സ്ട്രഗ്ലിങ് പിരിയഡ് കഴിഞ്ഞു; നായകനാകാന്‍ സമയമുണ്ട്; പ്രതീക്ഷകളുടെ ‘തുറമുഖ’ത്തിൽ

Sudhev-interview
SHARE

ഞാൻ ചെയ്യുന്ന വേഷങ്ങൾ എനിക്കു മാത്രമേ ചെയ്യാനാകൂ....നടൻ സുദേവ് നായർ സ്വയം വിലയിരുത്തുന്നതു ഇങ്ങനെയാണ്. അത് എത്രത്തോളം ശരിയാണെന്നു കഥാപാത്രങ്ങൾ ശ്രദ്ധിച്ചാൽ മനസിലാകും. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും സ്ക്രീനിൽ സുദേവ് എത്തുമ്പോൾ ആരും ഒന്നു ശ്രദ്ധിക്കും. വേറിട്ട ഫിഗർ ഒരു പ്ളസ് പോയിന്റായിട്ടാണ് താരം കാണുന്നതും. ആരാണീ സുദേവ് നായർ എന്നു മലയാളികൾ ചോദിച്ചിടത്തു നിന്നും താരം ഏറെ വളർന്നു. ഇന്ന് അവസരങ്ങൾ തിരയടിക്കുന്ന ‘തുറമുഖ’ത്തിൽ ആണ് നടൻ. സുദേവ് നായർ മനോരമ ന്യൂസ്.കോമിനോടു സംസാരിക്കുന്നു.

പുതിയ ചിത്രങ്ങൾ ?

നിവിൻ പോളി നായകനാകുന്ന തുറമുഖം. ടീസർ പുറത്തിറങ്ങി. ലോക്ഡൗൺ കഴിഞ്ഞ് റിലീസുണ്ടാകുമെന്നു കരുതുന്നു. പ്രതീക്ഷയുള്ള കഥാപാത്രമാണ് . ആക്ഷന് പ്രാധാന്യമുള്ള സിനിമ ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് തുറമുഖത്തിൽ. 

നിരവധി സിനിമകള്‍. എല്ലാം സഹനടന്‍. നായകനാകേണ്ടേ ? ഇങ്ങനെ മതിയോ ?

ആഗ്രഹമുണ്ട്. സമയമുണ്ടല്ലോ. ആ തലത്തിലേക്കെത്തേണ്ടതുണ്ട്. കൂടെ ഭാഗ്യവും .

ഏതു സംവിധായകനാണ് കംഫര്‍ട്ടായി തോന്നിയിട്ടുള്ളത് ?

തുറമുഖത്തിന്റെ സംവിധായകന്‍ രാജീവ് രവി. തുറമുഖത്തിലെ വേഷം മികച്ചതാക്കാന്‍ എല്ലാവിധ സ്വാതന്ത്ര്യവും തന്നു. 11 കി.ലോ ശരീരഭാരം കൂട്ടി. പിന്നെ 11 കിലോ കുറച്ചു. അദ്ദേഹത്തിന്റെ പിന്തുണ നല്‍കിയ പ്രചോദനം വലുതായിരുന്നു. മുഴുവന്‍ സമയവും ആ കഥാപാത്രത്തിന്റെ പൂര്‍ണതക്കായി ഞാന്‍ അര്‍പ്പിച്ചു. ഡയറക്ഷന്‍ തരികയാണ് സംവിധായകന്റെ ജോലി. ഇന്‍സ്ട്രക്ഷന്‍ അല്ല. ഇത്തരം സംവിധായകരെ കിട്ടുന്നത് ഭാഗ്യമാണ്. 

മേക്കോവറിനു തയ്യാറാണോ ?

അതെ. 

മലയാള സിനിമ വേണ്ടത്ര പരിഗണിച്ചില്ലെന്നു തോന്നിയിട്ടുണ്ടോ ?

എന്റെ വ്യക്തിത്വവും രൂപവും ഉപയോഗിച്ച് മലയാള സിനിമയില്‍ എനിക്കുള്ള ഒരു ഇടം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. രൂപത്തിലും ഭാവത്തിലും ശൈലിയിലും എനിക്കു മലയാളിത്തം കുറവാണ്. മുംബൈയില്‍ ജനിച്ചു വളര്‍ന്നയാളാണ്. എന്നിട്ടും ഇത്രയധികം വേഷങ്ങള്‍ കിട്ടിയതില്‍ സന്തോഷമുണ്ട്

മലയാളി ടച്ച് ഇല്ലാത്തത് കുറവായി തോന്നിട്ടുണ്ടോ ?

ഇല്ല. ഒരു പ്ളസ് പോയിന്റായിട്ടേ കാണുന്നുള്ളൂ. ഞാന്‍ ചെയ്യുന്ന വേഷം എനിക്കു മാത്രമേ ചെയ്യാനാകൂ. 

ടൈപ്പ് ചെയ്യപ്പെടുമെന്ന പേടിയുണ്ടോ ?

ഇല്ല. ഏതു റോളും ചെയ്യാന്‍ പറ്റുമെന്ന വിശ്വാസമുണ്ട്. 

ആക്ഷന്‍ ചിത്രങ്ങളില്‍ താല്‍പര്യമുണ്ടോ ?

ഉണ്ട്. തുറമുഖത്തില്‍ അത്തരം ഒരു കഥാപാത്രമാണ്. 

ഏതു വേഷമാണ് നന്നായി വഴങ്ങുന്നത് ?

ആന്റി ഹീറോയാണ് നന്നായി ചെയ്യാനാകുന്നത്. എന്റെ രൂപം അതിനു യോജിക്കുന്നതാണ്. അധികം അധ്വാനം ഇത്തരം റോളുകള്‍ക്കു എടുക്കേണ്ടി വരാറില്ല. 

തിരക്കഥയിലേക്കു കടക്കാന്‍ ആലോചനയുണ്ടോ ?

ഒരു വെബ്സീരീസ് എഴുതി സംവിധാനം ചെയ്തിരുന്നു. മലയാളത്തില്‍ തിരക്കഥയെഴുതാന്‍ കഴിയില്ല. മലയാളം വഴങ്ങാത്തതു തന്നെ കാരണം. 

അന്യഭാഷയില്‍ ശ്രദ്ധ കൊടുക്കുന്നുണ്ടോ ?

കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിക്കാറുണ്ട്. മുംബൈയില്‍ സ്ഥിരതാമസമാണ്. കേരളത്തിലേക്കു മാറാന്‍ കഴിയില്ല. 

ലോക്ഡൗണ്‍ സമയത്ത് എന്താണ് ചെയ്യുന്നത്  ?

ഈ ലോക്ഡൗണ്‍ സമയത്ത് ഞാന്‍ വര്‍ക്കല ബീച്ചില്‍ സര്‍ഫിങ്ങിലായിരുന്നു. എനിക്കിഷ്ടപ്പെട്ട ഇനം

അഭിനയത്തിനുള്ള തയ്യാറെടുപ്പ് എങ്ങനെ ?

അധികം ചിന്തിക്കാറില്ല. ഒരു വിധത്തിലുമുള്ള പരിശീലനവുമില്ല. ലുക്ക് മാറ്റാനുള്ള തയ്യാറെടുപ്പ് മാത്രമുണ്ടാകും. ആക്ഷന്‍ പറയുമ്പോള്‍ ഒരു ഒഴുക്കിലങ്ങനെ അഭിനയിക്കും. അതാണെന്റെ ശൈലി. അഭിനയം എന്റെ സിരകളിലുള്ളതാണ്. 

മാസ് റോള്‍, പഞ്ച് ഡയലോഗുകള്‍ ഇഷ്ടമാണോ ?

അതെ. അത്തരം വേഷങ്ങള്‍ ചെയ്യാനും കാണാനും ഇഷ്ടമാണ്. അത് കാലങ്ങളോളം നിലനില്‍ക്കും. 

സ്ട്രഗ്ളിങ് പിരിയഡാണോ ?

അത് കഴിഞ്ഞു പോയി. വേഷങ്ങള്‍ തിരഞ്ഞു ചെല്ലേണ്ടതില്ല. ഇങ്ങോട്ടു വരുന്നുണ്ട്. പ്രയാസങ്ങള്‍ എല്ലാ നടന്‍മാര്‍ക്കുമുണ്ട്. അത് മാറിക്കൊണ്ടിരിക്കും. വലിയ നടന്‍മാരുടെ ബുദ്ധിമുട്ട് വേറെയായിരിക്കും. ഞാന്‍ അധ്വാനിക്കുന്നത് അടുത്ത തലത്തിലേക്കു ഉയരാനാണ്. 

മലയാള സിനിമയില്‍ എങ്ങനെയുള്ള മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത് ?

സാങ്കേതിക വിദ്യ ഏറെ മുന്നോട്ടു പോയി. പ്രേക്ഷകരിലും വളര്‍ച്ചയുണ്ടായി. മലയാള സിനിമ പ്രവര്‍ത്തകര്‍ ഏറെ കഴിവുള്ളവരാണ്. അതിര്‍ത്തികള്‍ കടന്നു പോകുന്നതാണ് മലയാള ചിത്രങ്ങള്‍. 

അഭിനേതാക്കളും കഴിവുള്ളവരാണ്. ജോജു ജോര്‍ജൊക്കെ എത്ര സ്വാഭാവികമായിട്ടാണ് അഭിനയിക്കുന്നത്. മലയാള സിനിമ വേറെ ലെവലാണ്. 

ഒ.ടി.ടിയെക്കുറിച്ച് ?

ഒ.ടി.ടി ഒരു ഭാഗ്യമാണ്. തിയറ്ററുകള്‍ അടച്ചിടുമ്പോള്‍ ഒ.ടി.ടി തന്നെയാണ് ആശ്രയം. 

ഡ്രീം റോള്‍ ?

ഹോളിവുഡ് ചിത്രമായ ഫൈറ്റ് ക്ളബിലെ വേഷം. 

മലയാളത്തില്‍ ആഗ്രഹിക്കുന്ന ഡ്രീം റോള്‍ കിട്ടിയിട്ടുണ്ടോ ?

ഇല്ല. 

അനാര്‍ക്കലിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിനെ അടുത്തറിഞ്ഞിട്ടുണ്ടാകുമല്ലോ? വിവാദങ്ങളെക്കുറിച്ച് എന്തു പറയുന്നു ?

ലക്ഷദ്വീപിലുള്ള ഒരാള്‍ പോലും പുതിയതായി വരുന്ന മാറ്റങ്ങള്‍ അംഗീകരിക്കുന്നില്ല. ഇതെല്ലാം ആര്‍ക്കു വേണ്ടിയാണെന്നതാണ് ചോദ്യം. മറ്റുള്ളവരുടെ നേട്ടത്തിനാണ് ഈ പരിഷ്കാരങ്ങള്‍. മാറ്റങ്ങള്‍ ലക്ഷദ്വീപ് നിവാസികളുടെ നല്ലതിനു വേണ്ടിയല്ല. 

വിവാഹം ?

തല്‍ക്കാലം ആലോചനയില്ല. അഭിനയത്തില്‍ മാത്രമാണ് ശ്രദ്ധ. അഭിനയത്തോടു മാത്രമാണ് പ്രേമം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...