ജോർജിനെ മലർ മറന്നതോ, അതോ തേച്ചതോ? ; സത്യം വെളിപ്പെടുത്തി സംവിധായകൻ

director-alphonse
SHARE

തിയറ്ററുകളെ ഇളക്കി മറിച്ച ചിത്രമായിരുന്നു അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. ഇപ്പോഴും യൂ ട്യൂബിലും ചാനലുകളിൽ ആ ചിത്രശലഭം പാറിക്കളിക്കുന്നു. ചിത്രം കണ്ട എല്ലാവരുടേയും സംശയമായിരുന്നു മലർ മിസ് ജോർജിനെ ശരിക്കും മറന്നു പോയതാണോ ? അതോ അഭിനയിക്കുകയാണോ എന്ന ചോദ്യം. ഒരു അധ്യാപിക സ്വന്തം വിദ്യാർഥിയെ പ്രണയിക്കുന്നതിന്റെ തെറ്റ് മനസിലാക്കി മലർ സ്വയം പിൻമാറിയതെന്നു കരുതുന്നവരും ഉണ്ട്. 

എന്തായായാലും ചോദ്യങ്ങൾക്കു ഉത്തരവുമായി സംവിധായകൻ തന്നെ എത്തിയതോടെ സംശയങ്ങൾക്കു വിരാമമായി.  സോഷ്യൽ മീഡിയയിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് സംവിധായകൻ അൽഫോൻസ് പുത്രൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സ്റ്റീവൻ മാത്യു എന്നയാളാണ് ചോദ്യം ചോദിച്ചത്. ഒരു സംശയം എന്നു പറഞ്ഞുകൊണ്ടാണ് സ്റ്റീവന്റെ ചോദ്യം ആരംഭിക്കുന്നത്. ‘പ്രേമത്തിൽ, ജോർജിനോട് ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് മലർ ഒടുവിൽ പറയുന്നു. മൂന്നു തവണ സിനിമ കണ്ടതിനു ശേഷം ഞങ്ങൾ ആശയക്കുഴപ്പത്തിലാണ്. അവർക്ക് ശരിക്കും ഓർമ നഷ്ടപ്പെട്ടോ? അതോ മനഃപൂർവം അവനെ ഒഴിവാക്കാൻ അവൾ ആഗ്രഹിക്കുന്നുണ്ടോ? അതോ അടുത്തിടെ ഓർമ തിരികെ ലഭിച്ച അവൾ ജോർജ് വിവാഹിതനാകുന്നതിനാൽ ജോർജിനോട് അത് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലേ? ഉത്തരത്തിനായി എന്റെ സുഹൃത്തുമായി ഞാൻ 100 രൂപയുടെ പന്തയം വെച്ചിരിക്കുകയാണ്'.

ഏതായാലും സ്റ്റീവൻ പന്തയത്തിൽ ജയിച്ചു. കാരണം സ്റ്റീവന്റെ ചോദ്യം നൂറ് ശതമാനം ശരിവയ്ക്കുന്നതായിരുന്നു അൽഫോൻസിന്റെ മറുപടി. 

‘അവളുടെ ഓർമ നഷ്ടപ്പെട്ടു. ഓർമ തിരിച്ചു കിട്ടിയപ്പോൾ അവൾ അറിവഴകനുമായി സംസാരിച്ചിരിക്കും. അവിടെ എത്തിയപ്പോൾ സെലിനുമൊത്ത് ജോർജ് സന്തോഷവാനാണെന്ന് അവൾക്ക് തോന്നിയിരിക്കും. കൈ കൊണ്ട് 'സൂപ്പർ' എന്ന് പറഞ്ഞതിൽ നിന്നും മലരിന് ഓർമ തിരിച്ചു കിട്ടിയെന്ന് ജോർജിനും മനസിലായി. എന്നാൽ ഇത് സംഭാഷണങ്ങളിൽ പറയുന്നില്ല. എന്നാൽ, ഇത് ആക്‌ഷൻസിലൂടെയും വയലിനു പകരം ഹാർമോണിയത്തിന്റെ സംഗീതം ഉപയോഗിച്ചും കാണിക്കുന്നുണ്ട്. നിങ്ങളുടെ സംശയം മാറിയെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള അവസാന ഉത്തരം ഇതാണ്, അടുത്തിടെ മലരിന് ഓർമ തിരികെ ലഭിച്ചു.’ - ഇതായിരുന്നു ചോദ്യത്തിന് അൽഫോൻസ് പുത്രൻ നൽകിയ ഉത്തരം.

അനുപമ അവതരിപ്പിച്ച മേരിയുടെ സഹോദരിയാണോ സെലിൻ എന്ന ചോദ്യത്തിനും അൽഫോൻസ് മറുപടി നൽകി.

‘മേരിയുടെ പെങ്ങൾ അല്ല സെലിൻ. ചേച്ചിയുടെ ഇംഗ്ലിഷ് പദം കിട്ടാത്തതുകൊണ്ട് സബ് ടൈറ്റിൽ ചെയ്ത ആൾ ചുറ്റിപ്പോയതാ. മേരി സിസ്റ്റർ എന്നൊക്കെയാണ് സബ് ടൈറ്റിലിൽ കാണിക്കുന്നത്. മേരിയുടെ പെങ്ങളാണ് സെലിനെങ്കിൽ, മേരിയുടെ വീട്ടില്‍ സെലിൻ ഇരിക്കുന്നത് ഞാൻ സിനിമയിൽ കാണിക്കുമായിരുന്നു.’–അൽഫോൻസ് വ്യക്തമാക്കുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...