പിണറായിക്ക് സ്നേഹം; താങ്ക് യൂ സർക്കാർ; നന്ദി പറഞ്ഞ് സിനിമാലോകം

stars-thank-pinarayi
SHARE

സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ പ്രശംസിച്ചും നന്ദി പറഞ്ഞും സിനിമാതാരങ്ങൾ. ‘മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ’ എന്നാണ് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 

‘താങ്ക് യൂ കേരളസർക്കാർ, എന്ന് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു. ‘ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നൽകുന്ന തീരുമാനങ്ങൾ കൈകൊണ്ട സംസ്ഥാന സർക്കാരിനും,പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിന്റെയും,ചലച്ചിത്ര മേഖലയുടെ ആകെത്തന്നെയും നന്ദി അറിയിക്കുന്നു’ എന്ന് ദിലീപ് കുറിച്ചു. 

'കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി പറയുന്നു'വെന്ന് റിമ കല്ലിങ്കൽ കുറിച്ചപ്പോൾ ‘വിനോദനികുതിയിലെ ഇളവുൾപ്പെടെ സിനിമാ മേഖലയ്ക്ക് ശക്തി പകരുന്ന തീരുമാനങ്ങൾ കൈക്കൊണ്ട സർക്കാരിനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും നന്ദി, തീയറ്ററുകളിൽ വീണ്ടും  കാഴ്ചവസന്തം വിടരട്ടെ’ എന്നാണ് മഞ്ജു വാര്യർ കുറിച്ചത്.  സിനിമാ സമൂഹത്തിലെ എല്ലാവരുടെയും കൂടെ ചേർന്ന് നിന്ന് ഞാനും  നമ്മുടെ ആരാധ്യനായ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നുവെന്ന് ടൊവീനോയും കുറിച്ചു.

‘വിനോദനികുതി മാർച്ച്‌ 31 വരെ ഒഴിവാക്കുകയും, തീയറ്ററുകളുടെ വൈദ്യുതിനിരക്കിലെ ഫിക്സഡ്‌ ചാർജ്ജ്‌ പകുതിയാക്കി കുറക്കുകയും, മറ്റ്‌ ഇളവുകൾ അനുവദിക്കുകയും ചെയ്തുകൊണ്ട്‌, മലയാള സിനിമക്ക്‌ പുതുജീവൻ നൽകിയ ബഹു: മുഖ്യമന്ത്രി സഖാവ്‌ പിണറായി വിജയന്‌ അഭിവാദ്യങ്ങൾ'' എന്ന് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി.ഉണ്ണികൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും നന്ദി പറയുന്നുവെന്ന് കു‍ഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്തു. പുതിയ ഇളവുകൾ‌ക്ക് സർക്കാരിനും മുഖ്യമന്ത്രിക്കും വലിയ നന്ദി എന്നാണ് നിവിൻ പോളിയുടെ പോസ്റ്റ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...