ഷക്കീലയുടെ ജീവിതത്തിലെ നായകനായി രാജീവ് പിള്ള; സിനിമ നാളെ; അഭിമുഖം

rajiv-shakeela-film
SHARE

ഇന്ത്യൻ സിനിമയിൽ സ്വന്തം പേര് കൊണ്ട് തന്റെ കാലഘട്ടം അടയാളപ്പെടുത്തിയ ഒട്ടേറെ സൂപ്പർ താരങ്ങളുണ്ട്. എന്നാൽ അക്കൂട്ടത്തിൽ എല്ലാക്കാലത്തും വേറിട്ട് നിൽക്കുന്ന, ആയിരം തവണ ചർച്ച ചെയ്താലും പിന്നെ പിന്നെയും വിഷയങ്ങൾ ബാക്കിയാവുന്ന പേരുകാരിൽ ഒരാളാണ് ഷക്കീല. നാളെ ക്രിസ്മസ് ദിനത്തിൽ ഷക്കീലയുടെ ജീവിതം പറയുന്ന ബോളിവുഡ് സിനിമ ജനങ്ങളിലേക്ക് എത്തുകയാണ്. കോവിഡ് പ്രതിസന്ധിയിലാണെങ്കിലും  രാജ്യമെങ്ങും 1500 തിയറ്ററുകളിൽ നാളെ സിനിമ റിലീസിനൊരുങ്ങുകയാണ്. ഉടൻ തന്നെ ഒടിടി ഫ്ലാറ്റ്ഫോമുകളിലും സിനിമ എത്തുമെന്നാണ് പ്രതീക്ഷ. 

ഷക്കീല എന്നു തന്നെ പേരിട്ടിരിക്കുന്ന സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നത് മലയാളി താരം രാജീവ് പിള്ളയാണ്. സിനിമാ ജീവിതത്തിലെ തന്നെ വേറിട്ട ആ കഥാപാത്രത്തെ കുറിച്ച് രാജീവ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

‘തൊണ്ണൂറുകളിൽ തെന്നിന്ത്യയെ ചൂടുപിടിച്ച താരമാണ് ഷക്കീല. ഇപ്പോഴും ആ പേര് കേട്ടാൽ മലയാളിക്ക് ഒരു മുഖമേ മനസിൽ വര‌ൂ. അത്രമാത്രം സ്വാധീനം അവരുടെ സിനിമകൾക്ക് മലയാളിക്ക് ഇടയിൽ ഉണ്ടായിരുന്നു. അന്ന് പൊന്നും വിലയുള്ള ഷക്കീലയുടെ ജീവിതവും പിന്നീട് സംഭവിച്ച കാര്യങ്ങളുമാണ് ഈ സിനിമ പറയുന്നത്. അതിൽ ഷക്കീലയുടെ ജീവിതത്തിലെ നായകന്റെ വേഷമാണ് എന്നെ തേടിയെത്തിയത്. ആ കഥാപാത്രത്തെ വെള്ളിത്തിരിയിൽ അവതരിപ്പിക്കാൻ ഭാഗ്യം ലഭിക്കുക എന്നത് തന്നെ വലിയ കാര്യമായി കാണുന്നു.’ ആവേശത്തോടെ തന്നെ രാജീവ് പറഞ്ഞു തുടങ്ങി.

പതിനാറാം വയസ്സിൽ ബി ഗ്രേഡ് സിനിമയിലേക്കെത്തിയ ഷക്കീലയുടെ ജീവിതവും തുടർന്ന് അവർക്ക് സംഭവിച്ച മാറ്റങ്ങളുമാണ് ഈ സിനിമ പറയുന്നത്. ഷക്കീലയുടെ യഥാർഥ ജീവിതത്തോട് ചേർത്തുപിടിക്കാവുന്ന സിനിമ തന്നെയാണ് ഇത്. 70 ശതമാനവും അവരുടെ സത്യസന്ധമായ ജീവിതം തന്നെയാണ് സിനിമ പറയുന്നത്. സിനിമയുടെ ഭാഗങ്ങൾ കണ്ട ശേഷം ഷക്കീല എന്നെ അഭിനന്ദിച്ചിരുന്നു. അവരുടെ ജീവിതത്തിൽ അത്രമാത്രം പ്രാധാന്യമുള്ള ഒരു മനുഷ്യനായിട്ടാണ് ഞാൻ എത്തുന്നത്.

കഥാപാത്രത്തിന്റെ പേര് അർജുൻ‌ എന്നാണ്. (ഷക്കീലയുടെ സിനിമാ ജീവിതത്തിനും മുൻപും ശേഷവുമെല്ലാം അവരെ ചേർത്ത് നിർത്തിയ കാമുകന്റെ യഥാർഥ പേര് ഇതല്ല). അവരുടെ യൗവത്തിൽ തന്നെ അവർക്ക് കൂട്ടായി നിന്ന ആൺസുഹൃത്താണ്. ആ കഥാപാത്രത്തെ കുറിച്ച് ഞാൻ ഷക്കീലയോട് ചോദിച്ചപ്പോൾ, അദ്ദേഹം ഇപ്പോഴും നല്ല സുഹൃത്തായി കൂടെയുണ്ടെന്നും ഫോൺ വിളിക്കാറുണ്ടെന്നും അവർ എന്നോട് പറഞ്ഞു. അവരുടെ ജീവിതകഥയിലെ നായക വേഷം തന്നെയാണ് ചെയ്യുന്നത് എന്നാലോചിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. അയാളോട് ഞാൻ അഭിനയിച്ച കഥാപാത്രം നീതി പുലർത്തി എന്ന് ഷക്കീല തന്നെ പറഞ്ഞപ്പോൾ അതിരട്ടിച്ചു.

എന്റെ മുൻ സിനിമകൾ കണ്ടുതന്നെയാണ് സംവിധായകൻ ഈ വേഷത്തിലേക്ക് വിളിച്ചത്. പല ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒടിടി ഫ്ലാറ്റ്ഫോമുകളിലെ സൂപ്പർതാരമാണ് ബോളിവുഡ് താരം റിച്ച ഛദ്ദ. അവരാണ് ഷക്കീലയായി എത്തുന്നത്. അതുകൊണ്ട് തന്നെ സിനിമ ഒടിടി ഫ്ലാറ്റ്ഫോമിലേക്ക് ഉടനെത്തും. കാരണം കേരളത്തിൽ അടക്കം തിയറ്ററുകൾ തുറന്നിട്ടില്ലല്ലോ. നാളെ സിനിമ എത്തും. ജനം അവരുടെ ജീവിതം അടുത്തറിയും. ഷക്കീല എന്ന നടിക്ക് അപ്പുറം അവരുടെ നല്ല മനസിനെ കൂടി വ്യക്തമാക്കുന്നതാവും ഈ സിനിമ.’ രാജീവ് പറഞ്ഞു.  

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിലാണ് ഷക്കീല ഇതിനോടകം വേഷമിട്ടിട്ടുണ്ട്. ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവരാണ് നിര്‍മിക്കുന്നത്. താര രാജാക്കന്മാരുടെ ആധിപത്യത്തിലും ഷക്കീല ചിത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യതയും ബോക്സ്ഓഫീസ് കലക്ഷനുമൊക്കെ സിനിമയിലും പ്രതിപാദിക്കുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...