പൃഥ്വിയോട് ക്ഷമ ചോദിച്ച് ആരാധകൻ; ചേർത്തുപിടിച്ച് താരം; ‘നല്ല ഭാവി നേരുന്നു’

prithvi-new-post-about-fake-account
SHARE

ക്ലബ് ഹൗസിൽ തന്റെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കിയ വ്യക്തിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് പൃഥ്വിരാജ് രംഗത്തുവന്നിരുന്നു. പൃഥ്വിയുടെ ശബ്ദത്തിൽ സംസാരിച്ചാണ് സൂരജ് എന്ന യുവാവ് സജീവമായത്. സംഭവം വിവാദമായതോടെ താരത്തോട് മാപ്പുചോദിച്ച് യുവാവ് രംഗത്തെത്തി. തെറ്റ് ഏറ്റുപറഞ്ഞതോടെ സൂരജിനോട് പൃഥ്വിരാജും ക്ഷമിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിപ്പും പങ്കിട്ടു. 

പൃഥ്വിയുടെ ശബ്ദത്തിൽ സിനിമാഡയലോഗുകൾ പറഞ്ഞ് രസിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമിട്ടതെന്നും അത് ഇത്ര പ്രശ്നമാകുമെന്ന് കരുതിയില്ല എന്നും സൂരജ് തുറന്നു പറയുന്നു. അക്കൗണ്ട് ഡിലീറ്റ് ആക്കിയെന്നും ചെയ്തുപോയ തെറ്റിന് പൃഥ്വിരാജിനോടും അദ്ദേഹത്തിന്റെ ആരാധകരോടും ക്ഷമ ചോദിക്കുന്നതായും പൃഥ്വി ആരാധകൻ കൂടിയായ യുവാവ് കുറിപ്പിലൂടെ പറഞ്ഞു. ഈ കുറിപ്പ് പങ്കുവച്ചാണ് പൃഥ്വിയുടെ മറുപടി.

പ്രിയ സൂരജ് എന്നു വിളിച്ചാണ് പൃഥ്വിയുടെ മറുപടി കുറിപ്പ് ആരംഭിക്കുന്നത്. ഇത് നിരുപദ്രവകരമായ ഒരു തമാശയാണെന്ന് ഞാൻ മനസ്സിലാക്കുന്നു.എന്നാൽ ഇതുപോലുള്ള എന്തെങ്കിലും വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.  2500 ലേറെ പേർ ആ ചർച്ചയിൽ പങ്കെടുത്തിരുന്നു. അത് ‍ഞാൻ തന്നെയാണ് എന്നാണ് ഭൂരിഭാഗവും കരുതിയത്. എന്നെ തേടി ഒരുപാട് ഫോൺ കോളുകളും സന്ദേശങ്ങളും എത്തി. അതുകൊണ്ടാണ് ‍ഞാൻ പ്രതികരിച്ചത്. നിങ്ങൾ തെറ്റ് മനസിലാക്കി എന്നതിൽ സന്തോഷം. മിമിക്രി എന്നത് അമ്പരപ്പിക്കുന്ന കലാരൂപമാണ്. മിമിക്രിയിൽ നിന്നും സിനിമാമേഖലയിലെത്തിയ ഒരുപാട് പേരുണ്ട്. നിങ്ങൾക്കും അത്തരത്തിൽ വലിയ നേട്ടങ്ങളിലേക്ക് എത്താൻ കഴിയട്ടെ. നന്നായി പരിശ്രമിക്കൂ. വലിയ സ്വപ്നങ്ങൾ കാണൂ. പൃഥ്വി കുറിച്ചു. താൻ ക്ലബ് ഹൗസിൽ ഇല്ലെന്ന് ഓർമപ്പെടുത്തിയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. 

കഴിഞ്ഞ ദിവസങ്ങളിലാണ് ആരാധകനായ സൂരജ് എന്ന യുവാവ് പൃഥ്വിയുടെ പേരിലുള്ള ഐഡിയിൽ നിന്ന് ക്ലബ് ഹൗസിൽ എത്തി സംസാരിച്ചത്. നേരത്തെ ടൊവീനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങളുടെ പേരിലും ക്ലബ് ഹൗസിൽ വ്യാജ ഐഡി നിർമിച്ചത് വിവാദമായിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...