25 കിലോ ഭാരം കുറച്ചു; എഞ്ചിനീയറിങ് ജോലി വിട്ടു; ഇനി സിനിമ മാത്രം; റോഷൻ

anandroshan
SHARE

ശരീരഭാരം 25 കിലോയിലധികം കുറയ്ക്കുക. പിന്നീട് വീണ്ടും കൂട്ടുക, പഠിച്ച് നേടിയ എഞ്ചിനീയറിങ് ജോലി ഉപേക്ഷിക്കുക, ഇതൊക്കെ സിനിമയിലാവും എന്ന് കരുതുന്നവരോട് ആനന്ദ് റോഷൻ പറയും, സിനിമയിലല്ല, സിനിമ സ്വപ്നം കണുന്ന തന്റെ ജീവിതമാണ് ഇതെന്ന്. 'സമീർ' സിനിമയിലൂടെ ശ്രദ്ധ നേടിയ യുവതാരം ആനന്ദ് റോഷന്‍ തന്റെ സിനിമ ജീവിതത്തിലേക്കുള്ള അരങ്ങേറ്റത്തിനായി നടത്തിയ പരിശ്രമങ്ങളാണ് ഇതെല്ലാം. 

പ്രവാസികളുെട കഥപറയുന്ന ചിത്രത്തിനായി വലിയ മേക്കോവറാണ് റോഷൻ നടത്തിയത്. 92 കിലോയിൽ നിന്ന് ശരീര ഭാരം 67 ൽ എത്തിച്ചു. എട്ട് മാസത്തെ കഠിന പ്രയത്നവും ചിട്ടയായ വ്യായാമവും 25 കിലോ കുറയ്ക്കാന്‍ സഹായിച്ചു. തുടർന്ന് ഷൂട്ടിനായി യുഎയിലേക്ക് പോയി. ഒരുമാസത്തെ കാലയളവിൽ ഭൂരിഭാഗവും ഷൂട്ട് ചെയ്യേണ്ട അവസ്ഥയിൽ മറ്റൊരു വെല്ലുവിളി കൂടി റോഷനെ കാത്തിരുന്നു. ഭാരം വീണ്ടും കൂട്ടുക. കുറഞ്ഞ കാലയളവിൽ ഭാരം വര്‍ധിപ്പിക്കുന്നതിനാണ് താൻ ഏറെ ബുദ്ധിമുട്ടിയതെന്നും റോഷൻ പറയുന്നു.

സിനിമയുടെ മുന്നൊരുക്കങ്ങൾക്കായി ജോലി ഉപേക്ഷിക്കേണ്ടിയും വന്നു. എഞ്ചിനീയറിങ് നല്ല മാർക്കോടെ പാസായ റോഷന് സിനിമയെന്ന മോഹത്തിന് മുന്നിൽ അതിനായൊരു പുനരാലോചന വേണ്ടിവന്നില്ല.

'യുഎയിലെ മരുഭൂമിയും ചൂടും നൽകുന്ന അനുഭവം ചെറുതല്ല. ഷർട്ടില്ലാതെ മണൽപരപ്പിൽ കിടക്കുന്ന ഒരു സീന്‍ ഷൂട്ട് ചെയ്തതിനു ശേഷം പുറം പൊള്ളിപ്പോയി. കാറ്റും ചൂടും വല്ലാതെ തളർത്തും. ഇവിടെ ജോലിചെയ്യുന്നവരുടെ പ്രയാസങ്ങൾ ചിലപ്പോൾ നമ്മുടെ ഉറക്കം കെടുത്തിക്കളയും', റോഷൻ പറയുന്നു.

'തോട്ടതിലെ ഒരു തൊഴിലാളിയുടെ വേഷമാണ് ഞാൻ ചെയ്തത്. മേക്കപ്പും കോസ്റ്റ്യൂമും ഇട്ടാണ് ലെക്കേഷനിൽ എത്തിയിരുന്നത്. അവിടെയുള്ള മറ്റുരാജ്യങ്ങളിലെ തൊഴിലാളികൾ ശരിക്കും എന്നെ ജോലിക്ക് വന്ന ആളായാണ് കണ്ടത്. രഹസ്യമായി അവരെനിക്ക് ഈന്തപ്പഴവും തക്കാളിയുമൊക്കെ തന്നിട്ടുണ്ട്. മണൽതരികൾ പറ്റിപിടിച്ച സ്നേഹ സമ്മാനങ്ങൾ എനിക്ക് മറക്കാനാവില്ല. സിനിമയുടെ ലോകം ഞാൻ പ്രതീക്ഷിച്ചതിലും ഒരുപാടാണ് വലിയ അനുഭവങ്ങളാണ് അനിക്ക് വെച്ചുനീട്ടിയത്'. റോഷൻ മനസ്സ് തുറന്നു. 

10 –ാം വയസ്സിൽ ബാലതാരമായി സ്ക്രീനിലെത്തിയ റോഷന് പിന്നീട് സിനിമയായിരുന്നു എല്ലാം. തിളക്കത്തിൽ ദിലീപിന്റെ കുട്ടിക്കാലമായി അഭിനയിക്കാൻ അവസരം കിട്ടിയെങ്കിലും സ്ക്രിപ്റ്റും കഥയുമൊക്കെ മാറിയതനുസരിച്ച് റോഷന്റെ സിനമ അരങ്ങേറ്റവും നീണ്ടു. പിന്നീട് അസിസ്റ്റന്റ് ഡയറക്ടറായും സിനിമയെ നെഞ്ചിലേറ്റി മുന്നോട്ട് പോയി. 

റഷീദ് പാറയ്ക്കലിന്റെ ഒരു തക്കാളിക്കൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍ എന്ന നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചിത്രമാണ് 'സമീര്‍' ചിത്രത്തിൽ ആനന്ദ് റോഷനൊപ്പം അനഘാ സജീവ്, ചിഞ്ചു സണ്ണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രവാസികളുടെ വേദനകളും കഷ്ടപ്പാടും പറയുന്ന ചിത്രം ഇതിനോടകം പ്രേക്ഷക പ്രീതിപിടിച്ചുപറ്റി. കൂടുതൽ ചിത്രങ്ങളുടെ ചർച്ചകളിലാണ് ആനന്ദ് റോഷനിപ്പോൾ. ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് താരം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...