വിഡിയോ കോളില്‍ ദിലീപ്; ഞെട്ടി ബംഗാളി ആരാധിക; കാണാമെന്നും ഉറപ്പ്

dileep-fan-girl
SHARE

പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കോഴിക്കോട് വെള്ളിമാടുകുന്ന് ജിഎച്ച്എസ്എസിലെ വിദ്യാർഥിനി റോക്ഷത് ഖാത്തൂൻ എന്ന ബംഗാൾ സ്വദേശിനിക്ക് നടൻ ദിലീപിന്റെ സർപ്രൈസ്. ദിലീപ് ചിത്രങ്ങൾ മാത്രം കാണുന്ന റോക്ഷത് ദിലീപിനോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞതിനു പിന്നാലെ വിഡിയോ കോൾ വഴി തന്റെ ബംഗാളി ആരാധികയെ ഞെട്ടിച്ച് താരം. മലയാളത്തിൽ ദിലീപ് ചിത്രങ്ങൾ മാത്രം കാണുന്ന റോക്ഷത് എന്ന കൊച്ചുമിടുക്കിയെക്കുറിച്ച് താരം അറിയുന്നത് മനോരമ ഓൺലൈൻ വാർത്തയിലൂടെയാണ്.

‘ഒരിക്കലും പ്രതീക്ഷിച്ചില്ല ദിലീപേട്ടൻ വിളിക്കുമെന്നും അദ്ദേഹത്തോട് വിഡിയോ കോളിൽ സംസാരിക്കാൻ കഴിയുമെന്നും. എല്ലാം സ്വപ്നം പോലെയാണ് തോന്നുന്നത്. കോൾ കട്ടായ ശേഷം ഞാൻ എന്നെത്തന്നെ പലവട്ടം നുള്ളി നോക്കി, സ്വപ്നമാണോ യാഥാർഥ്യമാണോ ഇതെന്ന് അറിയാൻ. വളരെ കാലത്തെ, വളരെ വലിയ ഒരു ആഗ്രഹമാണ് ഇപ്പോൾ നിറവേറിയിരിക്കുന്നത്. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമുണ്ട്. കൂട്ടുകാരോടും ബന്ധുക്കളോടും എല്ലാം ഞാൻ ഈസന്തോഷംഅറിയിച്ചുകൊണ്ടിരിക്കുകയാണ്’– റോക്ഷത് പറയുന്നു. 

കോഴിക്കോട്ടെ റോക്ഷത്തിന്‍റെ വീട്ടിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെയാണ് ജനപ്രിയ നായകന്റെ വിഡിയോ കോൾ എത്തുന്നത്. കുടുംബത്തിലെ എല്ലാവരോടും ദിലീപ് സംസാരിച്ചു.

കൊൽക്കത്തയിൽനിന്ന് കേരളത്തിലെത്തിയ റോക്ഷത്തിന്‍റെ അച്ഛൻ റഫീഖും ദിലീപിന്‍റെ കടുത്ത ആരാധകനാണ്. കൽക്കട്ട ന്യൂസ് എന്ന സിനിമയുടെ ഭാഗമായി കൊൽക്കത്തയിലും ബംഗാളിന്റെ മറ്റു ഭാഗങ്ങളിലും ഏറെ സഞ്ചരിച്ചിട്ടുണ്ടെന്നും അവിടെയുള്ള ആളുകളുടെ സ്നേഹം അടുത്തറിയാൻ ഭാഗ്യം ലഭിച്ച ആളാണ് താെനന്നും അതേദേശത്തു നിന്ന് ഇപ്പോൾ തനിക്കൊരു കുഞ്ഞാരാധിക ഉണ്ടെന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ദിലീപ് പറഞ്ഞു. 

അടുത്ത തവണ കോഴിക്കോട്ടു വരുമ്പോൾ തീർച്ചയായും നേരിൽ കാണാമെന്ന ഉറപ്പു നൽകിയ താരം, ജീവിതത്തിൽ ഉയരങ്ങളിലെത്തട്ടെ എന്ന് തന്റെ കുഞ്ഞാരാധികയെ ആശംസിക്കുകയും ചെയ്തു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുകയാണെന്നും തന്‍റെ  പ്രിയതാരം പറഞ്ഞതു പോലെ, തുടർന്നും മികച്ച രീതിയിൽ പഠിച്ച് ഉന്നത വിജയം കൈവരിക്കുമെന്നും റോക്ഷത് പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...