ചോറ്റാനിക്കര അമ്മയാണെ ഞാന്‍ വെടി വയ്ക്കും..’; ‘ഭ്രമ’ത്തിലെ അനന്യ: അഭിമുഖം

ananya-interview
SHARE

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് മലയാളികളുടെ ഇഷ്ടതാരം അനന്യ. ഒരിടയ്ക്ക് മലയാള സിനിമയില്‍ തിളങ്ങി നിന്ന താരം 3 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഭ്രമം സിനിമയിലൂടെ തിരിച്ചുവരവറിയിക്കുകയാണ്. അന്യഭാഷകളില്‍ സജീവമായിരുന്നെങ്കിലും മലയാളത്തില്‍ നല്ല കഥാപാത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. പൃഥ്വിരാജും മംമ്തയും ഉണ്ണി മുകുന്ദനും ശങ്കറും പ്രധാന വേഷങ്ങളിലെത്തിയ ഭ്രമം ഒക്ടോബര്‍ 7നാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. രവി കെ.ചന്ദ്രനാണ് ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചത്. ഭ്രമത്തിലെ കഥാപാത്രത്തിന് കിട്ടുന്ന പ്രശംസകളും സ്നേഹവും ആസ്വദിക്കുകയാണ് അനന്യ ഇപ്പോള്‍. മലയാള സിനിമയിലേക്കുള്ള തിരിച്ച് വരവിന്‍റെയും ഒപ്പം ഭ്രമം ചിത്രത്തിന്‍റെയും വിശേഷങ്ങള്‍ അനന്യ മനോരമ ന്യൂസ്ഡോട്ട്കോമിനോട് പങ്കുവെച്ചു.  

'ഭ്രമ'ത്തിലേക്ക് എത്തുന്നത്..

പ്രൊഡക്ഷനില്‍ നിന്ന് ബാദുക്കയാണ് എന്നെ വിളിച്ചത്. ടീമിനെ പറ്റിയും സിനിമയെ പറ്റിയും പറഞ്ഞു. ഇത്രയും നല്ല ഒരു ടീമിനൊപ്പം സിനിമ ചെയ്യാന്‍ പറ്റിയതില്‍ സന്തോഷമാണ്. പ്രത്യേകിച്ച് രവി സാറിന്‍റെ ഡയരക്ഷനും. ഹിന്ദിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട 'അന്ധാദുന്‍' പോലെ ഒരു സിനിമയുടെ റീമേക്ക്, ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ വരുന്ന ചിത്രം,  എല്ലാം കൊണ്ടും നല്ല പ്രോജക്റ്റാണെന്ന് മനസ്സിലായി. അങ്ങനെയാണ് ഭ്രമത്തിലെ സ്വപ്നയായത്. 

3 വര്‍ഷക്കാലത്തെ ഇടവേളയെകുറിച്ച് 

2017ന് ശേഷം ഇപ്പോഴാണ് മലയാള സിനിമ ചെയ്യുന്നത്. 2020ലും ഞാന്‍ മറ്റ് ഭാഷകളിലായി സിനിമ ചെയ്തിരുന്നു. തമിഴിലും തെലുങ്കിലുമായി സിനിമകളില്‍ സജീവമായിരുന്നു. മലയാളത്തിലേക്ക് തിരിച്ചുവരാന്‍ കുറച്ച് സമയമെടുത്തു എന്ന് മാത്രം. എന്നാല്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്താനായതില്‍ ഏറെ സന്തോഷം. അതും ഭ്രമം പോലെ ഒരു സിനിമയിലൂടെ. ഒരുപാട് നല്ല പ്രതികരണങ്ങളാണ് കിട്ടുന്നത്. ഒത്തിരി സന്തോഷം ഉണ്ട്. പ്രേക്ഷകര്‍ എന്നെ ഓര്‍ത്തിരിക്കുന്നു, ഇഷ്ടപ്പെടുന്നു എന്നറിയുന്നത് തന്നെ വലിയ സന്തോഷം. 

'ഭ്രമം' സിനിമയുടെ അനുഭവം 

എനിക്ക് ആകെ 3 ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളൂവെങ്കിലും നല്ല അനുഭവമായിരുന്നു. ഉണ്ണി മുകുന്ദനും പ്രിഥ്വിരാജിനുമൊപ്പം മുൻപ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മംമ്തയുള്ള ഒരു സിനിമയില്‍ ആദ്യമായാണ് വര്‍ക്ക് ചെയ്യുന്നത്. ഉണ്ണിയുടെ കൂടെ അഭിനയിച്ചത് 10 വര്‍ഷത്തിന് മുന്‍പായിരുന്നു. നന്ദനം സിനിമയുടെ റീമേക്കായ സീഡന്‍ എന്ന തമിഴ് സിനിമയിലാണ് ഒന്നിച്ച് അഭിനയിച്ചത്. അതിന് ശേഷം ഉണ്ണിയെ കണ്ടത് ഭ്രമം സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്. 10 വര്‍ഷത്തിന് ശേഷം ഉണ്ണിയുമായി ഒന്നിച്ചഭിനയിക്കുന്നതിന്‍റെ സന്തോഷവും ഉണ്ടായിരുന്നു. ഡബ്ബിങ്ങും പോസ്റ്റ് പ്രൊഡക്ഷനും കഴിഞ്ഞ് രവി സര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. നന്നായി അഭിനയിച്ചെന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് സന്തോഷമായി. രവി സര്‍ അങ്ങനെ പറയുന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. പക്ഷെ, അതിന് ശേഷം പ്രേക്ഷകര്‍ ഇത് എങ്ങനെ സ്വീകരിക്കും എന്ന പേടിയുമുണ്ടായിരുന്നു. സിനിമ ഇറങ്ങിയ ശേഷം ഒരുപാട് നല്ല അഭിപ്രായങ്ങള്‍ വന്നു.. ട്രോളുകള്‍ പോലും ഞാന്‍ ആസ്വദിക്കുകയായിരുന്നു. 

ഭ്രമത്തിലെ സ്വപ്ന

അന്ധാദുന്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടാകും എന്ന് എനിക്ക് തോന്നിയിരുന്നു. അന്ധാദുന്‍ സിനിമയിലെ രസിക എന്ന കഥാപാത്രവും ഭ്രമത്തിലെ സ്വപ്നയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട സീനിലും മലയാളത്തിലേക്ക് വന്നപ്പോള്‍ ചെറിയ ഒരു ഹ്യൂമര്‍ എലമന്‍റ്‍ കൊണ്ടുവന്നിട്ടുണ്ട്. അതിന് ഏറെ നല്ല അഭിപ്രായവും കിട്ടി. മാത്രമല്ല, രസിക എന്ന കഥാപാത്രം വളരെ പക്വതയുള്ള, ബോള്‍ഡായ സ്ത്രീയാണ്. എന്നാല്‍ സ്വപ്ന ആദ്യം നിഷ്ക്കളങ്കയും പിന്നീട് ബോള്‍ഡാകുന്നുമുണ്ട്‍. കഥാപാത്രം രസികയെ പോലെയാണെന്ന പ്രതീക്ഷയിലാണ് ഞാന്‍ ഇരുന്നതെങ്കിലും പിന്നീട് ലൊക്കേഷനിലെത്തിയപ്പോഴാണ് കഥാപാത്രത്തിനുള്ള മാറ്റങ്ങള്‍ പറയുന്നത്. എന്നാല്‍ ഭ്രമം സിനിമ ചെയ്യുമെന്ന് തീരുമാനിച്ചതിന് ശേഷം അന്ധാദുന്‍ കണ്ടില്ല. വീണ്ടും കണ്ടാല്‍ ആ കഥാപാത്രം എന്നെ സ്വാധീനിക്കുകയും അത് സിനിമയെ ബാധിക്കാനും സാധ്യതയുണ്ട്. സ്വപ്നയ്ക്ക് മലയാളത്തില്‍ സര്‍ കൊണ്ട് വന്ന മാറ്റത്തില്‍ ഇപ്പോള്‍ എനിക്ക് സന്തോഷമേയുള്ളൂ. 

ഒടിടി റിലീസും പ്രതികരണങ്ങളും

ചെറിയ കഥാപാത്രമാണെങ്കില്‍ കൂടി പെര്‍ഫോര്‍മന്‍സിന് സ്പേസുണ്ടായിരുന്നു. എങ്ങനെയായിരിക്കും പ്രേക്ഷകര്‍ പ്രതികരിക്കുകയെന്ന പേടിയുണ്ടായിരുന്നെങ്കിലും ഇത്രയും നല്ല ഒരു സ്വീകരണം കിട്ടുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. ഒത്തിരി സന്തോഷമുണ്ട്. ആദ്യത്തെ ഒടിടി റിലീസ് അനുഭവമായിരുന്നു. ആദ്യം ഒറ്റയ്ക്കിരുന്നാണ് ഞാന്‍ സിനിമ കണ്ടത്. പപ്പയും അമ്മയും കണ്ട് അഭിപ്രായം പറയണമെന്ന് ഉണ്ടായിരുന്നെങ്കിലും അതിന് മുന്‍പ് എനിക്ക് കാണണമെന്നായിരുന്നു. അമ്മ വളരെ നല്ല ഒരു ക്രിട്ടിക്കാണ്. ഒറ്റയ്ക്കിരുന്ന് കാണാനായി എന്ന ഗുണമുണ്ടായെങ്കിലും തിയറ്റര്‍ അനുഭവം എല്ലാവരെയും പോലെ മിസ്സ് ചെയ്യുന്നുണ്ട്. പിന്നെ പ്രേക്ഷകര്‍ സ്വീകരിക്കണമെന്നതേ ഉണ്ടായിരുന്നുള്ളൂ മനസ്സില്‍. 

മലയാള സിനിമയില്‍ സ്ത്രീകളുടെ തിരിച്ചുവരവ് 

മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് തിരിച്ചുവരവ് അത്ര എളുപ്പമല്ല. സിനിമയില്‍ നിന്ന് കുറച്ച് കാലമൊന്ന് മാറി നിന്നാല്‍ പിന്നെ പ്രയാസമാണ്. കഥ പറയാന്‍ വിളിക്കുമ്പോഴും ആദ്യം അവര്‍ ചോദിക്കുന്നത് സിനിമ ചെയ്യുന്നുണ്ടോ എന്നാകും. മലയാളത്തില്‍ മാത്രമാണ് എനിക്ക് ഗ്യാപ് വന്നത്. തമിഴിലും തെലുങ്കിലുമായി ഞാന്‍ സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു. മലയാളത്തിലാണെങ്കിലും അന്യഭാഷകളിലായാലും സിനിമയോടുള്ള സമീപനത്തില്‍ ഞാന്‍ ഒരുപോലെയാണ്. ഭ്രമം ഇപ്പോള്‍ വന്നില്ലായിരുന്നെങ്കില്‍ എന്‍റെ തിരിച്ച് വരവിന് ചിലപ്പോള്‍ കുറച്ച് കൂടി സമയമെടുക്കുമായിരുന്നു. 

സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ 

സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ അന്നും ഇന്നും ഒരുപോലെയാണ്. എനിക്ക് നന്നായി ചെയ്യാനാകും എന്ന് തോന്നുന്ന കഥാപാത്രമെങ്കില്‍ മാത്രമാണ് ചെയ്യുന്നത്. ചില കഥാപാത്രങ്ങള്‍ സ്ക്രിപ്റ്റ് വായിക്കുമ്പോള്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന് പറയാനാകില്ല. സാമൂഹിക പ്രസക്തിയുള്ള സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

എങ്കേയും എപ്പോതും ചിത്രത്തിലെ അമുദ

ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളും ഞാന്‍ അതിന്‍റേതായ പ്രാധാന്യത്തോടെ കണ്ടാണ് ചെയ്തിട്ടുള്ളത്. പക്ഷെ, പ്രേക്ഷകരുടെ ഭാഗത്ത് നിന്നും കിട്ടിയ സ്നേഹവും അഭിപ്രായങ്ങളും നോക്കിയാല്‍ എങ്കേയും എപ്പോതും സിനിമയിലെ അമുദ ഏറെ ഇഷ്ടമാണ്. കഥാപാത്രമായാലും അതിലെ പാട്ടുകളുമൊക്കെ വളരെ ശ്രദ്ധേയമായിരുന്നു. ചെയ്ത സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത് മുന്നോട്ട് പോകാന്‍ പ്രചോദനമാണ്. 

അമ്പെയ്ത്ത് ചാമ്പ്യന്‍ 

അമ്പെയ്ത്ത് ഇപ്പോഴും മനസ്സിലുണ്ട്. ഒരു അപകടത്തില്‍  കൈക്ക് ഒടിവുണ്ടായതിന് ശേഷമാണ് വിട്ടത്. ഇപ്പോഴും ബുദ്ധിമുട്ടാണ്, പ്രാക്ടീസൊന്നും ചെയ്യാനാകുന്നില്ല. കൈ ശരിയായിട്ടേ ഇനി പ്രാക്ടീസ് ഉള്ളൂ.

ക്യാമറയ്ക്ക് പിന്നില്‍

ഡയറക്ഷന്‍ എന്നത് വര്‍ഷങ്ങളായുള്ള എന്‍റെ ആഗ്രഹമാണ്. അവസരവും സമയവും ഒത്ത് വരുമ്പോള്‍ തീര്‍ച്ചയായും ചെയ്യും. അതിന് വേണ്ടി കാത്തിരിക്കാം. 

പ്രതീക്ഷകള്‍ 

ഇപ്പോള്‍ അഭിനയിക്കുന്നത് ഡയറക്ടര്‍ മജുവിന്‍റെ ചിത്രത്തിലാണ്. റ്റൈനി ഹാന്‍റ്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയാണ്. സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഗ്രേസ് ആന്‍റണി, പോളി വല്‍സന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്‍റെ പേര് ഉടന്‍ പുറത്തുവരും. 

അനന്യയുടെ ഭ്രമം

എനിക്ക് ഒന്നിനോടും അങ്ങനെ ഭ്രമമുള്ള ആളല്ല. എങ്കിലും, നല്ല സിനിമകള്‍ ചെയ്യുക എന്നതാണ് എന്‍റെ ഭ്രമം എന്ന് പറയാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...