ജോർജ്ജുകുട്ടിയോട് ആന്റോ സംസാരിച്ചത് പ്രീസ്റ്റിനെ കുറിച്ചോ? ആ കോളിന് പിന്നിൽ

mohanlal-anto
SHARE

മലയാള സിനിമാ ആസ്വാദകരിൽ ഭൂരിഭാഗവും ഇന്ന് മൊബൈൽ ഫോണിലേക്കു കണ്ണു നട്ടിരിക്കുകയാണ്. കാത്തിരുന്ന ദൃശ്യം 2 കാണാൻ. മികച്ച പ്രതികരണവുമായി ഒടിടി പ്ളാറ്റുഫോമിൽ ചിത്രം നോൺസ്റ്റോപ്പായി കളിക്കുകയാണ്. സൂപ്പർതാരത്തിനും മുകളിൽ തലയുയർത്തി തിരക്കഥ എന്ന നായകൻ വിലസിയപ്പോൾ ആരാധകർക്കു മനസു നിറഞ്ഞു. ആദ്യ ഭാഗം പോലെ തന്നെ തുടക്കം മുതൽ ചില കൗതുകങ്ങളും ദൃശ്യം 2 ൽ സംവിധായകൻ ഒരുക്കിയിരിക്കുന്നു. 

അതിലൊന്നാണ് നിർമാതാവ് ആന്റോ ജോസഫിന്റെ അതിഥി വേഷം. ഒരു ഫോൺ കോളായാണ് ആന്റോ ജോസഫ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ സാന്നിധ്യം അറിയിക്കുന്നത്. ഏഴു വർഷത്തിനു ശേഷം പ്രേക്ഷകർ ജോർജ്ജുകുട്ടിയെ വെള്ളിത്തിരയിൽ കാണുമ്പോൾ ആ കാഴ്ചയിലേക്ക് പ്രേക്ഷകരെ കൊണ്ടു പോകാനുള്ള നിയോഗം ഒരു ഫോൺ കോളിലൂടെ നിർവഹിക്കുന്നത് ആന്റോ ജോസഫാണ്. 

തിയറ്റർ ഉടമയായ ജോർജ്ജുകുട്ടിയോട് ഒരു മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി വച്ചെന്നാണ് നിർമാതാവായ ആന്റോ ജോസഫ് അറിയിക്കുന്നത്. മമ്മൂട്ടി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രീസ്റ്റിന്റെ റിലീസിനെ സംബന്ധിച്ചായിരുന്നോ ജോർജ്ജുകുട്ടിയുമായുള്ള ഈ ഫോൺ സംഭാഷണമെന്നാണ് സിനിമാപ്രേമികളുടെ ഇടയിൽ നിന്നുയരുന്ന രസകരമായ ചോദ്യം. "പ്രേക്ഷകരുടെ ആ സംശയം അങ്ങനെ തന്നെ ഇരിക്കട്ടെ," എന്നാണ് ഈ ചോദ്യത്തിന് ആന്റോ ജോസഫിന്റെ പുഞ്ചിരി നിറഞ്ഞ മറുപടി. 

നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ മിസ്റ്ററി ത്രില്ലർ ചിത്രം ദി പ്രീസ്റ്റ് മാർച്ച് നാലിനാണ് റിലീസ് ചെയ്യുന്നത്. ആന്റോ ജോസഫും ബി.ഉണ്ണികൃഷ്ണനും ചേർന്നാണ് സിനിമ നിർമിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ സൂപ്പർസ്റ്റാർ ചിത്രം കൂടിയാണ് ഇത്. തീയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരിച്ചെത്തിക്കുന്നതിന് ഇത്തരം സിനിമകൾ സഹായകരമാകുമെന്നാണ് പ്രതീക്ഷ. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...