കുതിപ്പിന് മലയാള സിനിമ; മാര്‍ച്ച് വരെ 20 സിനിമകള്‍; റിലീസ് ഡേറ്റുകള്‍ ഇതാ

movie-release
SHARE

കോവിഡ് തളർത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണ്. വിജയ് ചിത്രം 'മാസ്റ്റർ' തിയറ്ററുകൾ തുറന്ന 13ന് സംസ്ഥാനത്തുണ്ടാക്കിയ തരംഗം വലിയ ആത്മവിശ്വാസമാണ് മലയാള സിനിമാമേഖലയ്ക്ക് നൽകിയത്. 'മാസ്റ്റർ' റിലീസ് ചെയ്ത ദിവസംതന്നെ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ആദ്യ മലയാള സിനിമയുടെ പ്രഖ്യാപനവുമുണ്ടായി. ജയസൂര്യ നായകനായ 'വെള്ളം'22ന് റിലീസ് ചെയ്യും. മാർച്ച് 22വരെ ഇരുപത് സിനിമകൾ റിലീസ് ചെയ്യാനാണ് തീരുമാനം.

'പ്രീസ്റ്റ്' എത്തുന്ന ഫെബ്രുവരി

മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്ന 'പ്രീസ്റ്റ്' ഫെബ്രുവരി നാലിനാണ് തിയറ്ററുകളിലെത്തുക. ജോഫിൻ ടി.ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. പ്രജേഷ് സെൻ  ജയസൂര്യയെ നായകനാക്കി ഒരുക്കിയ 'വെള്ളം' ഈ മാസം 22ന്  തിയറ്ററുകളിലെത്തും. തൊട്ടുപിന്നാലെ 29ന് രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്യുക. ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ലൗ', ആർ.ഉണ്ണിയുടെ എഴുത്തിൽ കാവ്യ പ്രകാശ് ഒരുക്കുന്ന 'വാങ്ക്' എന്നിവയാണത്. ഫെബ്രുവരി നാലിന് എത്തുന്ന പ്രീസ്റ്റിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെ മോഹൻകുമാർ ഫാൻസ് എത്തും. ഫെബ്രുവരി12ന് മൂന്ന് സിനിമകൾ റിലീസ് ചെയ്യും. അജു വർഗീസ് നായകനായ സാജൻ ബേക്കറി, വിനായകനും ബാലുവർഗീസും അഭിനയിക്കുന്ന 'ഓപ്പറേഷൻ ജാവ', അമിത് ചക്കാലയ്ക്കൽ നായകനായ 'യുവം' എന്നിവയാണ്. മരട് ഫ്ളാറ്റ് പൊളിക്കൽ പ്രമേയമാക്കിയ 'മരട് 357', വെളുത്ത മധുരം, വർത്തമാനം എന്നീ സിനിമകൾ ഫെബ്രുവരി 19ന് എത്തും. ഫെബ്രുവരി 26ന് നാല് സിനിമ കൂടി  തിയറ്ററിലെത്തും. 'സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ', 'അജഗജാന്തരം', ജയസൂര്യ നായകനായ 'സണ്ണി', 'ടോൾ ഫ്രി 1600 - 600 - 60 'എന്നിവയുടേതാണ് റിലീസ്.

മാർച്ചിലെ ‘മരയ്ക്കാർ’

മലയാള സിനിമയിലെ വലിയ പ്രഖ്യാപനമായ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' മാർച്ച് 26ന് തിയറ്ററുകളിൽ എത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ മാർച്ചിൽ അഞ്ച് സിനിമ കൂടി തിയറ്ററിലെത്തും. മാർച്ച് നാലിന് പൃഥ്വിരാജ് നായകനായ 'കോൾഡ് കേസ്' , കുഞ്ചാക്കോ ബോബനും നയൻ താരയും ഒന്നിക്കുന്ന 'നിഴൽ' എന്നിവയാണ് റിലീസ് ചെയ്യുക. മാർച്ച് 12ന് 'മൈ ഡിയർ മച്ചാൻസ്', 'ഈവ' , മാർച്ച് 21ന് 'സുനാമി' എന്നിവയും തിയറ്ററിലെത്തും.

പ്രതീക്ഷയും പ്രതിരോധവും ബോധ്യവും

പ്രേക്ഷകർ തിയറ്ററിലെത്തിയതും പുതിയ ചിത്രങ്ങൾക്ക് തീയതി കുറിച്ചതുമെല്ലാം സിനിമാവ്യവസായത്തിന് ആശ്വാസമാകുമ്പോഴും കോവിഡ് ഭീഷണി ഉയർത്തുന്ന വെല്ലുവിളി ആശങ്കയാകുന്നുമുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മുന്നോട്ടു പോയില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഗുരുതര സാഹചര്യം തിയറ്ററുടമകളുടെ സംഘടനയും ഫിലിം ചേംബറും അടക്കം സിനിമാപ്രവർത്തകരെയാകെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. തിയറ്ററുകളിൽ അമ്പതു ശതമാനം സീറ്റിലേക്ക് പ്രവേശനം ചുരുക്കി പിന്നീടത് നൂറു ശതമാനമാക്കി പുന:സ്ഥാപിക്കുകയും കോവിഡ് സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ അത് വീണ്ടും അമ്പതുശതമാനമാക്കി ചുരുക്കുകയും ചെയ്ത തമിഴ്നാട്ടിലെ സ്ഥിതിയും മലയാള സിനിമാമേഖലയ്ക്ക് മുന്നിലുണ്ട്. 

നിലവിലെ സാഹചര്യത്തിൽ  തീയതി കുറിച്ച് സിനിമകൾ ഓരോന്നും തിയറ്ററിലേക്ക് എത്തുമ്പോൾ അപ്രതീക്ഷിത കട്ട് പറഞ്ഞ് ഒരിക്കൽ നിലച്ചുപോയ വ്യവസായത്തിന് പ്രേക്ഷകന്റെ പിന്തുണ ഇന്ന് ഏറെ ആവശ്യവുമാണ്. സുരക്ഷിതമായ സാമൂഹിക അകലവും മാസ്കും സാനിറ്റൈസറുമൊക്കെ കൊട്ടകയിലെ കാഴ്ചയ്ക്ക് കരുതൽ മാനദണ്ഡങ്ങളാകുമ്പോൾ ആസ്വാദനം ആവേശത്തിന് വഴിമാറാതെയിരിക്കേണ്ടത് പ്രേക്ഷകന്റെയും ധർമമാണ്. സിനിമയിൽ മാത്രം കണ്ടു പരിചയിച്ച അങ്ങേയറ്റത്തെ അപ്രതീക്ഷിത ട്വിസ്റ്റിന് ഒടുവിലും നാം കാഴ്ചക്കാർ മാത്രമാണെന്നതാണ് കാലം നൽകുന്ന ബോധ്യം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...