‘മണിച്ചേട്ടന്റെ വീടിനു മുകളിൽ അദൃശ്യന്‍’; യു ട്യൂബര്‍മാരോട് അപേക്ഷിച്ച് സഹോദരന്‍

kalabhavan-mani-home.jpg.image.845.440
SHARE

കലാഭവൻ മണിയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ വിഡിയോ ചെയ്യുന്ന ബ്ലോഗർമാർക്കെതിരെ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ.  മണിച്ചേട്ടന്റെ ജീവിതം പറയുന്ന ചില യുട്യൂബ് ചാനലുകാരുടെ അസത്യമായ അവതരണങ്ങൾ അസഹ്യമായി തുടങ്ങിയിരിക്കുന്നുവെന്ന് രാമകൃഷ്ണൻ പറയുന്നു. മണിച്ചേട്ടന്റെ വീട് കാണാൻ വന്നതാണ് എന്ന വ്യാജേന ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് അനാവശ്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ആർ.എൽ.വി. രാമകൃഷ്ണന്റെ വാക്കുകൾ:

കോവിഡ് കാലഘട്ടത്തിൽ ബ്ലോഗ് ചെയ്യുന്നവരുടെ എണ്ണം കൂടി. അതിൽ തന്നെ ഒരുപാട് ആളുകൾ, മണിച്ചേട്ടന്റെ വീടും നാടും തേടി ചാലക്കുടിയിൽ എത്തുന്നുണ്ട്. എന്നാൽ സത്യസന്ധമായ കാര്യങ്ങൾ അറിഞ്ഞല്ല പലരും ഇവിടെ വ്ലോഗ് അവതരിപ്പിക്കുന്നത്. മണിച്ചേട്ടന്റെ ഓട്ടോറിക്ഷയെക്കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞിരുന്നു. അത് മണിച്ചേട്ടന്റെ ഓട്ടോറിക്ഷ അല്ല എന്നുള്ളത് ആദ്യം നിങ്ങൾ മനസിലാക്കുക. മണിച്ചേട്ടൻ, ഞങ്ങളുടെ മൂത്തസഹോദരൻ വേലായുധൻ ചേട്ടന്റെ മകനു വേണ്ടി വാങ്ങിക്കൊടുത്ത വണ്ടിയാണ്. നൂറ് എന്ന നമ്പറിലാണ് ആ വണ്ടി റജിസ്റ്റർ െചയ്തിരിക്കുന്നത്. മണിച്ചേട്ടൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷകൾ ലാംബെർട്ടാ ഓട്ടോറിക്ഷകളാണ്. ആ ഓട്ടോറിക്ഷകൾ ഇന്ന് ഇല്ല. ആ കാലം ഏതായിരുന്നുവെന്ന് ഒന്നു ചിന്തിച്ചാൽ തന്നെ നിങ്ങള്‍ക്കു മനസിലാകും.

ഇവിടെ ഒരു കാരവാൻ കിടപ്പുണ്ട്. അത് തമിഴ്നാട് റജിസ്ട്രേഷന്‍ ആണ്. പ്രളയത്തിൽ മുങ്ങിപ്പോയതിനാൽ അത് ഉപയോഗശൂന്യമായി. മറ്റ് കാര്യങ്ങൾ പടിപടിയായി ചെയ്ത് വരാനുള്ള സാഹചര്യം, അത് ഞങ്ങളുടെ സാമ്പത്തികഭദ്രത പോലെയാണ് ചെയ്യാൻ സാധിക്കുക. അതിനപ്പുറത്തേയ്ക്ക് ആ വണ്ടിക്കുള്ളിൽ നുഴഞ്ഞ് കയറി, ഇവിടെ എല്ലാം നശിച്ചുപോയി, തകർന്നുപോയി എന്നൊക്കെ പറഞ്ഞ് ഞങ്ങളെ മാനസികമായി വിഷമിപ്പിക്കുന്ന ചില വിഡിയോകൾ കണ്ടു.

ഈ അടുത്ത് വേറൊരു വിഡിയോ വന്നു. മണിച്ചേട്ടന്റെ വീടിനു മുകളിൽ നിന്നും അദൃശ്യനായ ഒരാൾ നോക്കുന്നു, എന്നു പറഞ്ഞൊരു വിഡിയോ. ഇതൊക്കെ വളരെ വിഷമം ഉണ്ടാക്കുന്നതാണ്. ആ വിഡിയോ കണ്ടാൽ മനസിലാകും, ആ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ മുകളിൽ ഇരിക്കുന്ന വ്യക്തിയാണത്. എന്നിട്ടും ഈ വീട്ടിൽ ആരൊക്കെയോ ഉണ്ടെന്ന തരത്തിൽ കുപ്രചരണം നടത്തുകയാണ് ഇക്കൂട്ടർ. ദയവ് ചെയ്ത് ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം. ഇത്തരത്തിലുള്ള കുപ്രചരണങ്ങൾ ചെയ്ത് അവരുടെ വിഡിയോയ്ക്ക് കാഴ്ചക്കാരെ കൂട്ടുക എന്നതാണ് ഉദ്ദേശം.

മണിച്ചേട്ടൻ നാടൻപാട്ടുകൾ പഠിച്ചത് തൊട്ടടുത്തുളള ചേട്ടനിൽ നിന്നാണെന്നൊക്കെ വ്ലോഗ് കണ്ടു. മണിച്ചേട്ടൻ ഇന്നേവരെ ആരുടെ അടുത്തു നിന്നും നാടൻ പാട്ടുകൾ പഠിച്ചിട്ടില്ല. പലരെയും അനുകരിച്ച് പാട്ട് പാടിയിട്ടുണ്ട്. ഞാനും മണിച്ചേട്ടനും തമ്മിൽ അഞ്ച് വയസ് വ്യത്യാസമുണ്ട്. ഞങ്ങളുടെ അറിവിൽ അദ്ദേഹം ആരുടെ അടുത്തും പാട്ടുപഠിക്കാൻ പോയിട്ടില്ല. ഇത്തരത്തിലുള്ള വ്യാജമായ പ്രചരണങ്ങൾ യുട്യൂബിലെ വരുന്നുണ്ട് എന്നത് നിങ്ങൾ അറിയണം. ചൂടപ്പം പോലെ വിഡിയോ വിറ്റഴിക്കാൻ അസത്യം വിളമ്പുകയാണ് ഇവർ. ഇതൊരു വല്ലാത്ത വിഷമമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിച്ചാൽ അവർ ഞങ്ങൾക്കെതിരെയാകും. 

പ്രിയ നടന്റെ നാടും വീടും കാണാൻ വരുന്നുവർ വരിക. പക്ഷേ അനാവശ്യങ്ങൾ പ്രചരിപ്പിക്കരുത്. കാലിൽ വീണ് ഞങ്ങൾ അപേക്ഷിക്കുകയാണ്. നിങ്ങൾ സത്യസന്ധമായ കാര്യങ്ങൾ അവതരിപ്പിക്കൂ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...