന്നെ 'റോള്‍പ്ലേ'യാണ്. ഒരോ സ്ഥലത്തെ രീതിയനുസരിച്ചാണ് പെരുമാറ്റവും ഭാഷയുമെല്ലാം വരുന്നത്. നമ്മളെ തിരുത്താന്‍ ഒരാളില്ലാത്ത ഇടത്ത് നമ്മള്‍ നമ്മളെ പരിമിതപ്പെടുത്തില്ല.

കളിഗമിനാറിലെ കുറ്റവാളികള്‍ ചുരുളിയായപ്പോള്‍ 

vinay-churuli

യഥാര്‍ത്ഥ കഥയില്‍ നിന്നും പ്രചോദനം ഉള്‍‌കൊണ്ടാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. എഴുത്തുകാരന്‍റെ ഭാവനയാണ് സിനിമ. യഥാര്‍ത്ഥ കഥയെ ആസ്പഥമാക്കിയില്ലെങ്കില്‍ പോലും ഏതൊരു സിനിമയായാലും അത് നല്ലതാവണം. യഥാര്‍ത്ഥ സംഭവങ്ങളെവച്ചുള്ള മോശം സിനിമകളുമുണ്ട്. അതുകൊണ്ട് ആത്മാവുള്ള സിനിമകളുണ്ടാകണം. നടനെന്ന നിലയില്‍ ആളുകള്‍ തെറി പറയുമ്പോള്‍ സന്തോഷമുണ്ട്. ഏറ്റവും കൂടുതല്‍ തെറിപറയുന്ന ആളുകള്‍ ഓര്‍ക്കേണ്ടത് അവരാരും സിനിമ കാണാന്‍ നിര്‍ബന്ധിതരാകുന്നില്ല എന്നതാണ്. ഒരു വെള്ളതുണി കെട്ടിവച്ച് നിര്‍ബന്ധിച്ച് ആരോടും കാണാന്‍ പറഞ്ഞൊരു സിനിമയല്ലിത്. അവര്‍ വേണമെങ്കില്‍ കണ്ടാല്‍ മതിയെന്നുള്ളതു കൊണ്ടാണല്ലോ ഇത് ഒടിടിയില്‍ റിലീസ് ചെയ്തത്.

സര്‍ട്ടിഫിക്കേഷന്‍ പോലും കിട്ടാത്തൊരു സിനിമയില്‍ ഒരു കുട്ടിയെ ഉപയോഗിച്ചത് അത് സിനിമയിലെ ഒരു കഥാപാത്രമായതുകൊണ്ടാണ്. ഇത് കുട്ടികള്‍ കാണണോ എന്നത് വീട്ടുകാരാണ് തീരുമാനിക്കേണ്ടത്. എന്‍റെ കുട്ടി ഈ സിനിമ കണ്ടുവെന്ന് പറയുന്നത് എന്‍റെ കഴിവുകേടാണ്. തെറിപ്പൂരങ്ങളുള്ള വെബ്സിരീസുകള്‍ നമ്മള്‍ കാണുന്നുണ്ട്. സിനിമയില്‍ ഞാന്‍ സംസാരിക്കുന്നത് എന്‍റെ കഥാപാത്രമാണ്. ഞാനെന്ന വ്യക്തക്കപ്പുറം, ഞാനെന്ന നടനെയാണ് അവിടെ കാണേണ്ടത്. സിനിമയില്‍ അഭിനയിക്കുക എന്ന തീരുമാനം എന്‍റേതായിരുന്നു. പക്ഷേ, അതുപറഞ്ഞ് ആളുകള്‍ പ്രതികരിക്കുന്നത് തെറി പറഞ്ഞിട്ടാണ്. സോഷ്യല്‍ മീഡിയയിലെ ഇന്‍ബോക്സില്‍ മുഴുവന്‍ തെറിയാണ്. സ്ത്രീകളുടെ ഏതെങ്കിലും പോസ്റ്റ് എടുത്താലും സദാചാരവാദികളെ കാണാം. 

'നൂറ് ശതമാനവും തിയറ്ററില്‍ കാണേണ്ട സിനിമ ആയിരുന്നു. സിനിമയുടെ ആശയം പറയാനുദ്ദേശിച്ച രീതി സെന്‍സര്‍ഷിപ്പ് കിട്ടാന്‍പോലും സാധ്യതയില്ലായിരുന്നു. അത്തരംകാര്യങ്ങള്‍ മുന്‍കൂട്ടികണ്ടാണ് ഒടിടിയിലേക്ക് സിനിമ പോയത്'– വിനയ് ഫോര്‍ട്ട് പറഞ്ഞുനിര്‍ത്തി.

MORE IN ENTERTAINMENT
SHOW MORE