'ആ പാട്ടിൽ ബിജിയേട്ടന്റെ നോവുമുണ്ട്'; 'ആകാശമായവളേ'യുടെ ഉടമ ഇതാ: അഭിമുഖം

nidheesh-23
SHARE

കാശമായവളേ..' കേട്ടവരുടെ ചുണ്ടിൽ നിന്ന് പാട്ടൊഴിയുന്നില്ല  കണ്ണിൽ നിന്ന് കണ്ണീരും. പാട്ട് തീരുമ്പോൾ ശൂന്യമായി പോകുന്ന മനസോടെയല്ലാതെ തിയറ്റർ വിടാനും നിങ്ങൾക്ക് കഴിയില്ല. അത്രമേൽ ആഴത്തിൽ പതിയുകയാണ് വെള്ളത്തിലെ ' ആകാശമായവളേ അകലെപ്പറന്നവളേ എന്ന പാട്ട്. പാട്ട് വന്ന വഴിയെ കുറിച്ച്, റിക്കോർഡിങ് കഴിഞ്ഞുള്ള ഒരു വർഷം നീണ്ട കാത്തിരിപ്പിനെ കുറിച്ചെല്ലാം ആ മനോഹര വരികളെഴുതിയ നിധീഷ് നടേരി എന്ന യുവ പാട്ടെഴുത്തുകാരൻ മനോരമ ന്യൂസ്ഡോട്ട്.കോമിനോട് പറയുന്നു.

കാത്തിരിപ്പിനൊടുവിലെത്തിയ സന്തോഷം....

സന്തോഷം കൊണ്ട് വല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ. പാട്ടെഴുതി റെക്കോർഡിങ് കഴിഞ്ഞിട്ട് ഒരു വർഷത്തിന് മേലെ ആയി. വെള്ളത്തിന്റെ സെറ്റിൽ എല്ലാവരും അന്നേ കേൾക്കുന്നുണ്ടായിരുന്നു. പാട്ട് ആളുകളുടെ ഹൃദയത്തിലിടം പിടിക്കുമെന്ന്  ക്യാമറ ചെയ്ത റോബിയും പ്രജേഷ്ഭായ്​യും അന്നേ പറഞ്ഞിരുന്നു. പക്ഷേ സിനിമയല്ലേ, പാട്ടല്ലേ.. ഏത് ലെവലിൽ കയറുമെന്ന് അറിയില്ലല്ലോ. ആകാംക്ഷയും സന്തോഷവുമെല്ലാം ഉള്ളിലടക്കി കാത്തിരുന്നു. തിയേറ്ററിൽ പാട്ട് ദൃശ്യങ്ങൾക്കൊപ്പം കണ്ടപ്പോൾ ഉള്ള് നിറയെ സന്തോഷം. സുധീഷ് മാഷിനും(വി ആർ സുധീഷ്) അനിതേച്ചിക്കും(അനിത സത്യൻ) കൂട്ടുകാർക്കുമെല്ലാമൊപ്പമാണ് സിനിമ കണ്ടത്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ്.

'വെള്ള'ത്തിലലിഞ്ഞതിങ്ങനെ....

കോഴിക്കോട് വരയ്ക്കൽ ബീച്ചിലെ തട്ടുകടയിലിരുന്ന് പ്രജേഷ് ഭായി   വെള്ളം മുരളിയുടെ കഥ പറഞ്ഞു തന്നു. പാട്ടിന്റെ സന്ദർഭം വിശദീകരിച്ചു.  കേട്ടാൽ ആർക്കും എഴുതാൻ ആഗ്രഹം തോന്നുന്ന രംഗമാണ്. അന്ന് രാത്രി തന്നെ വീട്ടിലെത്തി നാലുവരി എഴുതി.. 

'ആകാശമായവളേ

അകലെപ്പറന്നവളേ

ചിറകായിരുന്നല്ലോ നീ

അറിയാതെ പോയന്നു ഞാൻ'... പ്രജേഷ് ഭായിക്ക് ഞാനിത് അയച്ചു കൊടുത്തു. അദ്ദേഹം നോക്കാം എന്ന് പറഞ്ഞു. ബിജിയേട്ടനാണ് സംഗീതം. അദ്ദേഹം എങ്ങനെയാണ് ചെയ്യുന്നതെന്ന് അറിയില്ല. എറണാകുളത്ത് കാണാം എന്ന് പറഞ്ഞു. ആ കൂടിക്കാഴ്ചയ്ക്കൊടുവിൽ പാട്ട് രൂപപ്പെട്ടു.

ആ പാട്ടിൽ ബിജിയേട്ടനുണ്ട്, ഞാനുണ്ട്..

ആദ്യമായി ബോധിയിലെത്തുമ്പോഴാണ് ബിജിയേട്ടനെ( ബിജിപാൽ) കാണുന്നത്. ഒരുപാട് പാട്ടുകൾ മനസിൽ കൊണ്ട് നടന്ന് ആരാധിക്കുന്ന മനുഷ്യനെ ആദ്യമായി കാണുമ്പോഴുള്ള വെപ്രാളമുണ്ട്. എഴുതിവച്ചത് കാണിക്കാൻ പറഞ്ഞു. അത് നോക്കിയിട്ട് അങ്ങനെ തന്നെ കുറച്ച് കൂടി എഴുതാമോ എന്ന് ചോദിച്ചു. എന്നിട്ട് തുടങ്ങാമെന്ന് പറഞ്ഞു. ബാക്കിയെഴുതി നൽകി. കുറേ നേരം ആരുമൊന്നും മിണ്ടിയില്ല. ആ മൗനം മുറിച്ച് ബിജിയേട്ടൻ മെല്ലെ മൂളിത്തുടങ്ങി. അപ്പോ തന്നെ പാട്ട് സെറ്റാണെന്ന് പ്രജേഷ്ഭായിയുടെ മുഖത്തുണ്ട്. ഷഹബാസ് അമനാണ് പാടുന്നതെന്ന് കൂടി അറിഞ്ഞപ്പോൾ സന്തോഷം ഇരട്ടിയായി.

ഈ പാട്ടെഴുതുമ്പോൾ പലയിടത്തും ബിജിയേട്ടൻ എന്റെ മനസിൽ വന്നിട്ടുണ്ട്. ബിജിയേട്ടന്റെ വേദന അറിയാവുന്നത് കൊണ്ട് കൂടിയാകും പാട്ടിലതുണ്ട്. അതിനൊപ്പം എന്റെ പ്രണയവും ഇഷ്ടവുമെല്ലാം വരികളിലുണ്ട്. പ്രണയ വിവാഹമായിരുന്നു എന്റേത്. പാട്ടിലെ സാഹചര്യം സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടാണെങ്കിലും അവളില്ലായിരുന്നെങ്കിൽ ഞാനെന്ത് ചെയ്തേനെയെന്ന്  കൂടി ആലോചിച്ച് പോയിട്ടുണ്ട് ഇതെഴുതുമ്പോൾ. ആ പാട്ടിൽ ബിജിയേട്ടന്റെ വിഷമമുണ്ട്, ഞാനുണ്ട്.

റോബിയുടെ ക്യാമറ

പാട്ടിനെ ദൃശ്യം കൊണ്ട് മനോഹരമാക്കിയത് റോബിയാണ്. തിയറ്ററിൽ സിനിമ കാണുന്നവർക്ക് അത്രയേറെ ആ പാട്ട് പതിയുന്നുണ്ടെങ്കിൽ അത് റോബിയുടെ കഴിവ് കൂടിയാണ്. ഏറ്റവും നന്നായി അത് പകർത്തുമെന്ന് റോബി പറഞ്ഞിരുന്നതായി പിന്നീടാണ് ഞാൻ അറിഞ്ഞത്.

സിനിമയിലേക്ക് കൈ തന്ന സൗഹൃദം

പ്രജേഷ് സെൻ എന്ന സൗഹൃദമാണ് സിനിമയിലേക്ക് അടുപ്പിച്ചത്. 'മാധ്യമം' കാലത്തുള്ള സൗഹൃദമാണത്. എപ്പോൾ കണ്ടാലും സിനിമയെ കുറിച്ച് മാത്രം സംസാരിക്കുന്ന ഒരു പിടി ചങ്ങാതിമാരുണ്ടായിരുന്നു എനിക്ക്. ഭാവി പ്രൊജക്ടും സ്വപ്നങ്ങളും പറഞ്ഞിരുന്ന സംഘം. അക്കാലത്ത് ലോഹിതദാസ് സ്ക്രിപ്റ്റ് മൽസരത്തിൽ രണ്ടാം സ്ഥാനം കിട്ടി. അതോടെ സിനിമ കുറച്ച് കൂടി ഗൗരവമായി മാറി. പിന്നീട് പല വഴിക്ക് എല്ലാവരും പിരിഞ്ഞു. പക്ഷേ 'ഫുക്രി' ചെയ്യുന്നതിനിടയിൽ 'ക്യാപ്റ്റൻ' പ്രോജക്ടിലേക്ക് എത്തി. ആ സന്തോഷം പറയുന്നതിനിടയിൽ സ്ക്രിപ്റ്റ് അസിസ്റ്റ് ചെയ്യാൻ ഒപ്പമുണ്ടാകണമെന്ന് പ്രജേഷ് ഭായ് ആവശ്യപ്പെട്ടു. അങ്ങനെ സിനിമയിലെത്തി. രസകരമായ എഴുത്തോർമയായിരുന്നു അത്.

ആദ്യ പാട്ടിന്റെ സങ്കടം തീർത്ത് 'വെള്ളം'

കോഴിക്കോട് ബീച്ചിലിരിക്കുമ്പോഴാണ് ഒരു ദിവസം വിശ്വജിത്തിന്റെ മ്യൂസിക് കേൾപ്പിച്ച് തന്നിട്ട് വരികളെഴുതി നോക്കാൻ പറഞ്ഞത്. നന്നായാൽ മാത്രം ഉപയോഗിക്കാമെന്ന് പറഞ്ഞു. പാട്ടുപെട്ടീ..ലന്ന് നമ്മൾ കേട്ട് കേട്ടൊരീണം' എന്ന പാട്ട് പിറന്നു. കേട്ടവർക്കെല്ലാം ഇഷ്ടപ്പെട്ടു. ജയചന്ദ്രൻമാഷെ പോലൊരു മഹാനായ ഗായകൻ അത് പാടി. വിശ്വസിക്കാൻ കഴിയാത്ത നിമിഷമായിരുന്നു അത്. പക്ഷേ ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ആ പാട്ട് ഉപയോഗിക്കാൻ കഴിഞ്ഞില്ല. ആ വിഷമം തീർത്ത് 'വെള്ള'ത്തിൽ നാല് പാട്ടാണ് തന്നത്. 

പാട്ടെഴുത്തുവഴി

അച്ഛൻ നടേരി ഗംഗാധരൻ കവിയായിരുന്നു. വിപ്ലവ ഗാനങ്ങൾ പാർട്ടിക്ക് വേണ്ടി ധാരാളം എഴുതിയിട്ടുണ്ട്. എഴുത്ത് ഉള്ളിലെവിടെയോ കിടപ്പുണ്ടായിരുന്നു. പത്തിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. ഇളയച്ഛൻമാരും സംഗീതാധ്യാപകരായിരുന്നു. അവർക്ക് ലളിതഗാനമെഴുതാൻ എന്നെ പലപ്പോഴും ഏൽപ്പിച്ചിരുന്നു. പിന്നീട് ഡിഗ്രിക്കാലത്ത് ആകാശവാണിയിലേക്ക് ലളിതഗാനങ്ങൾ എഴുതി അയച്ചു. വല്ലപ്പോഴും ആകാശവാണിയിൽ നിന്ന് വന്നിരുന്ന ചെക്കുകൾ സന്തോഷമായിരുന്നു. പാട്ടെഴുത്ത് സ്വപ്നം കണ്ടിരുന്നില്ലെങ്കിലും തീവ്രമായി ആഗ്രഹിച്ചിരുന്നു. ചലച്ചിത്ര ഗാനരചന ഗിരീഷ് പുത്തഞ്ചേരിയെന്നൊക്കെ ചെറുപ്പത്തിൽ റേഡിയോയിലും മറ്റും കേൾക്കുമ്പോൾ എപ്പോഴെങ്കിലും ഒരു പാട്ടായെങ്കിലും സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ, നടക്കാത്ത സ്വപ്നമായിരുന്നു.. സിനിമ ഇത്ര അടുത്താണെന്ന് വിചാരിച്ചിരുന്നില്ല.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...