‘വിളിച്ചാലല്ലേ അഭിനയിക്കാൻ പോകാൻ പറ്റൂ'; പുതിയ തുടക്കത്തിന് സുധീഷ്: അഭിമുഖം

Sudheesh-interview
SHARE

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സ്വഭാവ നടനുള്ള അംഗീകാരം  ലഭിച്ചതിന്റ ആഹ്ലാദത്തിലാണ് നടൻ സുധീഷ്.  അനുയോജ്യമായ സമയത്താണ് തനിക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടിയതെന്ന് നടൻ സുധീഷ്. 34 വര്‍ഷത്തെ സിനിമാജീവിതത്തില്‍ അവാര്‍ഡ് എന്നൊരു സ്വപ്നവും ഉണ്ടായിരുന്നില്ല. ഈ അംഗീകാരം താന്‍ പ്രതീക്ഷിക്കാതെ വന്നതെന്നും നടന്‍ മനോരമ ന്യൂസ് ഡോട്ട് കോമിനോട്  പറയുന്നു.

'അച്ഛന്‍റെ പൊന്നുമക്കള്‍' എന്ന സിനിമയിയിലെ കഥാപാത്രം കുറച്ച് ബുദ്ധിമുട്ടി ചെയ്ത ഒന്നാണ്. പക്ഷേ, അന്നൊന്നും സിനിമ അവാര്‍ഡിന് അയക്കുന്ന കാര്യമൊന്നും അറിയില്ല. ഈ സിനിമ അവാർഡിന് അയച്ചിട്ടുണ്ടോയെന്ന് അറിയുകയുമില്ല. ആ സമയത്ത് ഇതിന്‍റെയൊന്നും പിന്നാലെ പോയിട്ടില്ലെന്ന് സുധീഷ് പറഞ്ഞു.

അവാര്‍ഡിനു വേണ്ടി കാത്തിരുന്നിട്ടില്ല. വൈകിപ്പോയെന്ന് ഒരു  തോന്നലുമില്ല. ആദ്യ കാലങ്ങളില്‍ നല്ല വേഷങ്ങള്‍ കിട്ടിയിരുന്നെങ്കിലും പിന്നീട് കമ്മേർഷ്യൽ സിനിമയുടെ ഭാഗമായിട്ട് ഇങ്ങനെയൊരോ കഥാപാത്രങ്ങളായിരുന്നു ലഭിച്ചത്. ശക്തമായ സിനിമയും, കഥാപാത്രങ്ങളും അപൂര്‍വം മാത്രമേ ലഭിച്ചിട്ടുള്ളു. ഇപ്പോള്‍ ചെയ്യുന്ന വേഷങ്ങളെ വച്ച് നല്ല സാധ്യതകള്‍ സിനിമകളില്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും താരം പറയുന്നു.

‘മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ അടുത്ത വീട്ടിലെ പയ്യൻ ആയിരുന്നതിൽ നിന്നും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മേഖലകളിൽ മേയുന്ന നടനെയാണ് നമ്മൾ ഇപ്പോൾ കാണുന്നത്!!' കുഞ്ചാക്കോ ബോബന്‍റെ ഈ പ്രശംസയെ ക്കുറിച്ചും സുധീഷ് പറഞ്ഞു . ഇങ്ങനെയുള്ള അനുഭവങ്ങൾ വരുമ്പോഴാണ് സിനിമകളിലെ സാധ്യതകൾ ഉൾക്കൊണ്ട് പ്രായോഗികതലത്തിൽ പരിശ്രമിക്കാനാകൂ. 

വേഷങ്ങള്‍ കുറയുന്നതിനെ കുറിച്ചും നടന്‍ വിശദീകരിച്ചു. ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ വരുമ്പോഴാണ് സാധ്യതകളും കിട്ടുന്നത്. സിനിമയിലും ഒരോ കാര്യങ്ങള്‍ പഠിച്ചുവരുന്നതേയുള്ളൂ. ഒന്ന് പാസായാല്‍ അടുത്തതിലേക്ക് എന്ന് പറയുന്നതുപോലെയാണ് സിനിമയിലും. അത്തരത്തിൽ, കഥാപാത്രങ്ങളിലും  പൂര്‍ണത വന്നതുകൊണ്ടാകാം അംഗീകാരം ലഭിച്ചതെന്നും സുധീഷ് പറഞ്ഞു. അവാര്‍ഡ് കിട്ടിയെങ്കിലും ഇപ്പോഴും 'സ്റ്റുഡന്‍റാണ്'. ഇനിയും അഭിനയരംഗത്തെ പുതിയ മേച്ചില്‍പുറങ്ങളിലേക്ക് പോകേണ്ടതുണ്ട്. 

മണിച്ചിത്രത്താഴിലെ 'കിണ്ടി'യാണ് തന്നെ കുറേ കൂടി  പോപ്പുലര്‍ ആക്കിയത്. അതിനു മുന്‍പ് നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പോലും ലാലേട്ടന്‍റെ കൂടെയുള്ളതുകൊണ്ട് തന്നെ അത് വന്‍ ഹിറ്റാവുകയും, ഒട്ടുമിക്ക ആളുകളിലേക്ക് താന്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഡിഗ്രി കഴിഞ്ഞാണ് ആ സിനിമ ചെയ്യുന്നത്. അപ്പോഴിതൊരു ജീവനോപാധിയായി കൊണ്ടുപോകാനുള്ള ചിന്തവന്നു. മണിചിത്രത്താഴിലൂടെ ആ ഭാഗ്യവും വന്നു. പിന്നെയാണ് കമ്മേർഷ്യൽ സിനിമകളിലും അവസരങ്ങള്‍ വരുന്നത്. 

'വിളിച്ചാലല്ലേ അഭിനയിക്കാന്‍ പോകാന്‍ പറ്റൂ'..നീണ്ട ഇടവേളയുണ്ടായിരുന്ന സമയത്ത് സിനിമയിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അതെല്ലാം ഉള്‍ക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്. സിനിമയില്‍ പല മാറ്റങ്ങള്‍ സംഭവിച്ചു. ആ ട്രെന്‍ഡിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്കൊപ്പമാണ് താനെന്നും, ഇടവേളകൾക്ക് മറുപടിയായി നടന്‍ പറഞ്ഞു. 

സിദ്ധാര്‍ത്ഥ് ശിവയുടെ ടീമിലെക്ക് എത്തിച്ചേര്‍ന്നതൊരു മഹാഭാഗ്യമായി നടന്‍ കാണുന്നു. ‘എന്നിവർ’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളില്‍ നല്ല ശക്തമായ വേഷങ്ങളും കാമ്പുള്ള മെസേജുമാണ് നല്‍കിയത്. പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെല്ലാം മഹാന്മാരായിരുന്നതും സിനിമയുടെ വിജയത്തിന്റെ കാരണമാണെന്നും നടന്‍ പറഞ്ഞു.

നിവിൻ പോളിക്കൊപ്പം 'കനകം കാമിനി കലഹം', 'പടവെട്ട്' എന്നീ സിനിമള്‍ വരാനുണ്ട്. മധു വാരിയർ ആദ്യമായി സംവിധാനം ചെയ്യുകയും മഞ്ജു വാരിയർ നിർമിക്കുകയും ചെയ്യുന്ന 'ലളിതം സുന്ദരം', ധ്യാൻ ശ്രീനിവാസനൊപ്പം 'സത്യം മാത്രമേ ബോധിപ്പിക്കാവൂ' 'ആപ്പ് കൈസേ ഹേ', ദുൽഖറിന്റെ 'കുറുപ്പ്', ആർജെ മാത്തുകുട്ടി–ആസിഫ് അലി ചിത്രം ‘കുഞ്ഞെൽദോ’ എന്നിവയാണ് റിലീസിങ്ങിനു തയ്യാറെടുക്കുന്ന പുതിയ ചിത്രങ്ങൾ. നിലവില്‍ 'ഗോള്‍ഡ്' എന്ന അല്‍ഫോന്‍സ് പുത്രന്‍റെ സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നതെന്നും സുധീഷ് പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...