ആ 7 പയ്യന്മാര്‍; ലോകം മുഴുവന്‍ ആരാധകര്‍; 'ബിടിഎസി'ന്റെ വിജയകഥ

bts-thump
SHARE

ലോകം മുഴുവൻ ആരാധകരുള്ള ഒരു സംഗീത ബാന്റ്. ബിടിഎസ് എന്ന പേര് ഇപ്പോൾ യുവാക്കൾക്ക് ഹരമായി മാറിയിരിക്കുകയാണ്. ഈ ദശാബ്ദത്തിലെ ഏറ്റവും ഹിറ്റ് ബാന്റുകളിൽ ഒന്നാണ് ബിടിഎസ് എന്ന കൊറിയൻ പോപ്പ് ബാന്റ്. ലോക വ്യാപകമായി ഭാഷാ ഭേദമില്ലാതെ ബിടിഎസിന് കോടിക്കണക്കിന് ആരാധകരാണ് ഉള്ളത്. 2019-ൽ ലോകത്തിലെ ഏറ്റവും സ്വാധീനം ഉള്ള വ്യക്തികളുടെ ലിസ്റ്റില്‍ ബിടിഎസ് ഉണ്ട് . ബിടിഎസ് ആൽബങ്ങളുടെ ബീറ്റ്സ് ആരെയും ചുവടുവയ്പ്പിക്കും എന്നാണ് ആരാധകർ പറയുന്നത്. വിഡിയോ കാണാം. 

ബാംഗ്താൻ സൊന്യോന്ദാൻ അഥവാ BULLET PROOF BOY SCOUTS എന്നാണ് ബിടിഎസിന്റെ പൂർണരൂപം. ബിടിഎസിന്റെ ഏറ്റവും പുതിയ മ്യൂസിക് ആൽബം LIFE GOES ON പുതിയ റെക്കോഡ് സൃഷ്ടിച്ച് മുന്നേറുകയാണ്. ട്രെൻഡിങ് പട്ടികയിൽ ഇടംപിടിക്കാത്ത ബിടിഎസിന്റെ ഒരു മ്യൂസിക് വിഡിയോയും ഇല്ല എന്നു തന്നെ പറയാം. എന്നാൽ ഈ ലോകപ്രശസ്ത ബാൻഡിന് പിന്നിൽ വലിയ കഥയുണ്ട്. ദാരിദ്യത്തിന്റെ, കഷ്ടപ്പാടിന്റെ, കഠിനാധ്വാനത്തിന്റെ, ആത്മസമർപണത്തിന്റെ, സൗഹൃദത്തിന്റെ, വിജയത്തിന്റെ കഥ. 

2010-ൽ BIG HITS ENTERTAINMENTS എന്ന കമ്പനിയാണ് ബിടിഎസ് ബാന്റ് രൂപീകരിക്കുന്നത്.  ഓഡിഷൻ വഴിയാണ് അംഗങ്ങളെ കണ്ടെത്തിയത്. തെരുവിൽ നൃത്തം ചെയ്തവര്‍, അണ്ടർഗ്രൗണ്ട് റാപ്പർമാർ, വിദ്യാർഥികൾ എന്നിവരില്‍ നിന്നുമൊക്കെയാണ് ഇവരെ കണ്ടെത്തിയത്. കിം നം ചുൻ ആണ് തലവൻ. ആർ എം എന്നാണ് അറിയപ്പെടുന്നത്‍. കിം സൊക് ചിൻ, മിൻ യുൻ കി, ചങ് ഹൊ സൊക്, ബാക് ചി മിൻ, കിം തെ ഹ്യോങ്, ചോൻ ചങ് കൂക്ക് എന്നിവരാണ് ബാന്റിലെ അംഗങ്ങള്‍. കൊറിയൻ പേരുകളാണ്. ഉച്ചാരണം ഇങ്ങനെയാണോ എന്ന് നിശ്ചയമില്ല. 

2013-ലാണ് ഏഴംഗ ‍ടീം ആദ്യമായി കാണികൾക്ക് മുന്നിലെത്തുന്നത്. NO MORE DREAM എന്ന ഗാനവുമായി... ആൽബം 'TO KOOL FOR SKOOL'. ബിടിഎസിന്റെ തുടക്കം അത്ര സുഗമം ഒന്നുമായിരുന്നില്ല. കമ്പനി സാമ്പത്തികമായി വളരെ പിന്നിലായിരുന്നു. ഈ ഏഴ് ആൺകുട്ടികൾ കയ്യിലുള്ള ചെറിയ പണം പങ്കിട്ട് എടുത്താണ് സെറ്റും അഭിനേതാക്കളെയും ഒക്കെ സംഘടിപ്പിച്ചിരുന്നത്. പിന്നീട് മേക്ക് അപ്പ് ഇടുന്നില്ല എന്ന് പറഞ്ഞ് തരംതാഴ്ത്തലുകളുണ്ടായി. അവതരിപ്പിച്ച പല പരിപാടികളും വെട്ടിച്ചുരുക്കി സംപ്രേഷണം ചെയ്തു. പലതും സംപ്രേഷണം ചെയ്യാതെയിരുന്നു. അനുകരണം മാത്രമെന്ന് പറഞ്ഞും അധിക്ഷേപം. ഇതിനെയെല്ലാം അതിജീവിക്കാനുള്ള ബിടിഎസിന്റെ ശ്രമത്തെ തടയാനായി BREAK WINGS എന്ന പ്രൊജക്റ്റ് പോലും തുടങ്ങുകയുണ്ടായി. പക്ഷേ ഇതൊന്നും തളർത്താതെയുള്ള തിരിച്ചു വരവ്. കഴിഞ്ഞ 5 വർഷക്കാലംകൊണ്ട് ലോകം ബിടിഎസിന്റെ ആരാധകരായി മാറുകയായിരുന്നു. 

2018-ൽ മൂന്നാമത്തെ മുഴുനീള സീരീസ്- LOVE YOURSELF- TEARS യുഎസിലെ ഏറ്റവും പ്രചാരമേറിയ മ്യൂസിക്കൽ സീരീസായി മാറി. പിന്നീട് LOVE YOURSELF-ANSWER, MAP OF THE SOUL. ലോകം മുഴുവൻ ആരാധർ അനുദിനം വളർന്നുകൊണ്ടിരുന്നു. കൊറിയൻ, ജാപ്പനീസ് ഭാഷകളിലാണ് ആൽബങ്ങൾ ഒരുക്കിയത്. ലോകം കോവിഡ് മഹാമാരിയിൽ വലയാൻ തുടങ്ങിയപ്പോൾ പുറത്തിറങ്ങിയ DYNAMITE റെക്കോഡുകളെ എല്ലാം ഭേദിച്ചു. 24 മണിക്കൂർകൊണ്ട് 100 മില്യൺ കാഴ്ചക്കാർ. ഓഗസ്റ്റിലായിരുന്നു റിലീസ്.  കോവിഡ് വ്യാപനത്തോടെ സ്തംഭിച്ചു നിൽക്കുന്ന സംഗീത മേഖലയെയും കലാകാരന്മാരെയും ഉത്തേജിപ്പിക്കാനും സഹായിക്കാനുമായാണ് ബിടിഎസ് ഡൈനാമൈറ്റ് പുറത്തിറക്കിയത്. 

ഏഷ്യൻ രാജ്യങ്ങൾക്ക് പുറമേ അമേരിക്കയും യുറോപ്പും ബിടിഎസിനെ സ്വീകരിച്ചതാണ് ലോകവ്യാപക വളർച്ചയ്ക്ക് കാരണമായത്. സോഷ്യൽ മീഡിയയുടെ വളര്‍ച്ചയാണ് സമ്പൂർണ വിജയം നേടിക്കൊടുത്തതെന്ന് ബിടിഎസ് ടീം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കാരണം സോഷ്യൽ മീഡിയ ഇത്രമാത്രം സജീവമല്ലാത്ത കാലത്ത് അതിന്റെ സാധ്യതകളെ പരമാവധി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. മാറ്റങ്ങളെ തിരച്ചറിഞ്ഞ് എല്ലാ പ്ലാറ്റ്ഫോമുകളിലും സാന്നിധ്യം അറിയിച്ചു. പാട്ടും നൃത്തവും ചിട്ടപ്പെടുത്തുന്നതും, ആൽബം സംവിധാനം ചെയ്യുന്നതുമെല്ലാം ഇവർ തന്നെയാണ്. 

ബിടിഎസ് അംഗങ്ങൾ കരിയറിന്റെ തുടക്കത്തില്‍ ദക്ഷിണ കൊറിയയിലെ തിങ്ങി നിറഞ്ഞ ഒരു അപ്പാർട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നത്. ഏഴ് പേരും ഒരുമിച്ചായിരുന്നു താമസം. ഇപ്പോൾ തലസ്ഥാനമായ സിയോളിൽ ഇവർക്കായി ആഢംബര അപ്പാർട്ട്മെന്റാണ് ഉള്ളത്. രാജ്യത്തെ തന്നെ ഏറ്റവും ധനികർ താമസിക്കുന്നയിടത്ത് . തുടക്കത്തിൽ തുടങ്ങിയ ആത്മബന്ധം ഈ 7 പേർക്കിടയിലും അതേ ഊഷ്മളതയോടെ നിലനിൽക്കുന്നു. ഇന്നും ഇവർ താമസിക്കുന്നതും പ്രാക്ടീസ് ചെയ്യുന്നതുമെല്ലാം ഒരുമിച്ച് തന്നെയാണ്.  ബിടിഎസ് ബാന്റിന്റെ ആരാധകര്‍ ആര്‍മി എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിലും ബിടിഎസ് ആർമിയില്‍ നിരവധി അംഗങ്ങളുണ്ട്. പെൺകുട്ടികളാണ് ആരാധകരിലേറെയും. 

ഇനിയും റെക്കോഡുകൾ ഭേദിച്ച് മുന്നേറാൻ ഈ ഏഴ് പയ്യന്മാർ വരും. അത് ലോകം കാത്തിരിക്കും. അവർക്കൊപ്പം ചുവടുവയ്ക്കും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...