'സ്മിത മകളാണോ?'; 'അല്ല, കുഞ്ഞായപ്പോള്‍ വിലയ്ക്കു വാങ്ങിയത്': വന്‍ വെളിപ്പെടുത്തല്‍

silk-smitha-antony-eastman-memory
SHARE

മരിച്ച് കാൽ നൂറ്റാണ്ടിനോടുക്കുമ്പോളും ജീവിച്ചിരുന്നതിനേക്കാൾ ആഘോഷിക്കപ്പെടുകയാണ് സിൽക്ക് സ്മിത. ഒരു പക്ഷേ, ജീവിച്ചിരുന്നതിനേക്കാൾ മരണശേഷമാണ് അവർ ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നതും. വിജയലക്ഷ്മി എന്ന പെൺകുട്ടിയെ സിൽക്ക് സ്മിതയെന്ന നടിയാക്കിയത് ഒരു മലയാളിയാണ്– ആന്റണി ഈസ്റ്റ്മാൻ. മരിക്കുംവരെ ആ സ്നേഹവും നന്ദിയും തന്നോട് ഉണ്ടായിരുന്നു എന്നു പറയുന്നു ആന്റണി. 

സിൽക്ക് സ്മിതയുടെ വ്യക്തിജീവിതത്തെക്കുറിച്ചും സിനിമാ ജിവിതത്തെക്കുറിച്ചും ആന്റണി മനോരമ ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തിൽ സംസാരിച്ചു. കോടമ്പാക്കത്തു നിന്ന് സ്മിതയെ കണ്ടെത്തിയതു മുതലുള്ള ഓർമകൾ ആന്റണി പങ്കുവെച്ചു.

ആന്റണിയുടെ വാക്കുകൾ:

''ഞാനൊരു സ്റ്റിൽ ഫോട്ടോഗ്രഫറായിരുന്നു. അന്ന് ഞാൻ പരിചയപ്പെട്ട രണ്ട് സുഹൃത്തുക്കൾ ആണ് കലൂർ ഡെന്നിസും ജോൺ പോളും. അങ്ങനെ ജോൺ പോളുമായി ആലോചിച്ച കഥയാണ് ഇണയെ തേടി. ശോഭയെ ആയിരുന്നു നായികയായി മനസിൽ കണ്ടത്. പക്ഷേ അതിനിടയിൽ ശോഭ മരിച്ചു. അങ്ങനെയാണ് പുതിയ നായികയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് തീരുമാനിക്കുന്നത്. 

അക്കാലത്ത് കോടമ്പാക്കത്ത് സിനിമയിൽ അഭിനയിക്കണം എന്ന ലക്ഷ്യത്തോടെ മക്കളെ അവിടെ കൊണ്ടുവന്ന് വീടെടുത്ത് താമസിക്കുന്ന കുടുംബങ്ങളുണ്ടായിരുന്നു. ഞങ്ങൾ അഞ്ചെട്ടുപേരുടെ വീട്ടില്‍ പോയി. മുഖത്ത് മേക്കപ്പ് ഇട്ടു വരരുതെന്ന് പെൺകുട്ടികളോട് പറഞ്ഞിരുന്നു. പക്ഷേ എല്ലാവരും മേക്കപ്പ് ഇട്ടാണ് ഫോട്ടോയ്ക്കായി വന്നത്. അങ്ങനെ വിഷമിച്ച് തിരിച്ചുപോകുന്ന വഴിയാണ് ഈ അടുത്തൊരു വീട്ടിൽ കുട്ടിയുണ്ടെന്ന് അറിയുന്നത്. വലിയ ഭംഗിയൊന്നും ഇല്ലെന്നും പറഞ്ഞു. അവിടെ ചെന്നപ്പോൾ ഒരു കൊട്ടക്കസേരയിൽ കുട്ടി ഇരിക്കുന്നത് കണ്ടു. അന്ന് കണ്ടപ്പോൾ തോന്നിയത് അവിടുത്തെ വേലക്കാരിയോ മറ്റോ ആണെന്നാണ്. ഇവിടെ സിനിമയിൽ അഭിയിക്കാൻ താൽപര്യമുള്ള കുട്ടി ഉണ്ടല്ലോ അവർ എവിടെയെന്ന് ചോദിച്ചു. ''അത് നാൻ താൻ, പുടിച്ചിതാ'' എന്ന് അവർ തന്നെ തിരിച്ചു ചോദിച്ചു.

അത് പിന്നീട് പറയാമെന്നു ഞാൻ പറഞ്ഞു. വേറെ ആരും കൂടെ ഇല്ലേ എന്നു ചോദിച്ചപ്പോൾ , അമ്മ പച്ചക്കറി മേടിക്കാൻ പുറത്തുപോയതാണെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ അമ്മ വന്നു.  മേക്കപ്പ് ഇല്ലാതെ െവറുതെ വെള്ളം കൊണ്ട് മുഖം തുടച്ചുൂ വരാൻ പറ​ഞ്ഞു. അവരുടെ ഫോട്ടോ എടുത്ത് തിരിച്ചുപോയി.  പ്രിന്റ് എടുത്തു കഴിഞ്ഞപ്പോൾ കണ്ണികൾക്ക് എന്തോ ആകർഷകത്വം ഒക്കെ ഉള്ളതായി തോന്നി. ഈ പെൺകുട്ടിയെ തന്നെ എല്ലാവർക്കും ഇഷ്ടമായി.

പിറ്റേ ദിവസം അവരുടെ വീട്ടിലെത്തി സിനിമയിൽ തിരഞ്ഞെടുത്ത വിവരം അറിയിച്ചു. അമ്മയ്ക്കും മകൾക്കും ഒരുപാട് സന്തോഷമായി. മകളുടെ പേര് ചോദിച്ചപ്പോൾ അമ്മ പറഞ്ഞ പേര് വിജയമാല എന്നാണ്. വിജയമാല എന്ന പേരു വേണ്ട വേറെ പേര് ഞാൻ തന്നെ കണ്ടുപിടിച്ചോളാമെന്ന് പറഞ്ഞു.  സ്മിത പാട്ടിൽ ഹിന്ദിയിൽ തിളങ്ങി നിന്നിരുന്ന സമയമായിരുന്നു അത്. അങ്ങനെ അവൾക്ക് സ്മിത എന്നു പേരിട്ടു. സിനിമാമാസികകളിലെല്ലാം പുതുമുഖ നടി സ്മിത എന്നാണ് എഴുതിയത്.

സിനിമയിൽ ഞങ്ങൾ നമ്മൾ പറയുന്നതുപോലെ തന്നെ അഭിനയിച്ചു. പിന്നീട് വിനു ചക്രവർത്തി ചെയ്ത സിനിമയിൽ എത്തി. അതിലെ സിൽക്ക്, സിൽക്ക് എന്ന പാട്ടിൽ അഭിനയിച്ചതോടെ പേരിൽ സിൽക്ക് എന്നു കൂടി ചേർന്നു. കമൽഹാസൻ നായകനായി എത്തിയ മൂന്നാം പിറൈ ആണ് സിൽക്കിന്റെ ജീവിതം മാറ്റിമറിച്ചത്.

വലിയ നടിയായ ശേഷവും മരണം വരെ എന്നെ മറന്നിട്ടില്ല. പല അഭിമുഖങ്ങളിലും എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.  എന്റെ സുഹൃത്ത് ശിവൻ സിനിമ സംവിധാനം ചെയ്യുന്ന സമയം. മദ്രാസിലെ സ്റ്റുഡിയോയിലാണ് ഷൂട്ട്. ഞാനു ഒപ്പം പോയി. എന്ന് സ്മിതയുടെ മിസ്റ്റര്‍ പാണ്ഡ്യൻ എന്ന സിനിമയും അവിടെയാണ് ഷൂട്ട്. ഇതറിഞ്ഞ ശിവന് സ്മിതയെ കാണണം. എന്നോട് ഇക്കാര്യം പറഞ്ഞു. ശിവന്റെ നിർബന്ധത്തിൽ ഞാൻ ചെന്നു. എന്നെ കണ്ട പാടെ അവൾ ഓടി വന്ന് എന്റെ കൈ പിടിച്ചു കൊണ്ടുപോയി കസേര ഇട്ടു ഇരുത്തി. രജനികാന്ത് തൊട്ടടുത്ത് ഇരിപ്പുണ്ട്. അതായിരുന്നു അവളുടെ സ്നേഹം.

ആ സമയത്താണ് സിൽക് സ്മിതയുടെ ഡേറ്റ് ആവശ്യപ്പെട്ട് കലൂർ െഡന്നിസ് എന്നെ വിളിക്കുന്നത്. ഞാനും ചേർന്ന് നിർമിക്കാം എന്നായിരുന്നു ധാരണ. അന്ന് ഒരു ഡാൻസിന് ലക്ഷങ്ങളാണ് സ്മിതയുടെ പ്രതിഫലം. അങ്ങനെയുള്ള ഒരാൾ ഞാൻ പറഞ്ഞാൽ അഭിനയിക്കുമോ എന്നായിരുന്നു എന്റെ സംശയം. എന്നാൽ ഡെന്നിസിന് ഉറപ്പുണ്ടായിരുന്നു. സിൽക്കിന് അന്ന് ഊട്ടിയിൽ ഒരു സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ട്. അവിടെ പോയി കാണാൻ തീരുമാനിക്കുന്നു. അവർ താമസിക്കുന്ന ഹോട്ടലിൽ മുറിയെടുത്തു. തിരക്കായതിനാൽ പെട്ടന്നു കാണാനായില്ല. ഞാൻ ഇവിടെ ഉണ്ടെന്ന കാര്യം ഹോട്ടലിലെ റിസപ്ഷനിൽ പറഞ്ഞ് ഏൽപിച്ചു. രാത്രി ഷൂട്ട് കഴിഞ്ഞെത്തിയപ്പോൾ എന്നെ വിളിച്ചു. ഞാൻ ഇവിടെ ഉണ്ടെന്നറിഞ്ഞ് സ്മിതയ്ക്ക് എന്നെ വിളിച്ചു. വന്ന കാര്യം ഞാൻ അവതരിപ്പിച്ചു. ഇപ്പോൾ മേടിക്കുന്ന പ്രതിഫലം അത് എത്രയാണെങ്കിലും അതു തന്നെ തരാമെന്നും പറഞ്ഞു. എന്നാൽ എന്റെ പടമായതിനാൽ കാശു വേണ്ടെന്നും ഷൂട്ട് തുടങ്ങുന്ന തിയതി മാത്രം പറഞ്ഞാൽ മതിയെന്നുമാണ് സ്മിത പറഞ്ഞത്. ഒരുപാട് നിർബന്ധിച്ചപ്പോളാമ് പണം വാങ്ങാമെന്ന് സമ്മതിച്ചത്. 

അവസാനം അവളെ കാണുന്നത് 1995ൽ മദ്രാസിൽ വച്ചാണ്. അന്ന് ഞാൻ അവളെ കുറേ ഉപദേശിച്ചു. ആർഭാടമൊന്നുമില്ലെങ്കിലും സ്വന്തമായി വീടും ബാങ്ക് ബാലൻസും വേണമെന്നു പറഞ്ഞു. പൈസ മുഴുവൻ ഡോക്ടർ എന്നു പറയുന്ന ഒരാൾ ബിസിനസിൽ ഇറക്കിയിരിക്കുകയാണെന്നു പറഞ്ഞു. ഈ സൗന്ദര്യവും സിനിമയും ഒന്നും എല്ലാക്കാലവും ഉണ്ടാകില്ലെന്നും അന്ന് മറ്റാരും കൂടെയുണ്ടാവില്ലെന്നും ഞാൻ പറഞ്ഞു. പറഞ്ഞുകഴിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതാണ് കണ്ടത്.  അന്ന് അവൾ കുറേ കരഞ്ഞു. അന്നാണ് ഞങ്ങൾ തമ്മിൽ അവസാനമായി കണ്ടത്. 

സ്മിതയുടെ അമ്മയായി പരിചയപ്പെടുത്തിയ യുവതി യഥാർ‌ഥത്തില്‍ ഇവരുടെ അമ്മ അല്ലായിരുന്നു എന്നും ആന്റണി പറയുന്നു. അക്കാര്യം ഞാൻ അവരോട് തന്നെ ചോദിച്ചിട്ടുണ്ട്. ‘ഒരു വയസ്സുള്ളപ്പോൾ സ്മിതയെ താൻ വിലക്ക് വാങ്ങിയതാണ്'' എന്നാണ് അവർ പറഞ്ഞത്. എന്തിനാണ് വാങ്ങിയതെന്ന് ഞാൻ ചോദിച്ചിട്ടില്ല'.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...