10 വർഷം അവർ ജീവിച്ചത് ഒരുമിച്ച്, പ്രണയമാണെന്ന് അറിഞ്ഞില്ല; മകന്റെ വിവാഹത്തെക്കുറിച്ച് ഉദിത്

SHARE
udit-son-wedding

മകനും ഗായകനുമായ ആദിത്യ നാരായണന്റെ പ്രണയകഥ വെളിപ്പെടുത്തി ബോളിവുഡ് ഗായകൻ ഉദിത് നാരായണൻ. ആദിത്യയും അഭിനേത്രി ശ്വേത അഗർവാളും കഴിഞ്ഞയാഴ്ചയാണ് വിവാഹിതരായത്. പത്തു വർഷത്തെ നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നായതെന്ന് ഇപ്പോൾ ഉദിത് നാരായണൻ വ്യക്തമാക്കുന്നു. എന്നാൽ ഇവരുടെ പ്രണയബന്ധത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് ഗായകൻ ഇതിനു മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ദേശീയ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മകന്റെ പ്രണയ കഥ ഉദിത് നാരായണൻ തുറന്നു പറഞ്ഞത്. 

‘ആദിത്യനും ശ്വേതയും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒരുമിച്ചാണ് ജീവിക്കുന്നത്. എന്നാൽ അവർ പ്രണയത്തിലായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നു എന്നാണ് ഞാൻ കരുതിയത്. എപ്പോൾ മുതലാണ് അവർ പ്രണയിച്ചു തുടങ്ങിയതെന്നും എനിക്കറിയില്ല. പത്തു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇപ്പോൾ ഇരുവരും വിവാഹിതരായത്. പത്ത് വർഷമായി ലിവ് ഇൻ റിലേഷനിൽ ആയിരുന്നെങ്കിലും ഇപ്പോഴാണ് വിവാഹം നടത്താനുള്ള ഉചിതമായ സമയമെന്ന് എനിക്കു തോന്നി.

എനിക്ക് ആകെ ഒരു മകൻ മാത്രമേയുള്ളു. അവന്റെ വിവാഹം പ്രൗഢോജ്വലമായി നടത്തണമെന്നു തന്നെയായിരുന്നു എന്റെ ആഗ്രഹം. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ എല്ലാ ആഘോഷ പരിപാടികൾക്കും വിലങ്ങു തടിയായി. ഈ മഹാമാരി അവസാനിച്ചതിനു ശേഷം ആദിത്യന്റെ വിവാഹം നടത്താമെന്നായിരുന്നു ഞാൻ പദ്ധതിയിട്ടത്. എന്നാൽ ആദിത്യയ്ക്കും ശ്വേതയുടെ വീട്ടുകാർക്കും വിവാഹം എത്രയും വേഗം നടത്തണമെന്നു തന്നെയായിരുന്നു ആഗ്രഹം. അങ്ങനെയാണ് നിയന്ത്രണങ്ങൾക്കിടയിലും വിവാഹം നടത്തിയത്’.– ഉദിത് നാരായണൻ പറഞ്ഞു.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബോളിവുഡിലെ പ്രമുഖ താരങ്ങളെയുമുൾപ്പെടെ ആദിത്യയുടെ വിവാഹത്തിനു ക്ഷണിച്ചെന്ന കാര്യം ഉദിത് നാരായണൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കൾക്കു മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചുള്ളു. പ്രധാനമന്ത്രിയും അമിതാഭ് ബച്ചനും നവദമ്പതികൾക്ക് ആശംസകൾ നേർന്ന് കത്തുകൾ അയച്ചിരുന്നു. 

മോഹനി എന്ന നേപ്പാളി സിനിമയിലൂടെയാണ്  ആദിത്യ നാരായണ്‍ പിന്നണി ​ഗാനരം​ഗത്തേക്ക് എത്തുന്നത്. 1992ൽ രംഗീല എന്ന സിനിമയിൽ ബാലതാരമായും അഭിനയിച്ചിരുന്നു. പിന്നീട് ശാപിത് എന്ന ചിത്രത്തിലൂടെ നടനായും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിൽ നായികയായെത്തിയത് ശ്വേതയായിരുന്നു. ഈ പരിചയം പിന്നീട് പ്രണയത്തിലേയ്ക്കു വളരുകയും വിവാഹത്തിലെത്തുകയുമായിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...