ലക്ഷദ്വീപ് ജനതയുടെ ശബ്ദം കേള്‍ക്കണം; അവർ അസംതൃപ്തർ; തുണച്ച് പൃഥ്വി

prithvi-lekshadweep
SHARE

ലക്ഷദ്വീപ് നിവാസികളുടെ സ്വത്വത്തിനും സംസ്കാരത്തിനും മേൽ ഭരണകൂടം നടത്തുന്ന ഗൂഢലക്ഷ്യത്തോടെ കടന്നുകയറ്റത്തിനെതിരായ പ്രതിഷേധങ്ങൾ കൂടുന്നു. ലക്ഷദ്വീപിനെക്കുറിച്ചും അവിടുത്തെ സംസ്കാരത്തെക്കുറിച്ചും അടുത്തറിഞ്ഞിട്ടുള്ള നടൻ പൃഥ്വിരാജ് ദ്വീപിലെ പരിഷ്കാരങ്ങളിൽ എതിർപ്പുമായി രംഗത്തെത്തി. അനാര്‍ക്കലി, ലൂസിഫര്‍ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനായി പൃഥ്വി ലക്ഷദ്വീപുമായി അടുത്തിടപഴുകിയിട്ടുണ്ട്. 

ലക്ഷദ്വീപ് ജനതയുടെ ശബ്ദം നിങ്ങള്‍ കേള്‍ക്കണം. അവര്‍ക്കാണ് അവരുടെ ഭൂമിക്ക് എന്താണ് വേണ്ടത് എന്ന് അറിയുക. ഈ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് അത്. അതിലും മനോഹരമായ ജനതയാണ് അവിടുത്തേത്. നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരു ഭരണാധികാരി എടുക്കുന്ന തീരുമാനത്തില്‍ ഒരു സമൂഹം മുഴുവന്‍ അസംതൃപ്തരാകുമ്പോള്‍, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ നിയമനത്തില്‍ ജനങ്ങള്‍ക്ക് ഒരു ശബ്ദവുമില്ലാതിരിക്കുമ്പോള്‍ അവരത് ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നു താരം കുറിച്ചു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

''നിയമങ്ങളും പരിഷ്‌കരണങ്ങളും ഒരു പ്രദേശത്തിന് വേണ്ടി മാത്രമല്ല അവിടുത്തെ ജനങ്ങള്‍ക്ക് കൂടി വേണ്ടിയാണ്. രാഷ്ട്രീയമോ ഭൂമിശാസ്ത്രമോ ആയ അതിര്‍ത്തികളല്ല ഒരു രാജ്യത്തെയോ, സംസ്ഥാനത്തെയോ, കേന്ദ്ര ഭരണ പ്രദേശത്തയോ ഉണ്ടാക്കുന്നത്. അത് അവിടെ ജീവിക്കുന്ന ജനങ്ങളാണ്.

സമാധാനപരമായി നൂറ്റാണ്ടുകളായി പിന്തുടരുന്ന ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങിനെ പുരോഗമനത്തിന്റെ സ്വീകാര്യമായ മാര്‍ഗമായി മാറും. പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ അതിലോലമായ ദ്വീപിന്റെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും.

എനിക്ക് നമ്മുടെ സിസ്റ്റത്തില്‍ വിശ്വാസമുണ്ട്. അതിലേറെ വിശ്വാസം ജനങ്ങളിലുമുണ്ട്. നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരു ഭരണാധികാരി എടുക്കുന്ന തീരുമാനത്തില്‍ ഒരു സമൂഹം മുഴുവന്‍ അസംതൃപ്തരാകുമ്പോള്‍, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ നിയമനത്തില്‍ ജനങ്ങള്‍ക്ക് ഒരു ശബ്ദവുമില്ലാതിരിക്കുമ്പോള്‍ അവരത് ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കും.

അതുകൊണ്ട് ലക്ഷദ്വീപ് ജനതയുടെ ശബ്ദം നിങ്ങള്‍ കേള്‍ക്കണം. അവര്‍ക്കാണ് അവരുടെ ഭൂമിക്ക് എന്താണ് വേണ്ടത് എന്ന് അറിയുക. ഈ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് അത്. അതിലും മനോഹരമായ ജനതയാണ് അവിടുത്തേത്,'' പൃഥ്വിരാജ് പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...