അന്ന് ഞാൻ മരിച്ചിരുന്നെങ്കിൽ എന്റെ മകൻ കാഴ്ചക്കാരനാകേണ്ടി വന്നേനെ: നിർമൽ

nirma-family
SHARE

ഇന്ന് നേട്ടങ്ങളുടെ നെറുകയിലെത്തി നിൽക്കുന്നവർ, അവർ കടന്നു വന്ന ഒരു വഴിയുണ്ടാകും. ഇല്ലായ്മയുടേയും പ്രതിസന്ധികളുടേയും ഒരു കാലഘട്ടം. ആ ഘട്ടത്തിൽ പകച്ചു നിൽക്കാതെ , അനുഭവങ്ങളെ കരുത്താക്കി മുന്നോട്ടു പോകുന്നവർക്കായിരിക്കും ജീവിതവിജയം. അപ്പോഴും പിന്നിട്ട വഴികൾ മറക്കാതിരിക്കുക. നടൻ നിർമൽ പാലാഴിയുടെ ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധിക്കപ്പെടുകയാണ്. മക്കളുമായുള്ള ബന്ധത്തെക്കുറിച്ചും കുട്ടിക്കാലത്തെ ദാരിദ്ര്യത്തെക്കുറിച്ചും നിർമൽ വിവരിക്കുന്നു. 

മക്കൾക്കു ചെറുതായൊന്നു നൊന്താൽ പോലും തന്റെ ഹൃദയം വിങ്ങുമെന്നു നിർമൽ പറയുന്നു. ഞാൻ ഉൾപ്പെടെ എന്റെ കുട്ടികാലത്ത് ജീവിച്ചവർ ഒരു മുട്ടായിക്കു വേണ്ടി കൊതിച്ചിട്ടുണ്ട്, അടുത്ത വീട്ടിലെ കുട്ടികൾ ഇടുന്ന വിലകൂടിയ നല്ല മണമുള്ള കുപ്പായത്തിന് കൊതിച്ചിട്ടുണ്ട്, കളിപാട്ടങ്ങൾക്ക് കൊതിച്ചിട്ടുണ്ട്, കുടുംബക്കാർ ഒഴിവാക്കിയ പുസ്തകത്തിനും മൂഡ് കീറാത്ത ട്രൗസറിനും വേണ്ടി കാത്ത് നിന്നിട്ടുണ്ട്. കുടുക്ക് ഇല്ലാത്ത ട്രൗസർ കുടുക്ക് ഇടുന്ന ആ ഓട്ടയിലൂടെ വലിച്ച് അരയിലേക്ക് കുത്തി സ്കൂളിൽ പോയിട്ടുണ്ട്, സ്കൂളിലെ കഞ്ഞിയും ചെറുപയറും പള്ളനിറച്ചും കഴിച്ചിട്ടുണ്ട്, സ്കൂൾ വിട്ട് വരുമ്പോൾ ചായപീടികയിലെ ഉള്ളിവട ഉണ്ടാക്കുന്ന മണം വായേൽ വെള്ളം നിറയ്ക്കും. വാങ്ങാൻ 1 രൂപ ഇല്ലാതെ വീട്ടിൽ പോയിട്ടുണ്ട്– നിർമൽ കുറിക്കുന്നു.

നിർമൽ പാലാഴിയുടെ വാക്കുകൾ:

മക്കൾ...കാറിൽ എന്തേലും തിരക്കിട്ട യാത്രയിൽ പോവുമ്പോൾ, കുറുകെ ഒരു പട്ടികുഞ്ഞോ പൂച്ചകുഞ്ഞോ പോയാൽ വണ്ടി നിർത്തി അവർ പോവുന്ന വരേ നോക്കി നിൽക്കും. കാരണം നമ്മുടെ കുഞ്ഞുങ്ങൾ പിച്ചവച്ചു പോവുന്നപോലെ തോന്നും അതുകണ്ടാൽ.

മോൻ നഴ്‌സറിയിൽ പഠിക്കുമ്പോൾ അവനെ മാന്തിയതിന്റെ പേരിൽ അത് ചോദിക്കാൻ പോയിട്ടുണ്ട്. ഭാര്യവീട്ടിൽ കുഞ്ഞുങ്ങൾ കളിക്കുമ്പോൾ അറിയാതെ പറ്റിപോയ ചെറിയ പരുക്കുകൾക്ക് ഭയങ്കര പ്രശ്നക്കാരൻ ആയിട്ടുണ്ട്. പത്രത്തിൽ വായിക്കുന്ന റാഗിങ് ന്യൂസ്‌കൾ വായിച്ചു എൽകെജി പഠിക്കുന്ന മോനെ ഓർത്ത് ടെൻഷൻ അടിച്ച് ഭ്രാന്തായിട്ടുണ്ട്. 

അപകടം പറ്റിയപ്പോൾ മരണം സംഭവിക്കാതെ തിരിച്ചു വന്നപ്പോൾ ഓർത്തതും മകനെ കുറിച്ചായിരുന്നു. അഥവാ ഞാൻ അന്ന് മരിച്ചു പോയിരുന്നേൽ എന്റെ മോൻ ഒരു കാഴ്ചക്കാരൻ ആയി നോക്കി നിൽക്കേണ്ടി വരില്ലായിരുന്നോ.. അവന്റെ അച്ഛന്റെ യാത്ര, മറ്റുള്ള കുട്ടികൾക്ക് അച്ഛന്മാർ സ്നേഹപൂർവം വാങ്ങി കൊടുക്കുന്ന കളിപ്പാട്ടങ്ങൾ, മുട്ടായികൾ, കുപ്പായങ്ങൾ,പുസ്തകങ്ങൾ...അങ്ങനെ അങ്ങനെ എല്ലാം ഒരു അച്ഛനോട് പറയുന്ന സ്വാതന്ത്രത്തിൽ ആരോട് പറയുവാൻ കഴിയും.

ഒരുപക്ഷേ ഭാര്യയ്ക്ക് വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധം കൊണ്ടോ അവർക്ക് വേറെ ഒരു ജീവിതം വേണം എന്ന ആഗ്രഹം കൊണ്ടോ വേറെ ഒരു വിവാഹം കഴിക്കാം. പക്ഷേ നമ്മളെ മക്കളെ നമ്മൾ നോക്കുമ്പോലെ വേറെ ഒരാൾക്കും സ്നേഹിക്കാൻ കഴിയില്ല.

മറ്റ് എന്തിനേക്കാൾ തകർത്തു പോയിട്ടുണ്ട് പല വാർത്തകളും കേൾക്കുമ്പോൾ. തൊടുപുഴയിലെ അച്ഛൻ മരിച്ചപ്പോൾ അമ്മയുടെ രഹസ്യ കാമുകന്റെ പീഡനം കൊണ്ടു മരിച്ച ആ കുഞ്ഞു മോൻ, കാമുകന്റെ കൂടെ ജീവിക്കുവാൻ ഉള്ള ആഗ്രഹം കൊണ്ട് കടൽ ഭിത്തിയിൽ ഒരു ജീവൻ ഒടുങ്ങിയ കുഞ്ഞു മോൾ...അങ്ങനെ അങ്ങനെ നമ്മുടെ കേരളത്തിലും പുറത്തും ആയി എത്രയെത്ര കുഞ്ഞുങ്ങൾ.

ഞാൻ ഉൾപ്പെടെ എന്റെ കുട്ടികാലത്ത് ജീവിച്ചവർ ഒരു മുട്ടായിക്കു വേണ്ടി കൊതിച്ചിട്ടുണ്ട്, അടുത്ത വീട്ടിലെ കുട്ടികൾ ഇടുന്ന വിലകൂടിയ നല്ല മണമുള്ള കുപ്പായത്തിന് കൊതിച്ചിട്ടുണ്ട്, കളിപാട്ടങ്ങൾക്ക് കൊതിച്ചിട്ടുണ്ട്, കുടുംബക്കാർ ഒഴിവാക്കിയ പുസ്തകത്തിനും മൂഡ് കീറാത്ത ട്രൗസറിനും വേണ്ടി കാത്ത് നിന്നിട്ടുണ്ട്. കുടുക്ക് ഇല്ലാത്ത ട്രൗസർ കുടുക്ക് ഇടുന്ന ആ ഓട്ടയിലൂടെ വലിച്ച് അരയിലേക്ക് കുത്തി സ്കൂളിൽ പോയിട്ടുണ്ട്, സ്കൂളിലെ കഞ്ഞിയും ചെറുപയറും പള്ളനിറച്ചും കഴിച്ചിട്ടുണ്ട്, സ്കൂൾ വിട്ട് വരുമ്പോൾ ചായപീടികയിലെ ഉള്ളിവട ഉണ്ടാക്കുന്ന മണം വായേൽ വെള്ളം നിറയ്ക്കും. വാങ്ങാൻ 1 രൂപ ഇല്ലാതെ വീട്ടിൽ പോയിട്ടുണ്ട്.

എന്റെ സുഹൃത്ത് പറഞ്ഞ ഒരു കഥ ഉണ്ട്  അവന്റെ വീട്ടിൽ 12 അംഗങ്ങൾ ഉണ്ട്. വായിച്ചി (ഉപ്പ) ഒരു പാക്കറ്റ്‌ റൊട്ടി വാങ്ങിയാൽ പൊട്ടിച്ചു മേലേക്ക് ഏറിയും കിട്ടുനോർക്ക് എടുക്കാം. ഇപ്പൊ അതൊരു തമാശ കഥ ആയിരിക്കാം. പക്ഷേ എന്റെ ഓർമ്മയിലെ ദാരിദ്ര്യത്തിന്റെ എക്സ്ട്രീം ആണ് അതൊക്കെ.

ഇങ്ങനെയൊക്കെ ജീവിച്ചിട്ടും നമ്മൾ നമ്മുടെ മക്കൾക്ക് ആ ഗതി വരുത്താതെ നോക്കാറുണ്ട്. അത് ദിവസ കൂലി ചെയ്യുന്നവൻ ആയാലും ആരായാലും.അതിന്റെ കാരണം ഒരുപക്ഷേ ഈ വഴിയിലൂടെ ഞാൻ ഉൾപ്പടെ ഉള്ള കൊറേ.. കൊറേ.. ആളുകൾ യാത്ര ചെയ്തതുകൊണ്ട് ആയിരിക്കും. മക്കൾ ആണ് എല്ലാം.... മക്കൾക്ക് വേണ്ടിയാണ് എല്ലാം ....അല്ലെ..?

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...