‘കാമുകിയെക്കുറിച്ചോർത്ത് സങ്കടപ്പെട്ടത് ഒരു മണിക്കൂർ’; ആദ്യ ലവ്വും തേപ്പും; വിഡിയോ

vidhuprathap-singer
SHARE

ആദ്യ പ്രണയം ആർക്കും മറക്കാനാകില്ല. എല്ലാക്കാലത്തും ഓർമയിൽ സൂക്ഷിക്കാവുന്നതായിരിക്കും ആദ്യ പ്രേമം. അത് തകർന്നാലും വിജയിച്ചാലും മറക്കാനാകില്ല. 

തന്റെ ആദ്യ പ്രണയത്തിന്റെ ഓർമകൾ പങ്കു വക്കുകയാണ് ഗായകൻ വിധു പ്രതാപ്. മഴവിൽ മനോരമയിലെ ജനപ്രിയപരിപാടിയായ സൂപ്പർ 4ന്റെ വേദിയില്‍‌ വച്ചാണ് വിധു ആദ്യാനുരാഗത്തിന്റെ അനുഭവം വിവരിച്ചത്. 

ആദ്യപ്രണയത്തിന്റെ ഓർമകൾ പങ്കുവച്ച് ഗായകൻ വിധു പ്രതാപ്. പ്രീഡിഗ്രി പഠനകാലത്ത് ജൂനിയർ ആയി പഠിച്ച ഒരു പെൺകുട്ടിയുമായാണ് വിധു പ്രണയത്തിലായത്. പക്ഷേ പഠനം കഴിഞ്ഞിറങ്ങിയ സമയത്ത് ആ പെൺകുട്ടി മറ്റൊരാളെ ഇഷ്ടപ്പെടുകയും തന്നെ ഉപേക്ഷിച്ചു പോവുകയും ചെയ്തു എന്നു വിധു വെളിപ്പെടുത്തി. തന്റെ ജീവിതത്തിലെ ആദ്യ പ്രണയവും തേപ്പും അതായിരുന്നു എന്നും വിധു രസകരമായി പറഞ്ഞു

‘ആദ്യ പ്രണയം എല്ലാവർക്കും വളരെ അമൂല്യവും പരിശുദ്ധവമൊക്കെ ആയിരിക്കുമല്ലോ. എന്റേതും മനോഹരമായ പ്രണയമായിരുന്നു. പത്താം ക്ലാസ് വരെ ബോയ്സ് സ്കൂളിൽ ആണ് ഞാൻ പഠിച്ചത്. പ്രീഡിഗ്രി കാലമെത്തിയതോടെ മിക്സഡ് കോളജിൽ ചേർന്നു. അവിടെ വച്ചാണ് ആദ്യാനുരാഗം തളിരിട്ടത്. ഞാൻ പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയും അവൾ ആദ്യവർഷ വിദ്യാർഥിയുമായിരുന്നു. അങ്ങനെ ഞങ്ങൾ കുറച്ചുകാലം പ്രണയിച്ചു. പക്ഷേ ഞാൻ പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രിക്കു ചേരുന്നതിന്റെ ഇടയിലുള്ള സമയത്ത് മറ്റൊരുത്തനുമായി അവൾ ഇഷ്ടത്തിലായി. എപ്പോഴും അവൾക്കൊപ്പം നടന്നിരുന്ന ഒരു പയ്യൻ തന്നെയായിരുന്നു അത്. അങ്ങനെ അവൾ എന്നെ ഉപേക്ഷിച്ച് അവനൊപ്പം പോയി’.– വിധു പ്രതാപ് രസകരമായി പറഞ്ഞു. 

പ്രണയം പരാജയപ്പെട്ടപ്പോൾ വിഷമം തോന്നിയില്ലേ എന്ന ചോദ്യത്തിന് ഒരു മണിക്കൂർ മാത്രമേ വിഷമിച്ചിരുന്നുള്ളു എന്നായിരുന്നു വിധുവിന്റെ നർമം കലർന്ന മറുപടി. വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ വാടകയ്ക്കു താമസിക്കാൻ പുതിയ ആളുകൾ വരികയും അക്കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടിയെക്കണ്ടപ്പോൾ പഴയ സങ്കടം എല്ലാം മാറിയെന്നും വിധു പറഞ്ഞത് വേദിയെ വീണ്ടും ചിരിപ്പിച്ചു. ആദ്യമായി പ്രണയിച്ച പെൺകുട്ടിയ്ക്കിഷ്ടപ്പെട്ട ‘ഓ പ്രിയേ...’ എന്ന പാട്ടു കൂടി പാടിയാണ് വിധു പ്രണയാനുഭവ വിവരണം അവസാനിപ്പിച്ചത്. ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തില്‍ ഔസേപ്പച്ചന്റെ സംഗീതത്തിൽ കെ.ജെ. യേശുദാസ് ആലപിച്ച ഗാനമാണിത്. എസ്.രമേശൻ നായർ ആണ് പാട്ടിനു വരികൾ കുറിച്ചത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...